പനി വിവരങ്ങള്‍ രഹസ്യമാക്കി വക്കുന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ്
Jun 27, 2023, 14:59 IST
ന്യൂഡൽഹി: പനി വിവരങ്ങള്‍ രഹസ്യമാക്കി വക്കുന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തില്‍ ജനങ്ങള്‍ പനി പിടിച്ച് മരിക്കുകയാണ്. എത്ര പേര്‍ ആശുപത്രികളിലുണ്ടെന്നത് പുറത്ത് പറയരുതെന്ന് ഡി.എം.ഒമാരോട് ആരോഗ്യ വകുപ്പ് പറഞ്ഞിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
പനി പിടിച്ച് ആശുപത്രിയില്‍ കിടക്കുന്നവര്‍ക്ക് മരുന്ന് നല്‍കാന്‍ പോലും കഴിയുന്നില്ല. രോഗികളെ നോക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ്. രോഗികള്‍ കട്ടിലിനടിയിലും വരാന്തയിലുമൊക്കെ കിടക്കുകയാണ്. കോവിഡ് മഹാമാരി കാലത്ത് 25,000 പേരുടെ മരണം മറച്ചുവച്ച സര്‍ക്കാരാണിത്. പിന്നീട് അതെല്ലാം പുറത്ത് വന്നു.
ഇപ്പോള്‍ പനി ബാധിച്ച് കിടക്കുന്നവരുടെ വിവരങ്ങളും മറച്ചുവക്കുകയാണ്. ഭരിക്കുന്നതിന് പകരം സര്‍ക്കാര്‍ ധന സമ്പാദനത്തിലും അഴിമതിയിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു.