കറിവേപ്പിലയിലെ കീടനാശിനി സാന്നിധ്യം കളയാം

 

നമുക്കെല്ലാം കറികളിൽ കറിവേപ്പില നിർബന്ധമാണല്ലേ. കറിവേപ്പിലയുടെ സുഗന്ധം ഉണ്ടെങ്കിൽ കറികളുടെ സ്വാദും ഇരട്ടിക്കും. ഔഷധഗുണങ്ങൾ ധാരാളമുള്ള കറിവേപ്പിലയിൽ ആന്റി ഓക്‌സിഡന്റുകൾ, ബയോ ആക്ടീവ് സംയുക്തങ്ങൾ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. വിൽപ്പന ലക്ഷ്യമിട്ട് കൃഷി ചെയ്യുന്ന കറിവേപ്പിലകളിൽ അമിതമായി കീടനാശിനി ഉപയോഗിക്കുന്ന രീതിയുണ്ട്. അതിനാൽ തന്നെ കടകളിൽ നിന്ന് വാങ്ങുന്ന കറിവേപ്പിലയിൽ കീടനാശിനി സാന്നിധ്യമുണ്ടാവാം. അവ മെഴുകുപോലെ ഇലകളിൽ പറ്റിപ്പിടിച്ചിരിക്കും. വെറുതെ കഴുകിയെടുത്താൽ ഈ രാസവസ്തുക്കൾ നീക്കം ചെയ്യാൻ പ്രയാസമാണ്. ഇവ പതിവായി വയറ്റിൽ എത്തുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. കറിവേപ്പിലയിലെ രാസവസ്തുക്കൾ പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ നീക്കാം ചെയ്യാവുന്നതാണ്. അതെങ്ങനെയെന്ന് നോക്കാം.


കറിവേപ്പില വൃത്തിയാക്കാനുള്ള ഏറ്റവും എളുപ്പവും പരമ്പരാഗതവുമായ മാർഗ്ഗമാണ് ഉപ്പും വിനാഗിരിയും കലർന്ന ഒരു ലായനി ഉപയോഗിക്കുക എന്നത്. ഉപ്പ് ഇലയുടെ പ്രതലത്തിൽ നിന്ന് വിഷവസ്തുക്കളെ ഇളക്കിക്കളയുന്നു. അതുപോലെ വിനാഗിരിയുടെ അസിഡിറ്റി രാസവസ്തുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഒരുലിറ്റർ വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ഉപ്പും രണ്ട് ടേബിൾ സ്പൂൺ വിനാഗിരിയും ചേർക്കുക. കറിവേപ്പില ഈ മിശ്രിതത്തിൽ മുക്കി 10-15 മിനിറ്റ് വയ്ക്കുക. ശേഷം ഈ ഇലകൾ ശുദ്ധമായ വെള്ളത്തിൽ കഴുകി എടുക്കാം.

പുളിവെള്ളത്തിന്റെ അസിഡിറ്റി കറിവേപ്പില പോലെയുള്ള ഇലക്കറികളെ വൃത്തിയാക്കിയെടുക്കാൻ സഹായിക്കുന്നു. ഇതിലെ അസിഡിറ്റി കീടനാശിനികളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. പുളിവെളളത്തിൽ ഇലകൾ 15 മിനിറ്റ് മുക്കിവെച്ച ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുക്കാം.
ബേക്കിംഗ് സോഡ ബാത്ത്

കീടനാശിനികളെയും മറ്റ് രാസമാലിന്യങ്ങളെയും നിർവ്വീര്യമാക്കാനുളള കഴിവ് ബേക്കിംഗ് സോഡയ്ക്ക് ഉണ്ട്. അരടീസ്പൂൺ ബേക്കിംഗ് സോഡ ഒരുലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഇല അതിൽ മുക്കി 15 മിനിറ്റ് വയ്ക്കുക. ബേക്കിംഗ് സോഡ ഇലകൾക്ക് കേടുവരാതെ നോക്കുകയും കീടനാശിനികൾ നീക്കം ചെയ്യുകയും ചെയ്യും.

ഏത് രീതിയിലുള്ള ക്ലീനിംഗ് രീതി ഉപയോഗിച്ചാലും ഒടുവിൽ അൽപ്പം ഇളം ചൂടുവെള്ളത്തിൽ കഴുകുന്നത് അവശേഷിക്കുന്ന അവശിഷ്ടങ്ങൾ കൂടി നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇലകൾ 30 സെക്കന്റ് നേരം വെള്ളത്തിൽ മുക്കിവയ്‌ക്കേണ്ടതുണ്ട്. കഴുകിയ ഇലകൾ വെള്ളം വാർന്നുപോയശേഷം സുഗന്ധം നിലനിൽക്കാനും വാടിപ്പോകാതിരിക്കാനും എപ്പോഴും വായു കടക്കാത്ത പാത്രത്തിലോ സിപ് ലോക്ക് കവറിലോ ഇട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കാം.