ഉദര രോഗങ്ങൾ മറികടക്കാൻ  ഭക്ഷണത്തിൽ ഈ കാര്യങ്ങൾ  ശ്രദ്ധിക്കാം...

 

പലരെയും അലട്ടുന്ന ഒന്നാണ് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍. ചില സന്ദര്‍ഭങ്ങളില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പാര്‍ശ്വഫലമായാണ് ദഹനപ്രശ്‌നങ്ങള്‍(Digestion Problems) ഉണ്ടാകുന്നത്.

എന്നാൽ ചിലപ്പോഴെല്ലാം ഇത് വ്യക്തിയുടെ ആരോഗ്യത്തിന്റെ പോരായ്മയായും സംഭവിക്കാം. എന്തായാലും വയറിന്റെ ആരോഗ്യം പ്രശ്‌നത്തിലാകുമ്പോള്‍ അത് ആകെ ശരീരത്തെയും മനസിനെയും തന്നെ ബാധിക്കാറുണ്ട്.

ഇത്തരം പ്രശ്‌നങ്ങളൊഴിവാക്കാന്‍ ഭക്ഷണകാര്യങ്ങൾ തീർച്ചയായും ശ്രദ്ധിച്ചിരിക്കണം. ധാരാളം ‘ഫൈബര്‍’ അടങ്ങിയ ( നാര് ഭക്ഷണം) ഭക്ഷണം പതിവായി ഡയറ്റിലുള്‍പ്പെടുത്താന്‍ സാധിച്ചാല്‍ ദഹനപ്രശ്‌നങ്ങള്‍ വലിയ അളവ് വരെ പരിഹരിക്കാന്‍ സാധിക്കും.

എന്ന് മാത്രമല്ല ദീര്‍ഘനേരത്തേക്ക് വിശപ്പ് അനുഭവപ്പെടാതിരിക്കാനും അതുവഴി ഭക്ഷണം കുറയ്ക്കാനും വണ്ണം കുറയാനുമെല്ലാം ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കുന്നു.

ഹോര്‍മോണ്‍ ‘ബാലന്‍സ്’ തകരാതെ സൂക്ഷിക്കാനും, വയറ്റിലെ നല്ലയിനം ബാക്ടീരിയകളെ നിലനിര്‍ത്താനുമെല്ലാം ‘ഫൈബര്‍’ ആവശ്യം തന്നെ. ഇനി ഫൈബര്‍ നല്ലതുപോലെ അടങ്ങിയ ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1. ഉലുവയില ഡയറ്റിലുള്‍പ്പെടുത്തുന്നതും ഫൈബര്‍ ലഭിക്കാന്‍ നല്ലതാണ്. വേറെയും പല പോഷകങ്ങള്‍ അടങ്ങിയതാണ് ഉലുവയില. പ്രത്യേകിച്ച് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാണ് ഇത് സഹായിക്കുന്നത്.

2. ബീറ്റ്‌റൂട്ട് ആണ് ഈ പട്ടികയില്‍ പെടുന്ന ഒന്നാമത്തെ ഭക്ഷണം. ധാരാളം ഫൈബറിനാലും പോഷകങ്ങളാലും സമ്പന്നമാണ് ബീറ്റ്‌റൂട്ട്.
ഇതിന് പുറമെ അയേണ്‍, പൊട്ടാസ്യം എന്നിവയുടെയും നല്ലൊരു സ്രോതസാണ് ബീറ്റ്‌റൂട്ട്. വിളര്‍ച്ച, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയെല്ലാം ചെറുക്കാന്‍ ഇത് സഹായകമാണ്.

3. ക്യാരറ്റാണ് അടുത്തതായി ഈ പട്ടികയില്‍ വരുന്നത്. ഇതും ഫൈബറിനാല്‍ സമൃദ്ധമായ പച്ചക്കറി തന്നെ. ഇതിന് പുറമെയും ധാരാളം ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ് ക്യാരറ്റ്.

4. ഫൈബറിന്റെ നല്ലൊരു ഉറവിടം എന്ന നിലയിൽ ആപ്പിള്‍ പതിവാക്കുന്നത് ഉത്തമം. ഫൈബര്‍ മാത്രമല്ല, വൈറ്റമിന്‍-സി, വൈറ്റമിന്‍- കെ, പൊട്ടാസ്യം എന്നിങ്ങനെ പല അവശ്യഘടകങ്ങളുടെയും ഉറവിടമാണ് ആപ്പിള്‍.

5. മസ്റ്റാര്‍ഡ് ഗ്രീന്‍സ്’ എന്നറിയപ്പെടുന്ന ഇലവര്‍ഗവും ഫൈബറിന്റെ നല്ലൊരു സ്രോതസാണ്.