മൂന്ന് മാസം തുടർച്ചയായി ദിവസവും 3-4 വാൽനട്ട് കഴിച്ചാൽ ശരീരത്തിൽ എന്ത് മാറ്റമുണ്ടാകും?
ആരോഗ്യകരമായ ഭക്ഷണശീലങ്ങളിൽ വാൽനട്ടിന് പ്രത്യേക സ്ഥാനമുണ്ട്. തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് ഗുണകരമായ പോഷകങ്ങൾ വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്. ദിവസവും 3-4 വാൽനട്ട് വീതം മൂന്ന് മാസം തുടർച്ചയായി കഴിച്ചാൽ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാകും? ഇതുമായി ബന്ധപ്പെട്ട് താനെയിലെ കിംസ് ആശുപത്രിയിലെ ചീഫ് ഡയറ്റീഷ്യൻ അമ്രീൻ ഷെയ്ഖ് പങ്കുവെക്കുന്ന ആരോഗ്യവിവരങ്ങൾ അറിയാം.
ആരോഗ്യകരമായ ഭക്ഷണശീലങ്ങളിൽ വാൽനട്ടിന് പ്രത്യേക സ്ഥാനമുണ്ട്. തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് ഗുണകരമായ പോഷകങ്ങൾ വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്. ദിവസവും 3-4 വാൽനട്ട് വീതം മൂന്ന് മാസം തുടർച്ചയായി കഴിച്ചാൽ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാകും? ഇതുമായി ബന്ധപ്പെട്ട് താനെയിലെ കിംസ് ആശുപത്രിയിലെ ചീഫ് ഡയറ്റീഷ്യൻ അമ്രീൻ ഷെയ്ഖ് പങ്കുവെക്കുന്ന ആരോഗ്യവിവരങ്ങൾ അറിയാം.
വാൽനട്ട് കഴിച്ചു തുടങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ദഹനപ്രക്രിയ മെച്ചപ്പെടുന്നതായും ശരീരത്തിന് കൂടുതൽ ഉന്മേഷവും ഊർജവും ലഭിക്കുന്നതായും മിക്കവരിലും കാണാൻ സാധിക്കുമെന്ന് അമ്രീൻ ഷെയ്ഖ് പറഞ്ഞു. “മൂന്ന് മാസത്തിലധികം ഇത് തുടരുമ്പോൾ ശരീരത്തിൽ കൂടുതൽ ആഴത്തിലുള്ള മാറ്റങ്ങൾ പ്രകടമാകും. ഹൃദയാരോഗ്യം മെച്ചപ്പെടുകയും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് വർധിക്കുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുകയും ചെയ്യും. വാൽനട്ടിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളും ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാൻ സഹായിക്കുന്നു. പല ജീവിതശൈലി രോഗങ്ങളുടെയും പ്രധാന കാരണം ഇത്തരം നീർക്കെട്ടുകളാണ്,” അവർ വ്യക്തമാക്കി.
വാൽനട്ടിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുകയും ഓർണശക്തി വർധിപ്പിക്കുകയും ചെയ്യുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെയും രക്തസമ്മർദം നിയന്ത്രിക്കുന്നതിലൂടെയും ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നുണ്ടെന്ന് അമ്രീൻ ഷെയ്ഖ് പറഞ്ഞു. “ഇതിലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ചർമ്മത്തെ പരിപോഷിപ്പിച്ച് സ്വാഭാവിക തിളക്കം നൽകുന്നു. ഒപ്പം, ഇതിലെ നാരുകൾ ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെയും മലവിസർജനത്തെയും സുഗമമാക്കുന്നു,” അവർ വ്യക്തമാക്കി.
ശരീരഭാരം നിയന്ത്രിക്കാൻ വാൽനട്ട് സഹായിക്കുമോ?
മിതമായ അളവിൽ കഴിക്കുകയാണെങ്കിൽ തീർച്ചയായും സഹായിക്കും. വാൽനട്ടിൽ കാലറി കൂടുതലാണെങ്കിലും പ്രോട്ടീനും നാരുകളും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ടെന്ന് ഷെയ്ഖ് ചൂണ്ടിക്കാട്ടി. ഇത് ദീർഘനേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുകയും ഇടയ്ക്കിടെയുള്ള അനാവശ്യ ലഘുഭക്ഷണങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിലൂടെ ആരോഗ്യകരമായ ഉപാപചയ പ്രവർത്തനത്തെ പിന്തുണയ്ക്കാനും സാധിക്കും.
ദിവസവും കഴിച്ചു തുടങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദിവസവും 3-4 എണ്ണത്തിൽ കൂടുതൽ വാൽനട്ട് കഴിക്കരുതെന്നും ഒരു ചെറിയ പിടി മാത്രം മതിയാകുമെന്നുമാണ് അമ്രീൻ ഷെയ്ഖ് നിർദേശിച്ചത്. “അമിതമായി കഴിക്കുന്നത് ശരീരത്തിൽ അധിക കാലറി എത്തുന്നതിനും ചിലരിൽ നേരിയ വയറുവേദനയ്ക്കും ദഹനക്കേടിനും കാരണമായേക്കാം. നട്സ് അലർജിയുള്ളവർ ഇവ ഒഴിവാക്കുകയോ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് ഒരു ആരോഗ്യവിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യണം,” അവർ മുന്നറിയിപ്പ് നൽകി.
എങ്ങനെയാണ് കഴിക്കേണ്ടത്?
എളുപ്പത്തിൽ ദഹിക്കുന്നതിനായി വാൽനട്ട് രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത ശേഷം രാവിലെ കഴിക്കാവുന്നതാണ്. അല്ലെങ്കിൽ രാവിലെ കഴിക്കുന്ന ഓട്സിലോ സാലഡുകളിലോ ചേർത്തോ സ്മൂത്തികളിൽ അടിച്ചോ ഉപയോഗിക്കാം. “മൂന്ന് മാസം ദിവസവും ഏതാനും വാൽനട്ടുകൾ കഴിക്കുന്നത് നിങ്ങളുടെ ഹൃദയത്തെയും തലച്ചോറിനെയും ഉദരത്തെയും നിശബ്ദമായി ശക്തിപ്പെടുത്തും. ചെറിയ ശീലങ്ങളിലൂടെ വലിയ ആരോഗ്യമാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നതിന്റെ തെളിവാണിത്,” അമ്രീൻ ഷെയ്ഖ് പറഞ്ഞു.