14കാരനായ മകൻ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു; അമ്മ നദിയില്‍ ചാടി ജീവനൊടുക്കി
ഉത്തരാഖണ്ഡിലെ പിത്തോരാഗഡ് ജില്ലയില്‍ 14 വയസ്സുള്ള മകന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ അമ്മയും ജീവനൊടുക്കി.ശനിയാഴ്ച രാവിലെ ആറുമണിയോടെ 14കാരനായ ജതിൻ ജോഷി ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു
ഏകമകന്റെ മരണത്തില്‍ തകർന്ന പൂനം കടുത്ത മാനസികാഘാതത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഉത്തരാഖണ്ഡിലെ പിത്തോരാഗഡ് ജില്ലയില്‍ 14 വയസ്സുള്ള മകന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ അമ്മയും ജീവനൊടുക്കി.ശനിയാഴ്ച രാവിലെ ആറുമണിയോടെ 14കാരനായ ജതിൻ ജോഷി ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അമ്മ പൂനം ജോഷി ജതിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രാഥമിക പരിശോധനയില്‍ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് സൂചന.
ഏകമകന്റെ മരണത്തില്‍ തകർന്ന പൂനം കടുത്ത മാനസികാഘാതത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിന് പകരം ഗംഗോലിഹാറ്റിലേക്ക് പോകുകയായിരുന്ന ടാക്സിയില്‍ അവർ കയറി. ഏകദേശം 30 കിലോമീറ്റർ അകലെ ഘട്ടിന് സമീപത്തെത്തിയപ്പോള്‍ വാഹനം നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ട ശേഷം അവർ സരയൂ നദിയിലേക്ക് ചാടുകയായിരുന്നു.
ടാക്സി ഡ്രൈവറും നാട്ടുകാരും ഉടൻ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസും സംസ്ഥാന ദുരന്തനിവാരണ സേനയായ എസ്.ഡി.ആർ.എഫും ചേർന്ന് നടത്തിയ തിരച്ചിലില്‍ പൂനത്തിന്റെ മൃതദേഹം നദിയില്‍നിന്ന് കണ്ടെത്തി.
രണ്ട് വർഷം മുമ്പ് മകളുടെ മരണവും പൂനത്തിന് നേരിടേണ്ടിവന്നിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. മകന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെയുണ്ടായ അമ്മയുടെ മരണവും കുടുംബത്തെ തകർത്തിരിക്കുകയാണ്.