ബാക്ടീരിയയുടെ സാന്നിധ്യം ; ആപ്തമിൽ പാൽപ്പൊടി വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദേശം നൽകി യുഎഇയും ഒമാനും
ശിശുക്കൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ജനപ്രിയ ഫോർമുല പൗഡറായ ആപ്തമിൽ (Aptamil) ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് അവ വിപണിയിൽനിന്ന് പിൻവലിക്കാൻ നിർദേശം നൽകി യുഎഇയും ഒമാനും.
ദുബൈ : ശിശുക്കൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ജനപ്രിയ ഫോർമുല പൗഡറായ ആപ്തമിൽ (Aptamil) ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് അവ വിപണിയിൽനിന്ന് പിൻവലിക്കാൻ നിർദേശം നൽകി യുഎഇയും ഒമാനും. യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും എമിറേറ്റ്‌സ് ഡ്രഗ് അതോറിറ്റിയും ഒമാൻ ആരോഗ്യ മന്ത്രാലയവുമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ജനനം മുതൽ ആറ് മാസം വരെയുള്ള കുട്ടികൾക്ക് നൽകുന്ന പാൽപ്പൊടിയാണിത്.
ന്യൂട്രിഷ്യ മിഡിൽ ഈസ്റ്റ് (ഡാനോൺ) നിർമ്മിച്ച 'ആപ്തമിൽ അഡ്വാൻസ് 1 പി.ഒ.എഫ്' (Aptamil Advance 1 POF) എന്ന ഉൽപ്പന്നമാണ് പിൻവലിക്കുന്നത്. ഉൽപ്പന്നം നിർമ്മിക്കാൻ ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളിൽ 'ബാസിലസ് സിറിയസ്' (Bacillus cereus) എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതാണ് നടപടിക്ക് കാരണം. 2026 നവംബർ 8ന് കാലാവധി അവസാനിക്കുന്ന (Expiry Date: November 8, 2026) ബാച്ചാണ് പിൻവലിക്കുന്നത്.
ഈ ബാക്ടീരിയ ഉൽപ്പാദിപ്പിക്കുന്ന 'സിറിയുലൈഡ്' എന്ന വിഷാംശം കുട്ടികളിൽ ഛർദ്ദി, ഓക്കാനം, വയറുവേദന തുടങ്ങിയ അസ്വസ്ഥതകൾക്കും ഭക്ഷ്യവിഷബാധയ്ക്കും കാരണമായേക്കാമെന്ന് കണ്ടെത്തിയതിനാലാണ് നടപടി. യുഎഇയിലെയും ഒമാനിലെയും പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നും ഫാർമസികളിൽ നിന്നും ഈ ബാച്ച് നീക്കം ചെയ്യാനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കുവൈത്തിലും സമാനമായ രീതിയിൽ ഉൽപ്പന്നം പിൻവലിച്ചിട്ടുണ്ട്. അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലും ബ്രിട്ടനിലും നേരത്തെ ഈ ഉൽപ്പന്നം പിൻവലിക്കാൻ തീരുമാനിച്ചിരുന്നു.
കൈവശമുള്ള ആപ്തമിൽ പായ്ക്കറ്റുകളുടെ അടിഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്ന കാലാവധി പരിശോധിക്കാൻ അധികൃതർ ആവശ്യപ്പെട്ടു. 2026 നവംബർ 8 എന്ന തീയതി രേഖപ്പെടുത്തിയ പാക്കറ്റുകൾ യാതൊരു കാരണവശാലും കുട്ടികൾക്ക് നൽകരുത്. ഇവ സുരക്ഷിതമായി നശിപ്പിച്ചു കളയുകയോ വാങ്ങിയ കടകളിൽ തിരികെ നൽകുകയോ ചെയ്യണം. നിലവിൽ ഒമാനിലുൾപ്പെടെ ആർക്കും ആരോഗ്യപ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് ഈ നടപടി.