സസ്യാഹാരം സത്യവും മിഥ്യയുമെന്ത്?ലോക സസ്യഭുക്ക് ദിനാചരണം ഒക്ടോബർ ഒന്നിന്
കണ്ണൂർ :ആഹാരം ഓരോ മനുഷ്യൻ്റെയും വിവേചനാധികാരമാണ്. ലോകത്തിൽ മാംസഭുക്കുകളും സസ്യഭുക്കുകളുമുണ്ട്. ഓരോരുത്തർക്കും അവരുടെ രുചിയും ശീലങ്ങളുമുണ്ട്. ഹിംസ ഒഴിവാക്കി കൊണ്ടു ജീവിക്കാനാണ് ശ്രീബുദ്ധനും മഹാത്മ ഗാന്ധിയും ലോകത്തെ പഠിപിച്ചത്. എന്നാൽ ഇതിന് തന്നെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടുന്നവരുണ്ട്. ജൂതൻമാരെ രണ്ടാം ലോകമഹായുദ്ധകാലത്ത് വംശഹത്യ ചെയ്ത അഡോൾഫ് ഹിറ്റ്ലർ ശുദ്ധ വെജിറ്റേറിയനായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. നാം കഴിക്കുന്ന ആഹാരം മനോനിലയെ ബാധിക്കുന്നുണ്ടോയെന്ന കാര്യം ഇതുവരെ ശാസ്ത്രലോകം തെളിയിച്ചിട്ടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്.
ലോക സസ്യാഹാര ദിനമായാണ് ഒക്ടോബർ ഒന്ന് ആചരിച്ചു വരുന്നത്. വടക്കെ അമേരിക്കൻ വെജിറ്റെറിയൻ സൊസൈറ്റിയാണ് എല്ലാ വർഷവും ഒക്ടോബർ ഒന്ന് സസ്യാഹാരദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 1977 ഒക്ടോബർ ഒന്ന് മുതലാണ് സസ്യാഹാരദിനാചരണം ആരംഭിച്ചത്. തുടർന്ന് രാജ്യാന്തര സസ്യാഹാര സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സസ്യാഹാരദിനാചാരണം നടത്തി വരുന്നത്. ധാർമ്മികതയിൽ അധിഷ്ഠിതമായ സസ്യാഹാര ശീലം ജീവിതത്തിന്റെ ഭാഗമാക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് ദിനാചരണത്തിന്റെ പ്രധാന ലക്‌ഷ്യം.
പരമ്പരാഗതമായി സസ്യാഹാരശീലം പിന്തുടർന്നിരുന്ന ഭാരതം സമ്പൂർണ്ണമായ മാംസാഹാരശീലത്തിലേക്ക് വരുന്ന ഈക്കാലത്ത് സസ്യാഹാര ദിനാചരണത്തിന് ഏറെ പ്രാധാന്യമുണ്ട്. മാംസാഹാരശീലം അനുവർത്തിച്ചു വന്നിരുന്ന അമേരിക്ക, യൂറോപ്പ് തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങൾ അടുത്തകാലത്ത് സസ്യാഹാര ശീലത്തിലേക്ക് നടന്നു വരുന്നു എന്നതാണ് ശ്രദ്ദേയമായ വസ്തുത.
സസ്യാഹാരത്തിൻറെ പ്രാധാന്യം പൊതു ജനങ്ങളിൽ എത്തിക്കുന്നതിനായി ലോകമാകമാനം ധാരാളം സസ്യാഹാര ക്ലബ്ബുകളും സന്നദ്ധ സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. സസ്യാ ഹാരത്തിന്റെ ഗുണങ്ങളെക്കുറിച്ചും മാംസാഹാരത്തിന്റെ ദോഷങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തുന്നതിനൊപ്പം ജനങ്ങളിൽ മൃഗസ്നേഹം വളർത്താനുള്ള ശ്രമങ്ങളും സസ്യാഹാര സംഘടനകളുടെ അഭിമുഖ്യത്തിൽ നടന്നുവരുന്നുണ്ട്.
