ചർമ്മ ആരോഗ്യത്തിന് ഉരുളക്കിഴങ്ങ് ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

 

 ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും മികച്ചതാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിന്റെ നീര് ദിവസവും മുഖത്ത് പുരട്ടുന്നത് പല തരത്തിലെ സൗന്ദര്യ പ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു പരിഹാരമാണ്.

'ഉരുളക്കിഴങ്ങിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകുകയും കാലക്രമേണ കറുത്ത പാടുകൾ മായ്‌ക്കാൻ സഹായിക്കുകയും ചെയ്യും. ഉരുളക്കിഴങ്ങ് നീര് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാൻ സഹായിക്കുകയും ചെയ്യും...' - കൺസൾട്ടൻ്റ് ഡെർമറ്റോളജിസ്റ്റായ ഡോ.റിങ്കി കപൂർ പറഞ്ഞു.

കക്ഷത്തിലെ കറുപ്പ് നിറം അകറ്റാനും കഴുത്തിന് ചുറ്റും ഉണ്ടാകുന്ന ഇരുണ്ട നിറം മാറാനുമൊക്കെ ഉരുളക്കിഴങ്ങ് നീര് പതിവായി പുരട്ടുന്നത് നല്ലതാണ്. മുഖത്തുണ്ടാകുന്ന കരുവാളിപ്പ് ഇല്ലാതാകാൻ ഏറെ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് നീര്.

ചർമ സുഷിരങ്ങളിൽ അടിഞ്ഞു കൂടുന്ന അഴുക്കാണ് പലപ്പോഴും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങൾക്കു കാരണമാകുന്നത്. ഇതിനുളള നല്ലൊരു പരിഹാരം കൂടിയാണ് ഉരുളക്കിഴങ്ങ്. ചർമ്മത്തിലെ കറുത്ത പാടുകളെയും മറ്റ് പല ചർമ്മ പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കും. മുഖത്തെ കരുവാളിപ്പ് മാറാൻ ഉരുളക്കിഴങ്ങ് നീര് അൽപം മഞ്ഞൾ ചേർത്ത് മുഖത്ത് പുരട്ടുക.

ചർമ്മത്തിന് തിളക്കം നൽകുന്ന പൊട്ടാസ്യം, വിറ്റാമിൻ സി, കാറ്റെകോളേസ് എൻസൈം, അസെലിക് ആസിഡ് തുടങ്ങിയവ ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നു. കറുത്ത പാടുകൾ, ഹൈപ്പർപിഗ്മെൻ്റേഷൻ, ടാനിംഗ് എന്നിവ ഫലപ്രദമായി കുറയ്ക്കാനും കഴിയും. കൂടാതെ, കണ്ണുകൾക്ക് താഴെയുള്ള കറുപ്പ് മാറ്റാനും ഉരുളക്കിഴങ്ങ് സഹായകമാണ്.

അൽപം തെെരും ഉരുളക്കിഴങ്ങ് പേസ്റ്റും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങിയ ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.