'മരണാനന്തര ചടങ്ങു'കള്‍ക്കിടെ 103-കാരിക്ക് പുനര്‍ജന്മം; അന്ത്യയാത്ര മാറ്റിവെച്ച് ജന്മദിനം ആഘോഷിച്ച് ബന്ധുക്കള്‍
സിനിമകളെ വെല്ലുന്ന സംഭവവികാസങ്ങള്‍ക്കാണ് മഹാരാഷ്ട്രയിലെ നാഗ്‌പുർ സാക്ഷ്യം വഹിച്ചത്.മരിച്ചെന്ന് കരുതി സംസ്കാര ചടങ്ങുകള്‍ക്കായി എത്തിയ ബന്ധുക്കള്‍ ഒടുവില്‍ വയോധികയുടെ 103-ാം ജന്മദിനം ആഘോഷിച്ച് മടങ്ങിയ അപൂർവ്വ സംഭവമാണ് രാംടേക്കില്‍ നടന്നത്. ഗംഗാഭായി സഖാരെ എന്ന 103 വയസ്സുകാരിയാണ് ഇപ്പോള്‍ ഗ്രാമത്തിലെ 'ജീവിക്കുന്ന അത്ഭുതം'.
ശരീരം സംസ്കരിക്കുന്നതിനായി എടുക്കാൻ തുടങ്ങുമ്പോഴാണ് ചെറുമകനായ രാകേഷ് സഖാരെ വയോധികയുടെ ശരീരത്തില്‍ നേരിയ ചലനം ശ്രദ്ധിക്കുന്നത്.
മഹാരാഷ്ട്ര: സിനിമകളെ വെല്ലുന്ന സംഭവവികാസങ്ങള്‍ക്കാണ് മഹാരാഷ്ട്രയിലെ നാഗ്‌പുർ സാക്ഷ്യം വഹിച്ചത്.മരിച്ചെന്ന് കരുതി സംസ്കാര ചടങ്ങുകള്‍ക്കായി എത്തിയ ബന്ധുക്കള്‍ ഒടുവില്‍ വയോധികയുടെ 103-ാം ജന്മദിനം ആഘോഷിച്ച് മടങ്ങിയ അപൂർവ്വ സംഭവമാണ് രാംടേക്കില്‍ നടന്നത്. ഗംഗാഭായി സഖാരെ എന്ന 103 വയസ്സുകാരിയാണ് ഇപ്പോള്‍ ഗ്രാമത്തിലെ 'ജീവിക്കുന്ന അത്ഭുതം'.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. വാർദ്ധക്യ സഹജമായ അവശതകളിലായിരുന്ന ഗംഗാഭായിയുടെ ശരീര ചലനങ്ങള്‍ പെട്ടെന്ന് നിലയ്ക്കുകയായിരുന്നു. അനക്കമില്ലാതായതോടെ ഗംഗാഭായി മരിച്ചതായി ബന്ധുക്കള്‍ കണക്കാക്കി. തുടർന്ന് മരണവിവരം ബന്ധുക്കളെയും നാട്ടുകാരെയും അറിയിക്കുകയും അന്ത്യകർമ്മങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുകയും ചെയ്തു.
ആചാരപ്രകാരം ഗംഗാഭായിയെ പുതിയ സാരി ധരിപ്പിച്ചു. കൈകാലുകള്‍ കെട്ടിവയ്ക്കുകയും മൂക്കില്‍ പഞ്ഞി തിരുകുകയും ചെയ്തു. വിവരം അറിഞ്ഞ് ദൂരസ്ഥലങ്ങളില്‍ നിന്നുള്ള ബന്ധുക്കള്‍ അടക്കം നിരവധിപ്പേർ അന്ത്യാഞ്ജലി അർപ്പിക്കാനായി വീട്ടിലേക്ക് എത്തിച്ചേർന്നു. ദുഃഖസാന്ദ്രമായ അന്തരീക്ഷത്തില്‍ സംസ്കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി.
ശരീരം സംസ്കരിക്കുന്നതിനായി എടുക്കാൻ തുടങ്ങുമ്പോഴാണ് ചെറുമകനായ രാകേഷ് സഖാരെ വയോധികയുടെ ശരീരത്തില്‍ നേരിയ ചലനം ശ്രദ്ധിക്കുന്നത്. സൂക്ഷിച്ചു നോക്കിയപ്പോള്‍ കാല്‍വിരലുകള്‍ അനങ്ങുന്നതായി കണ്ടു. ഉടൻതന്നെ രാകേഷ് മറ്റുള്ളവരെ വിവരമറിയിക്കുകയും ഗംഗാഭായിയുടെ മൂക്കില്‍ വെച്ചിരുന്ന പഞ്ഞി എടുത്തുമാറ്റുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം ഗംഗാഭായി ശ്വാസമെടുക്കാൻ തുടങ്ങി.
മരണവീട് നിമിഷനേരം കൊണ്ട് സന്തോഷത്തിന്റെ വേദിയായി മാറി. ഗംഗാഭായിക്ക് ബോധം തെളിഞ്ഞതോടെ, വരുത്തിച്ച ശവപ്പെട്ടി ബന്ധുക്കള്‍ ഉടൻ തന്നെ തിരിച്ചയച്ചു. ഇതിനിടയിലാണ് അന്നേ ദിവസം ഗംഗാഭായിയുടെ ജന്മദിനമാണെന്ന കാര്യം ബന്ധുക്കളിലൊരാള്‍ ഓർമ്മപ്പെടുത്തിയത്. 103-ാം വയസ്സില്‍ ലഭിച്ച ഈ 'പുനർജന്മം' ആഘോഷമാക്കാൻ കുടുംബം തീരുമാനിച്ചു.
തുടർന്ന് കേക്ക് വാങ്ങി മുറിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. കണ്ണീരോടെ എത്തിയ ബന്ധുക്കളും നാട്ടുകാരും ചിരിച്ച മുഖത്തോടെയും വയറുനിറയെ കേക്ക് കഴിച്ചുമാണ് ഒടുവില്‍ മടങ്ങിയത്. രണ്ടാം ജന്മം ലഭിച്ച ഗംഗാഭായിയെ കാണാൻ ഇപ്പോള്‍ അയല്‍ ഗ്രാമങ്ങളില്‍ നിന്നുപോലും നിരവധിപ്പേരാണ് രാംടേക്കിലെ വീട്ടിലേക്ക് എത്തുന്നത്.