കായ്കനികളും പഴങ്ങളും ഇലക്കറികളും ധാന്യങ്ങളും പയർ വർഗങ്ങളും കിഴങ്ങുവർഗങ്ങളും എല്ലാം ഉൾപ്പെടുന്ന സസ്യാഹാരമാണ് . ആദിമ മനുഷ്യൻ ഇതെല്ലാം ആവോളം ആഹരിച്ച് സുഖമായി ജീവിച്ചുപോന്നു. ആധുനിക മനുഷ്യൻ അവന്റെ പരമ്പരാഗത ഭക്ഷണ ശീലങ്ങളിൽനിന്നു വഴിമാറി സഞ്ചരിച്ചു രോഗാതുരനായി മാറി. ഇവിടെ അഭൂതപൂർവ്വമാം വിധം രോഗാതുരമാകാൻ മാംസക്കൊതിയാർന്നനിലവിലുള്ള ജീവിത രീതിക്ക് നല്ല പങ്കുണ്ട് .
മനുഷ്യൻറെ ജീവൻ നിലനിർത്താൻ ആവശ്യമായ എല്ലാ പോഷക ഘടകങ്ങളും സസ്യാഹാരത്തിൽ സമ്പന്നമാണ്. അന്നജം, മാംസ്യം , കാർബോ ഹൈഡരേറ്റ്, ഇരുമ്പ്, ചെമ്പ്, മഗ്നീഷ്യം, നാരുകൾ തുടങ്ങിയവയുടെ സമ്പൂർണ്ണമായ കലവറയാണ് സസ്യാഹാരം. വസ്തുതകൾ ഇതാണെന്നിരിക്കെ മനുഷ്യൻ നാക്കിൻറെ രുചി മാത്രം നോക്കി മാംസാഹാരത്തിന്റെ പിറകെ ഓടുന്നു.
സ്വദേശത്തും വിദേശത്തും നടന്ന വിവിധ ഗവേഷണ പഠനങ്ങൾ മാംസത്തിൻറെ ഉപയോഗം വിവിധ രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. ജീവികളെ ഹിംസിക്കുക എന്നത് മഹാപാപമാണ് എന്നത് ആത്മീയമായ വശം. എന്നാൽ അവയെ ആഹരിക്കുന്നതിലൂടെ രോഗങ്ങൾ ഉണ്ടാകുന്നു എന്നത് ശാസ്ത്രീയമായ വശവും .
ലോക പ്രശസ്തരായ മഹാന്മാരിൽ പലരും സസ്യാഹാരികളാണ് എന്നറിയുക . നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, ശ്രീനിവാസ രാമാനുജൻ,ലിയോ ടോൾസ്റ്റോയ് , ബെർണാഡ് ഷാ, സോക്രട്ടീസ്, പ്ലൂട്ടോ , എമിലി ഡിക്കന്സൻ, ആൽബർട്ട് ഐൻസ്റ്റീൻ , മേരി ഷെല്ലി, ഡോ. ബഞ്ചമിൻ ഫ്രാങ്ക്ലിൻ, ആര്യഭട്ടൻ, വിശ്വനാഥൻ ആനന്ദ്, സി.വി,രാമൻ, ഡോ. എ .പി. ജെ. അബ്ദുൽ കലാം, മൈക്കിൽ ജാക്സൻ , മാർട്ടിന നവരത്ന ലോവ, അമിതാഭ് ബച്ചൻ, അമല ഇങ്ങനെ പോകുന്നു ഈ പട്ടിക.സസ്യാഹാരം കഴിച്ചാൽ വേണ്ടത്ര ശക്തിയും തൂക്കവും ഉണ്ടാകില്ല എന്നാണ് പലരുടെയും ധാരണ. ഇത് തീർത്തും തെറ്റാണ്. കാരണം ലോകത്തിലെ ഏറ്റവും വലിയ ജീവിയായ ആന സസ്യാഹാരിയാണ് . അതുപോലെ ഏറ്റവുംകൂടുതൽ ശക്തിയുള്ള മൃഗമായ കുതിരയും സസ്യാഹാരിതന്നെയാണെന്നതാണ് വസ്തുത.