യുവതലമുറയുടെ ഇഷ്ടഭക്ഷണം; വില്ലനാകുന്ന കുഴിമന്തി 

യുവതലമുറക്കിടയിൽ കുഴിമന്തി ഒരു ഭക്ഷണ വിഭവം എന്നതിലുപരി ഒരു ട്രെൻഡും ലഹരിയുമായി മാറിയിരിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ രുചിയും, കുഴികളിൽ വിറകടുപ്പിൽ വേവിച്ചെടുക്കുന്ന മാംസത്തിന്റെ പ്രത്യേകതയുമാണ് ഇതിന്റെ പ്രധാന ആകർഷണം. സുഹൃത്തുക്കൾ ഒത്തുകൂടുമ്പോൾ ഏറ്റവും ആദ്യം തിരഞ്ഞെടുക്കുന്ന ഭക്ഷണമായി കുഴിമന്തി മാറി.

 

കേരളത്തിലെ യുവതലമുറക്കിടയിൽ കുഴിമന്തി ഒരു ഭക്ഷണ വിഭവം എന്നതിലുപരി ഒരു ട്രെൻഡും ലഹരിയുമായി മാറിയിരിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ രുചിയും, കുഴികളിൽ വിറകടുപ്പിൽ വേവിച്ചെടുക്കുന്ന മാംസത്തിന്റെ പ്രത്യേകതയുമാണ് ഇതിന്റെ പ്രധാന ആകർഷണം. സുഹൃത്തുക്കൾ ഒത്തുകൂടുമ്പോൾ ഏറ്റവും ആദ്യം തിരഞ്ഞെടുക്കുന്ന ഭക്ഷണമായി കുഴിമന്തി മാറി.എന്നാൽ കുഴിമന്തി പ്രേമികൾക്കുള്ള ഒരു മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസം കൊച്ചിൽ റിപ്പോർട്ട് ചെയ്ത ഭക്ഷ്യവിഷബാധ. അറുപതോളം ആളുകളാണ് ദേഹാസ്വസ്ഥ്യം ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 

അറേബ്യൻ വിഭവങ്ങളുടെ ജനപ്രീതിക്കൊപ്പം തന്നെ അവ കൈകാര്യം ചെയ്യുന്നതിലെ ചെറിയ അശ്രദ്ധ പോലും വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. കുഴിമന്തിയും അൽഫാമും കഴിക്കുമ്പോൾ നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് അറിയേണ്ടതുണ്ട്.ശരിയായ ശുചിത്വം പാലിക്കാതെ തയ്യാറാക്കുകയോ സൂക്ഷിക്കുകയോ ചെയ്താൽ ഏത് ഭക്ഷണവും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം. പ്രത്യേകിച്ച് ചിക്കൻ, അരി, മയോണൈസ് പോലുള്ള ഘടകങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാത്തതാണ് അപകടസാധ്യത വർധിപ്പിക്കുന്നത്.

കുഴിമന്തിക്കൊപ്പം തരുന്ന മയോണൈസ് ചിലപ്പോൾ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കാറുണ്ട്. പച്ചമുട്ടയുടെ മഞ്ഞക്കരു ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസ് മണിക്കൂറുകളോളം പുറത്തു വെക്കുമ്പോൾ അതിൽ സാൽമൊണല്ല പോലുള്ള ബാക്ടീരിയകൾ അതിവേഗം വളരുന്നു. ഇത് കടുത്ത വയറിളക്കത്തിനും ഛർദ്ദിക്കും കാരണമാകാം. കുഴിമന്തിയിൽ ഉപയോഗിക്കുന്ന ചിക്കൻ ശരിയായി വേവിച്ചില്ലെങ്കിൽ അതിൽ അപകടകരമായ ബാക്ടീരിയകൾ നിലനിൽക്കാം. പാകം ചെയ്ത ഇറച്ചി അഞ്ച് ഡിഗ്രീ സെൽഷ്യസിനും 60 ഡിഗ്രീ സെൽഷ്യസിനും ഇടയിലുള്ള താപനിലയിൽ രണ്ടു മണിക്കൂറിൽ കൂടുതൽ വെക്കാൻ പാടില്ല. ഇവ വയറിളക്കം, ഛർദ്ദി, പനി, വയറുവേദന എന്നിവയ്ക്ക് കാരണമാകും.

ഫ്രീസറിൽ ഇരിക്കുന്ന വലിയ ചിക്കൻ കഷ്ണങ്ങൾ ശരിയായി തണുപ്പ് മാറ്റാതെ പെട്ടെന്ന് വേവിച്ചെടുക്കുമ്പോൾ, അതിന്റെ ഉൾഭാഗം വേവാതെ വരികയും ബാക്ടീരിയകൾ നശിക്കാതിരിക്കുകയും ചെയ്യും. കുഴിമന്തി പല ഹോട്ടലുകളിലും മുൻകൂട്ടി വലിയ അളവിൽ തയ്യാറാക്കാറുണ്ട്. രണ്ട് മണിക്കൂറിലധികം സാധാരണ താപനിലയിൽ വെച്ചാൽ ബാക്ടീരിയകൾ വേഗത്തിൽ വളരാൻ തുടങ്ങും. പ്രത്യേകിച്ച് അരിയും ചിക്കനും ചേർന്ന ഭക്ഷണങ്ങളിൽ ഈ അപകടം കൂടുതലാണ്. അരി വേവിക്കാനോ പാത്രങ്ങൾ കഴുകാനോ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ അതും രോഗാണുക്കൾ പകരാൻ കാരണമാകും.ശുചിത്വമുള്ള സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് ഉറപ്പാക്കുക. മലിനമായ വെള്ളം, വൃത്തിയില്ലാത്ത പാത്രങ്ങൾ, കൈ കഴുകാതെ ഭക്ഷണം കൈകാര്യം ചെയ്യൽ എന്നിവയൊക്കെ ഭക്ഷണം മലിനമാക്കും. ഹോട്ടലിൽ നിന്ന് വാങ്ങുന്ന കുഴിമന്തിയോ അൽഫാമോ രണ്ട് മണിക്കൂറിനുള്ളിൽ കഴിച്ചിരിക്കണം. ഫോയിൽ പേപ്പറിൽ പൊതിഞ്ഞ ചൂടുള്ള മന്തി വണ്ടിയിലോ റൂമിലോ മണിക്കൂറുകളോളം വെച്ചിരുന്നാൽ അത് വിഷാംശമാകാൻ സാധ്യത വളരെ കൂടുതലാണ്. ചിക്കന്റെ ഉൾഭാഗം ചുവന്നിരിക്കുകയോ, കഴിക്കുമ്പോൾ ഒരു വഴുക്കൽ അനുഭവപ്പെടുകയോ ചെയ്താൽ അത് കഴികാതിരിക്കാൻ ശ്രദ്ദിക്കുക. അത്തരത്തിൽ നിരവധി കാര്യങ്ങൾ ഈ ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ദിക്കേണ്ടതുണ്ട്. യുവ തലമുറയുടെ കുഴിമന്തി പ്രേമം വലിയ അപകടസാധ്യതകൾ ഉള്ളതാണെന്ന തിരിച്ചറിവ് ഉണ്ടാവണം.