തുമ്മൽ പിടിച്ചുവയ്ക്കാറുണ്ടോ? ഈ ശീലം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം!
ശ്വാസകോശത്തിലോ മൂക്കിലോ അസ്വസ്ഥത ഉണ്ടാക്കുന്ന വസ്തുക്കൾ പ്രവേശിക്കുമ്പോൾ, അവയെ വേഗത്തിൽ പുറന്തള്ളാൻ ശരീരം കണ്ടെത്തുന്ന സ്വാഭാവികമായ ഒരു പ്രതിരോധ മാർഗ്ഗമാണ് തുമ്മൽ.
ശ്വാസകോശത്തിലോ മൂക്കിലോ അസ്വസ്ഥത ഉണ്ടാക്കുന്ന വസ്തുക്കൾ പ്രവേശിക്കുമ്പോൾ, അവയെ വേഗത്തിൽ പുറന്തള്ളാൻ ശരീരം കണ്ടെത്തുന്ന സ്വാഭാവികമായ ഒരു പ്രതിരോധ മാർഗ്ഗമാണ് തുമ്മൽ. പൊടിപടലങ്ങൾ, പൂമ്പൊടി, വൈറസുകൾ അല്ലെങ്കിൽ മറ്റ് അലർജികൾ എന്നിവയെല്ലാം പലപ്പോഴും തുമ്മലിന് കാരണമാകാറുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ഈ ബാഹ്യ വസ്തുക്കളോട് അമിതമായി പ്രതികരിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമായും ഈ അവസ്ഥ ഉണ്ടാകുന്നത്.
എന്നാൽ പലരും പലപ്പോഴും തുമ്മൽ പിടിച്ചു വയ്ക്കാറുണ്ട്. എന്നാൽ ആ ശീലം നിർത്തിക്കോളൂ.. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഇവ എന്തൊക്കെയാണെന്ന് നോക്കാം.തുമ്മൽ സാധാരണയായി ശ്വാസകോശത്തിൽ നിന്ന് വളരെ ശക്തിയോടെ വായു പുറത്തുവിടുന്ന ഒരു പ്രക്രിയയാണ്. പെട്ടെന്ന് ഇവ പിടിച്ച് നിർത്തുമ്പോൾ തലച്ചോറിലെ അന്യൂറിസം പൊട്ടാനുള്ള സാധ്യതയേറുന്നു. ഇത് തലച്ചോറിലെ രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യും. തുമ്മൽ പിടിച്ച് വയ്ക്കുന്നത് ഇയർ ഡ്രം പൊട്ടിപോകാനുള്ള സാധ്യത കൂടുതലാണ്. ഇയർഡ്രം പൊട്ടുന്നത് എന്നാൽ വലുതോ ചെറുതോ ആയ സുഷിരങ്ങൾ വീഴുക എന്നതാണ് ഉദ്ദേശിക്കുന്നത് ഇത് നിങ്ങളുടെ കേൾവി ശക്തിയെ ബാധിക്കും.
കൂടാതെ ചെവിയിൽ ഇൻഫെക്ഷൻ വരാൻ സാധ്യത ഉണ്ട്. തുമ്മൽ ശരീരത്തിന് പുറത്തേക്ക് കളയുന്നത്, അലർജിക്ക് കാരണമാകുന്ന വസ്തുക്കളെ പുറന്തള്ളാൻ വേണ്ടിയാണ്. എന്നാൽ, ഈ തുമ്മൽ പിടിച്ചുവയ്ക്കാൻ ശ്രമിച്ചാൽ ഈ വസ്തുകൾ നിങ്ങളുടെ ചെവിയിലേക്കോ തൊണ്ടയിലേക്കോ പോകാൻ സാധ്യത ഉണ്ടാകുകയും ഇൻഫെക്ഷന് കാരണമാകുകയും ചെയ്യും.
തുമ്മൽ പിടിച്ചുനിർത്താൻ ശ്രമിക്കുമ്പോൾ കണ്ണുകളിലെയോ മൂക്കിലെയോ രക്തക്കുഴലുകൾക്ക് കേടുപാട് ഉണ്ടാക്കും. തുമ്മൽ തടയുമ്പോൾ ഉണ്ടാകുന്ന പെട്ടെന്നുള്ള ഉയർന്ന സമ്മർദ്ദം കാരണം നിങ്ങളുടെ കണ്ണിലെ അതിലോലമായ രക്തക്കുഴലുകൾ പൊട്ടുകയോ കണ്ണിന് ചുവന്ന നിറം വരുകയോ ചെയ്യാൻ സാധ്യത ഉണ്ട്.