കുറഞ്ഞ അളവിൽ മദ്യം കഴിക്കുന്നത് പോലും തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തും ; പുതിയ കണ്ടെത്തൽ
കുറഞ്ഞ അളവിൽ മദ്യം കഴിക്കുന്നത് പോലും തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് മിനസോട്ട സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തി. സാധാരണ നിലയിൽ തലച്ചോറിന്റെ വിവിധ ഭാഗങ്ങൾ പരസ്പരം ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. എന്നാൽ മദ്യം ഉള്ളിലെത്തുന്നതോടെ ഈ ഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയം കുറയുകയും ഓരോ ഭാഗവും ഒറ്റപ്പെട്ട നിലയിൽ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇത് തലച്ചോറിന്റെ ഒരുമിച്ചുള്ള പ്രവർത്തനക്ഷമതയെ സാരമായി ബാധിക്കുന്നു.
21-നും 45-നും ഇടയിൽ പ്രായമുള്ള 107 വ്യക്തികളിലാണ് ഈ പഠനം നടത്തിയത്. ഇവർക്ക് കൃത്യമായ അളവിൽ മദ്യം നൽകിയ ശേഷം എം.ആർ.ഐ സ്കാനിംഗിലൂടെ തലച്ചോറിലെ മാറ്റങ്ങൾ നിരീക്ഷിച്ചു. 106 ഓളം തലച്ചോറ് മേഖലകൾ തമ്മിലുള്ള ബന്ധം ഗവേഷകർ പരിശോധിച്ചപ്പോൾ, മദ്യം തലച്ചോറിലെ പ്രാദേശികമായ കൂട്ടായ്മകൾ വർദ്ധിപ്പിക്കുമെങ്കിലും മുഴുവൻ തലച്ചോറിനെയും ഏകോപിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു എന്ന് കണ്ടെത്തി.
തലച്ചോറിലെ കാഴ്ചയുമായി ബന്ധപ്പെട്ട ഭാഗമായ ‘ആൻസിപിറ്റൽ ലോബിനെയാണ്’ മദ്യം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഈ ഭാഗത്തെ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നത് കൊണ്ടാണ് മദ്യപിക്കുമ്പോൾ കാഴ്ച മങ്ങുന്നതും ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുന്നതും. ചിന്തകൾ, വികാരങ്ങൾ, ആത്മനിയന്ത്രണം എന്നിവയിൽ മദ്യം എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്ന് വിശദീകരിക്കാൻ ഈ കണ്ടെത്തൽ സഹായിക്കുന്നു. മദ്യം കഴിച്ച ശേഷം വിശ്രമാവസ്ഥയിലുള്ള തലച്ചോറിനെയാണ് ഈ പഠനത്തിൽ പ്രധാനമായും നിരീക്ഷിച്ചത്. അതിനാൽ തന്നെ മദ്യപാനം മനുഷ്യന്റെ പെരുമാറ്റത്തെ നേരിട്ട് എങ്ങനെ മാറ്റുന്നു എന്നതിനെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾ ആവശ്യമാണ്. പ്രത്യേകിച്ച്, അമിതമായി മദ്യപിക്കുന്നവരിൽ ഇത് ദീർഘകാലാടിസ്ഥാനത്തിൽ എങ്ങനെയൊക്കെ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്.