എഎപി സ്ഥാനാര്‍ത്ഥിയായിരുന്ന 23കാരി ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍; ലിവ് ഇന്‍ പങ്കാളിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം
വിവാഹിതനായ അസ്ലം ഹുസൈന്‍ സമ എന്നയാളോടൊപ്പം കഴിഞ്ഞ ഒരു വര്‍ഷമായി നന്ദിനി ലിവ്-ഇന്‍ ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നന്ദിനിയെ ലിവ്-ഇന്‍ പങ്കാളി കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.
യുവതിയെ വാടകയ്ക്ക് താമസിക്കുന്ന ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ലിവ് ഇന്‍ പങ്കാളിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. 23 കാരിയായ നന്ദിനി ബൊസാമിയയെ ആണ് രാജ്‌കോട്ടിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുജറാത്തിലെ ജേത്പൂര്‍ നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എഎപി സ്ഥാനാര്‍ത്ഥിയായി നന്ദിനി മത്സരിച്ചിരുന്നു. നന്ദിനി ജീവനൊടുക്കിയതാണ് എന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം നന്ദിനിയെ ലിവ്-ഇന്‍ പങ്കാളി കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.
വിവാഹിതനായ അസ്ലം ഹുസൈന്‍ സമ എന്നയാളോടൊപ്പം കഴിഞ്ഞ ഒരു വര്‍ഷമായി നന്ദിനി ലിവ്-ഇന്‍ ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അസ്ലം ജുനാഗഢിലുള്ള ഭാര്യയെ കാണാന്‍ ഇടയ്ക്കിടെ പോകുന്നത് നന്ദിനിയെ വിഷമിപ്പിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രാജ്കോട്ട് സിറ്റി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നന്ദിനി മാനസിക വിഷമത്തിലായിരുന്നെന്നും ഇതാകാം കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചതെന്നും അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ബി ജെ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
മരണത്തിന് തൊട്ടുമുമ്പ് നന്ദിനി തന്റെ അനിയത്തിക്ക് വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നതായി പൊലീസ് പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് ഈ തീരുമാനമെടുക്കുന്നതെന്നും മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും സന്ദേശത്തില്‍ ഉണ്ടായിരുന്നു. നന്ദിനിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോള്‍ റെക്കോര്‍ഡുകളും കുടുംബാംഗങ്ങളുടെ മൊഴികളും പൊലീസ് പരിശോധിച്ചു വരികയാണ്.