സ്ക്രീനുകൾ കണ്ട് ഭക്ഷണം കഴിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യു : ഡോ. ലയ ബേബി
മൊബൈൽ, ടിവി എന്നിവ കണ്ട് ഭക്ഷണം കഴിക്കുമ്പോൾ പലരും കൂടുതൽ ഭക്ഷണം കഴിക്കാറുണ്ടെങ്കിലും അത് ഗുണത്തെക്കാളേറെ ശരീരത്തിന് ദോഷം ചെയ്യുമെന്ന് കാപ്പാട് ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ
ചക്കരക്കൽ: മൊബൈൽ, ടിവി എന്നിവ കണ്ട് ഭക്ഷണം കഴിക്കുമ്പോൾ പലരും കൂടുതൽ ഭക്ഷണം കഴിക്കാറുണ്ടെങ്കിലും അത് ഗുണത്തെക്കാളേറെ ശരീരത്തിന് ദോഷം ചെയ്യുമെന്ന് കാപ്പാട് ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ലയ ബേബി. മക്കൾ പലപ്പോഴും കൂടുതൽ ഭക്ഷണം കഴിക്കാൻ രക്ഷിതാക്കൾ തന്നെ കുട്ടികൾക്ക് മൊബൈലോ , ടിവിയിലെ പരിപാടികളോ കാണിച്ച് ഭക്ഷണം നൽകാറുണ്ട്. മുതിർന്നവരും ടിവി കണ്ട് ഭക്ഷണം കഴിക്കുന്ന ശീലമുണ്ട്. ഇത് കുടലിൽ അമിത ഭക്ഷണം എത്താനുള്ള സാഹചര്യം ഉണ്ടാക്കുമെങ്കിലും കൃത്യമായി ഭക്ഷണം ദഹിക്കാതെ അസിഡിറ്റി, ഷുഗർ, കൊളസ്ട്രോൾ ഉൾപ്പെടെയുള്ള അസുഖങ്ങൾക്ക് വഴിവയ്ക്കുമെന്ന് ഡോക്ടർ പറഞ്ഞു.
കാപ്പാട്, വിബ്ജ്യോർ റസിഡന്റ്സ് അസോസിയേഷൻ ആയുർവേദ ദിനത്തോട് അനുബന്ധിച്ച് കാപ്പാട് ആയുർവേദ ഡിസ്പെൻസറിയുമായി സഹകരിച്ചു നടത്തിയ ബോധവത്കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു ഡോ. ലയ ബേബി. ദഹനത്തിന്റെ ആദ്യ പടി തുടങ്ങുന്നത് വായയിൽ ( ഉമിനീർ ) നിന്നാണ്. കഴിക്കുന്ന ഭക്ഷണം എന്താണെന്നു കണ്ട് രുചിയറിഞ്ഞ് കഴിക്കണം. സ്ക്രീ നുകൾ കണ്ട് കഴിക്കുമ്പോൾ എന്താണ് രുചിയെന്നു പോലും തിരിച്ചറിയാനാവാത്ത സാഹചര്യമാണ്.
നിർബന്ധമായും നമ്മുടെ മക്കളെ വിറ്റാമിൻ അടക്കം ഗുണമുള്ള ഭക്ഷണം കഴിപ്പിച്ച് ശീലിപ്പിക്കണം. ഭാവിയിൽ രക്തക്കുറവ്, തൊലിപ്പുറത്തെ അസുഖങ്ങൾ, പ്രഷർ, ഷുഗർ ഉൾപ്പെടെയുള്ളവയിൽ നിന്ന് അവരെ രക്ഷിക്കാൻ ഇത്തരം ശീലത്തിലൂടെ സാധിക്കും.
എന്ത് ഭക്ഷണം കഴിക്കണം , എങ്ങനെ കഴിക്കണം, എപ്പോൾ കഴിക്കണം , എവിടെ നിന്ന് കഴിക്കണം എന്നതു വരെ പ്രധാനമാണ്. ഇത്തരം കാര്യങ്ങൾ കൃത്യമായി പരിപാലിച്ചുപോയാൽ ഒരു പരിധി വരെ അസുഖങ്ങളില്ലാതെ മുന്നോട്ടു പോകാം.
ആവശ്യത്തിന് മരുന്ന് കഴിക്കുന്ന പോലെ ഭക്ഷണം കഴിച്ചാൽ മെഡിസിൻ ഒഴിവാക്കാം. ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്ന പ്രവണത ഒഴിവാക്കുക. ഭക്ഷണത്തിന് ശേഷം ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞു മാത്രം കിടക്കുക. ശരീരത്തിനും കാലാവസ്ഥയ്ക്കും യോജിച്ച വെള്ളവും ഭക്ഷണവും ഉപയോഗിക്കുക. ഒരു ദിവസം ചുരുങ്ങിയത് അര മണിക്കൂറെങ്കിലും വ്യായാമം ശീലമാക്കുക. പ്രയാസമുള്ള കാര്യമാണെങ്കിലും ഭക്ഷണം അപ്പപ്പോൾ ഉണ്ടാക്കി കഴിക്കുന്ന രീതി ശീലമാക്കായിൽ ഒരു പരിധി വരെ അസുഖകൾ ഒഴിവാക്കാൻ കഴിയുമെന്ന് ഡോ. ലയ ബേബി പറഞ്ഞു.കാപ്പാട്ടിൽ നടന്ന പരിപാടി കണ്ണൂർ കോർപറേഷൻ കൗൺസിലർ എം. റഫീഖ് ഉദ്ഘാടനം ചെയ്തു. പുഷ്പലത സുരേശൻ , പി. ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.