ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 100 ശതമാനം നികുതിയിളവ്, അഗ്‌നിവീരര്‍ക്ക് 20 ശതമാനം സംവരണം; ഹരിയാന മുഖ്യമന്ത്രി
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 100 ശതമാനം നികുതിയിളവ്, അഗ്‌നിവീരര്‍ക്ക് 20 ശതമാനം സംവരണം; ഹരിയാന മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അഗ്‌നിപഥ് പദ്ധതി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം ഏര്‍പ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു
നിര്‍ണായക തീരുമാനങ്ങളുമായി ഹരിയാനയില്‍ മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് സമ്പൂര്‍ണ നികുതിയിളവ് നല്‍കാനും അഗ്‌നിപഥ് പദ്ധതി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം ഏര്‍പ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ സംസ്ഥാനത്ത് ഇലക്ട്രിക് വാഹന നയത്തിനും അഗ്‌നിവീരര്‍ക്കുള്ള പിന്തുണയ്ക്കും വലിയ പ്രോത്സാഹനമാകും. പുതിയ തീരുമാനപ്രകാരം, 30 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ വാങ്ങുമ്പോള്‍ മോട്ടോര്‍ വാഹന നികുതി പൂര്‍ണമായും ഒഴിവാകും. വിജ്ഞാപനം പുറത്തിറങ്ങുന്ന തീയതി മുതല്‍ ഈ നയം പ്രാബല്യത്തില്‍ വരും. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ശ്രദ്ധേയമായ മറ്റൊരു നീക്കത്തില്‍, നാല് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന അഗ്‌നിവീരര്‍ക്ക് ഗ്രൂപ്പ് സി, ഡി തസ്തികകളിലെ നേരിട്ടുള്ള നിയമനങ്ങളില്‍ 20 ശതമാനം സംവരണം നല്‍കാനും മന്ത്രിസഭ അംഗീകാരം നല്‍കി. സൈനിക സേവനം കഴിഞ്ഞെത്തുന്ന യുവാക്കള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതാണ് ഈ തീരുമാനം. ഇതോടൊപ്പം, ഗ്രാമങ്ങളിലെ 'മുസ്തര്‍ക്ക മല്‍കാന്‍' ഭൂമിയില്‍ 20 വര്‍ഷത്തിലേറെയായി താമസിക്കുന്നവര്‍ക്ക് ഉടമസ്ഥാവകാശം നല്‍കുന്നതിനും തീരുമാനമായി. ഇതിനായി ഹരിയാന ലാന്‍ഡ് റെവന്യൂ (ഭേദഗതി) ബില്‍ 2024-ന് അംഗീകാരം നല്‍കി. സമാനമായി, മുനിസിപ്പല്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭൂമിയില്‍ 20 വര്‍ഷമായി താമസിക്കുന്നവര്‍ക്കും ഉടമസ്ഥാവകാശം നല്‍കുന്നതിനുള്ള ബില്ലുകള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി.