ഭീകരാക്രമണത്തിന് 18 വർഷം: അജ്മൽ കസബിന് വേണ്ടി വാദിച്ച അഭിഭാഷകർക്ക് ഇന്നും പ്രതിഫലം ലഭിച്ചില്ല

രാജ്യത്തെ നടുക്കിയ 26/11 മുംബൈ ഭീകരാക്രമണം നടന്ന് 18 വർഷം പിന്നിടുമ്പോഴും, ജീവനോടെ പിടികൂടിയ ഏക പാകിസ്ഥാൻ ഭീകരൻ അജ്മൽ കസബിന് വേണ്ടി കോടതിയിൽ ഹാജരായ രണ്ട് അഭിഭാഷകർക്ക് വാഗ്ദാനം ചെയ്ത പ്രതിഫലം ഇന്നും ലഭിച്ചില്ല. മഹാരാഷ്ട്ര സർക്കാർ നിയമിച്ച അഭിഭാഷകരായ അമീൻ സോൾക്കർ, ഫർഹാന ഷാ എന്നിവരാണ് വർഷങ്ങൾക്കിപ്പുറവും തങ്ങളുടെ കുടിശ്ശികയ്ക്കായി കാത്തിരിക്കുന്നത്.

 

മുംബൈ: രാജ്യത്തെ നടുക്കിയ 26/11 മുംബൈ ഭീകരാക്രമണം നടന്ന് 18 വർഷം പിന്നിടുമ്പോഴും, ജീവനോടെ പിടികൂടിയ ഏക പാകിസ്ഥാൻ ഭീകരൻ അജ്മൽ കസബിന് വേണ്ടി കോടതിയിൽ ഹാജരായ രണ്ട് അഭിഭാഷകർക്ക് വാഗ്ദാനം ചെയ്ത പ്രതിഫലം ഇന്നും ലഭിച്ചില്ല. മഹാരാഷ്ട്ര സർക്കാർ നിയമിച്ച അഭിഭാഷകരായ അമീൻ സോൾക്കർ, ഫർഹാന ഷാ എന്നിവരാണ് വർഷങ്ങൾക്കിപ്പുറവും തങ്ങളുടെ കുടിശ്ശികയ്ക്കായി കാത്തിരിക്കുന്നത്.

വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ കസബ് സമർപ്പിച്ച അപ്പീലിൽ ബോംബെ ഹൈക്കോടതിയിൽ ഒൻപത് മാസത്തോളം വാദിച്ച അഭിഭാഷകരാണിവർ. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം 2010 ജൂൺ എട്ടിന് മഹാരാഷ്ട്ര സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയാണ് (MSLSA) ഇവരെ നിയമിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് തുല്യമായ വേതനം അമീൻ സോൾക്കർക്കും, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് തുല്യമായ വേതനം ഫർഹാന ഷായ്ക്കും നൽകണമെന്നായിരുന്നു അന്നത്തെ ഉത്തരവ്. പ്രതിദിനം 1,500 മുതൽ 2,000 രൂപ വരെയാണ് ഇതിലൂടെ ലഭിക്കേണ്ടിയിരുന്നത്.

മറ്റ് കേസുകൾ മാറ്റിവെച്ച് ഒൻപത് മാസത്തോളം കസബിന് വേണ്ടി ഹാജരായിട്ടും നടപടികൾ പൂർത്തിയായി 15 വർഷത്തിലേറെ കഴിഞ്ഞിട്ടും ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ പറയുന്നു. വിഷയത്തിൽ അധികൃതരെ സമീപിക്കുമ്പോഴെല്ലാം ഹാജരായ തീയതികളും മണിക്കൂറുകളും വ്യക്തമാക്കുന്ന വിശദമായ ബില്ലുകൾ സമർപ്പിക്കാനാണ് ലീഗൽ സർവീസസ് അതോറിറ്റി ആവശ്യപ്പെടുന്നത്. വർഷങ്ങൾക്ക് ശേഷം ഇത്തരം രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നത് അപ്രായോഗികമാണെന്നും, നിയമന ഉത്തരവിലെ വ്യവസ്ഥ പ്രകാരം സർക്കാരിന് കുടിശ്ശിക തീർക്കാവുന്നതേയുള്ളൂവെന്നും അമീൻ സോൾക്കർ ചൂണ്ടിക്കാട്ടി.

അതേസമയം, വിചാരണക്കോടതിയിൽ കസബിന് വേണ്ടി ഹാജരായ അഭിഭാഷകൻ അബ്ബാസ് കാസ്മിക്ക് വിചാരണ പൂർത്തിയായ ഉടൻ തന്നെ സർക്കാർ പ്രതിഫലം നൽകിയിരുന്നു. 2011 ഫെബ്രുവരിയിൽ ബോംബെ ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും കസബിന്റെ വധശിക്ഷ ശരിവെച്ചതിനെ തുടർന്ന് 2012 നവംബർ 21-ന് പൂനെ യെർവാദ ജയിലിൽ വെച്ച് കസബിനെ തൂക്കിലേറ്റിയിരുന്നു.