യൂറിനറി ഇൻഫെക്ഷൻ ; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

 

യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ അഥവാ മൂത്രാശയ അണുബാധ സ്ത്രീകളിലാണ്  കൂടുതലായി ബാധിക്കുന്നത്. വൃക്ക, മൂത്രനാളി, മൂത്രസഞ്ചി എന്നിവ ഉൾപ്പെടെയുള്ള മൂത്രനാളിയിലെ ഏതെങ്കിലും ഭാഗത്തെ ബാധിക്കുന്ന അണുബാധയാണ് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ (UTI) അഥവാ മൂത്രനാളിയിലെ അണുബാധ.

യഥാസമയത്തെ ചികിത്സ കൊണ്ട് ഭേദമാക്കാമെങ്കിലും ചിലരിൽ ഇതു വളരെ ഗുരുതരമാകാറുണ്ട്. മൂത്രമൊഴിക്കുമ്പോൾ വേദന, അടിവയറ്റിലെ സമ്മർദ്ദം അല്ലെങ്കിൽ മലബന്ധം, മൂത്രത്തിന്റെ ഗന്ധത്തിലോ നിറത്തിലോ മാറ്റം എന്നിവയെല്ലാം യുടിഐയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

ഏകദേശം 50 മുതൽ 60 ശതമാനം സ്ത്രീകളിൽ യുടിഐ അനുഭവപ്പെടുന്നു. മിക്കപ്പോഴും, ഈ അവസ്ഥയെ ചികിത്സിക്കാൻ ഡോക്ടർമാർ ആൻറിബയോട്ടിക്കുകൾ നിർദ്ദേശിക്കുന്നു. എന്നാൽ ചില ജീവിതശെെലി മാറ്റങ്ങളിലൂടെ തന്നെ യുടിഐ പ്രതിരോധിക്കാം.

ഒന്ന്...

സ്ത്രീകളിൽ യുടിഐ ബാധിക്കാനുള്ള സാധ്യത നിർജ്ജലീകരണം മൂലമാണ്. ധാരാളം വെള്ളം കുടിക്കുന്നത് അണുബാധയ്ക്ക് കാരണമായ എല്ലാ ബാക്ടീരിയകളെയും പുറന്തള്ളാൻ സഹായകമാണ്.  യുടിഐ ഇടയ്ക്കിടെ  വരുന്ന സ്ത്രീകൾ കൂടുതൽ വെള്ളം കുടിച്ചാൽ അപകടസാധ്യത കുറയ്ക്കാൻ കഴിയുമെന്ന് ഇൻഫെക്ഷ്യസ് ഡിസീസസ് സൊസൈറ്റി ഓഫ് അമേരിക്കയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

രണ്ട്...

ഒരാളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്ന മികച്ച ആന്റിഓക്‌സിഡന്റാണ് വിറ്റാമിൻ സി. വിട്ടുമാറാത്ത രോഗങ്ങൾ തടയുന്നത് മുതൽ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നത് വരെ വിറ്റാമിൻ സി എല്ലാം ചെയ്യുന്നു. യുടിഐയെ സംബന്ധിച്ചിടത്തോളം വിറ്റാമിൻ സി നിങ്ങളുടെ മൂത്രത്തിന്റെ അസിഡിറ്റി വർദ്ധിപ്പിക്കുകയും ബാക്ടീരിയയെ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും.

മൂന്ന്...

യുടിഐ തടയുന്നതിന് ഏറ്റവും മികച്ചതാണ് ക്രാൻബെറി. ക്രാൻബെറികളിൽ പ്രോആന്തോസയാനിഡിൻസ് (പിഎസി) അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് മൂത്രനാളിയിലെ പാളിയിൽ ബാക്ടീരിയകൾ പറ്റിനിൽക്കുന്നത് തടയാൻ സഹായിക്കുന്നു.

നാല്...

കൂടുതൽ നേരം മൂത്രം ഒഴിക്കാതെ പിടിച്ചു വയ്ക്കുന്ന സ്വഭാവം നിർത്തേണ്ടത് പ്രധാനമാണ്. ഇത് ബാക്ടീരിയകൾ വർദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം. അതിലൂടെ ഇത് അണുബാധയ്ക്ക് കാരണമാകുന്നു.

അഞ്ച്...

ചില ലൈംഗിക ബന്ധങ്ങൾ ബാക്ടീരിയകളെയും മറ്റ് സൂക്ഷ്മാണുക്കളെയും മൂത്രനാളിയിലേക്ക് നയിക്കുന്നതിന് കാരണമാകുന്നു. അതിനാൽ, ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. ലൈംഗിക ബന്ധത്തിന് മുമ്പും ശേഷവും മൂത്രമൊഴിക്കുക, ജനനേന്ദ്രിയം ശരിയായി കഴുകുക എന്നിവ ഉൾപ്പെടെയുള്ള ചില ഘടകങ്ങൾ മനസ്സിൽ സൂക്ഷിക്കണം.