എണ്ണ കുറയ്ക്കാം, ആയുസ്സ് കൂട്ടാം: ഹൃദയത്തെ സ്നേഹിക്കുന്നവർക്കായി ചില ടിപ്‌സ്
എണ്ണപ്പലഹാരങ്ങളുടെ രുചിക്ക് പലപ്പോഴും നമ്മൾ അടിമകളാകാറുണ്ട്. എന്നാൽ ഈ രുചിക്ക് പിന്നിലെ ആരോഗ്യവില നമ്മൾ ചിന്തിക്കാറില്ല. അമിതമായി എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് കൊളസ്ട്രോൾ വർധിപ്പിക്കുകയും ശരീരഭാരം കൂടാനും കാരണമാകുകയും ചെയ്യുന്നു. ദീർഘകാലത്തിൽ ഇത് ഉയർന്ന രക്തസമ്മർദത്തിനും ഹൃദയ സംബന്ധമായ രോഗങ്ങൾക്കും വഴിവെക്കാം.
എണ്ണപ്പലഹാരങ്ങളുടെ രുചിക്ക് പലപ്പോഴും നമ്മൾ അടിമകളാകാറുണ്ട്. എന്നാൽ ഈ രുചിക്ക് പിന്നിലെ ആരോഗ്യവില നമ്മൾ ചിന്തിക്കാറില്ല. അമിതമായി എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് കൊളസ്ട്രോൾ വർധിപ്പിക്കുകയും ശരീരഭാരം കൂടാനും കാരണമാകുകയും ചെയ്യുന്നു. ദീർഘകാലത്തിൽ ഇത് ഉയർന്ന രക്തസമ്മർദത്തിനും ഹൃദയ സംബന്ധമായ രോഗങ്ങൾക്കും വഴിവെക്കാം.
എണ്ണ എത്രയാകാം?
പാചകം ചെയ്യുമ്പോൾ എത്ര എണ്ണ വരെ ഉപയോഗിക്കാം എന്നറിയാം. ദിവസം 2 മുതൽ 3 ടീസ്പൂണിലധികം എണ്ണ ഉപയോഗിക്കുന്നത് ഹൃദയധമനികളിൽ തടസ്സമുണ്ടാക്കാനും പൊണ്ണത്തടിക്കും ഹൃദ്രോഗത്തിനും കാരണമാകും. എണ്ണയിൽ ഡീപ്പ് ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ ധാരാളം എണ്ണ വലിച്ചെടുക്കും. അതുകൊണ്ടുതന്നെ ഇത്തരം ഭക്ഷണങ്ങൾ ശീലമാക്കാതെ ശ്രദ്ധിക്കണം. ശരിയായ എണ്ണ തിരഞ്ഞെടുക്കുന്നതും ഏറെ പ്രധാനമാണ്. അപൂരിത കൊഴുപ്പുകൾ ധാരാളമടങ്ങിയ കടുകെണ്ണ, ഒലിവ് ഓയിൽ, സൂര്യകാന്തിയെണ്ണ, നിലക്കടലയെണ്ണ, തവിടെണ്ണ തുടങ്ങിയവ ഹൃദയാരോഗ്യത്തിന് നല്ലതാണ്. എണ്ണപ്പലഹാരങ്ങൾ കഴിക്കുന്നതിനു പകരം പഴങ്ങൾ, നട്സ്, സീഡ്സ്, മഖന വറുത്തത് തുടങ്ങിയ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ശീലമാക്കാം. എണ്ണയുടെ ഉപയോഗം കുറച്ച് ആരോഗ്യം നിലനിർത്താൻ ശ്രദ്ധിക്കാം. കോൾഡ് പ്രസ്ഡ് ആയതോ കുറച്ചുമാത്രം പ്രോസസ് ചെയ്തതോ ആയ എണ്ണകളും ഒമേഗ 6, ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താം.
പാചകം ആരോഗ്യകരമാക്കാം
ആവിയിൽ വേവിക്കുക, ബേയ്ക്ക് ചെയ്യുക, ഗ്രിൽ ചെയ്യുക തുടങ്ങിയവ ആരോഗ്യകരമായ പാചകരീതികളാണ്. ഡീപ്പ് ഫ്രൈ ചെയ്ത ഭക്ഷണങ്ങളോട് ‘നോ’ പറയാം. പകരം പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങള്‍ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം എണ്ണയുടെ ഉപയോഗം കുറയ്ക്കാൻ നോൺസ്റ്റിക്ക് പാത്രങ്ങൾ പാചകത്തിനുപയോഗിക്കാം. എണ്ണയിൽ വറുത്ത ലഘുഭക്ഷണങ്ങള്‍ ആറുമാസത്തിലൊരിക്കൽ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കാം. ഒരേ തരം എണ്ണ ഉപയോഗിക്കാതെ പലതരം എണ്ണകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കാം. ഇത് ആരോഗ്യകരമായ കൊഴുപ്പുകളുടെ സന്തുലനത്തിന് സഹായിക്കും. ഭക്ഷണം പാകം ചെയ്യുന്നതിലും കഴിക്കുന്നതിലും വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും വലിയ വ്യത്യാസം കൊണ്ടുവരും. ഇഷ്ടഭക്ഷണങ്ങൾ ആസ്വദിക്കുന്നതോടൊപ്പം ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കും. ഹൃദയത്തിന് ശ്രദ്ധ കൊടുക്കേണ്ടത് ഏറെ പ്രധാനമാണ്. അതുകൊണ്ട് എണ്ണയുടെ ഉപയോഗം നിയന്ത്രിക്കാൻ ശ്രദ്ധിക്കാം.