17-കാരിയായ അണ്ടർ-19 ക്രിക്കറ്റ് താരം ജീവനൊടുക്കി; യുവാക്കളുടെ ശല്യമെന്ന് കുടുംബം, രണ്ടുപേർ കസ്റ്റഡിയിൽ
ബിസിസിഐ അണ്ടർ-19 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 17 വയസ്സുകാരിയായ ക്രിക്കറ്റ് താരം നന്ദിനിയെ തെലങ്കാനയിലെ വികാരാബാദിലുള്ള മുത്തശ്ശിയുടെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പഠനത്തിനും ക്രിക്കറ്റ് പരിശീലനത്തിനുമായി വികാരാബാദ് ടൗണിലെ മധു കോളനിയിലുള്ള മുത്തശ്ശിയോടൊപ്പമായിരുന്നു നന്ദിനി താമസിച്ചിരുന്നത്. പ്രാദേശിക യുവാക്കളായ അനിൽ, കൃഷ്ണ എന്നിവരുടെ നിരന്തരമായ ശല്യമാണ് മരണത്തിന് കാരണമെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.
ഹൈദരാബാദ്: ബിസിസിഐ അണ്ടർ-19 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 17 വയസ്സുകാരിയായ ക്രിക്കറ്റ് താരം നന്ദിനിയെ തെലങ്കാനയിലെ വികാരാബാദിലുള്ള മുത്തശ്ശിയുടെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പഠനത്തിനും ക്രിക്കറ്റ് പരിശീലനത്തിനുമായി വികാരാബാദ് ടൗണിലെ മധു കോളനിയിലുള്ള മുത്തശ്ശിയോടൊപ്പമായിരുന്നു നന്ദിനി താമസിച്ചിരുന്നത്. പ്രാദേശിക യുവാക്കളായ അനിൽ, കൃഷ്ണ എന്നിവരുടെ നിരന്തരമായ ശല്യമാണ് മരണത്തിന് കാരണമെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.
പ്രണയമെന്ന വ്യാജേന അനിൽ പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തിയിരുന്നതായും, കൃഷ്ണ ഇതിന് കൂട്ടുനിന്നതായുമാണ് ബന്ധുക്കളുടെ പരാതി. പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ആരോപണവിധേയരായ രണ്ട് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
നന്ദിനിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത പൊലീസ്, ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് അക്കൗണ്ടുകൾ പരിശോധിച്ച് സോഷ്യൽ മീഡിയ വഴി ശല്യപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് ഉറപ്പാക്കുമെന്നും, കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ നീതി തേടി കുടുംബാംഗങ്ങളും നാട്ടുകാരും വികാരാബാദിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു