ശരീരഭാരം കുറയ്ക്കാനും കൂട്ടാനും ഓട്സ്

ഓട്സ് ഒരു നല്ല ഭക്ഷണമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. നാരുകള്‍ ധാരാളമുള്ളതിനാൽ ദഹിക്കാൻ എളുപ്പമായതുകൊണ്ട് പ്രായമായവർക്കും കുട്ടികൾക്കും കഴിക്കാവുന്നതുമാണ്. എന്നാൽ പ്രമേഹമുള്ള വ്യക്തികളോ അമിതവണ്ണമുള്ളവരോ ഓട്സ് കഴിക്കേണ്ടത് എങ്ങനെയാണെന്ന് അറിയാമോ?
പൊതുവേ വൈറ്റ് ഓട്സാണ് നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. രുചിയുടെ കാര്യത്തിലും പലരും ഇത് തന്നെയായിരിക്കാം ഉപയോഗിക്കാൻ താൽപര്യപ്പെടുന്നത്. ഇത് വേവിച്ച് പുഡ്ഡിംഗ് പരുവത്തിൽ ആക്കിയായിരിക്കും പലരും കഴിക്കുന്നത്. കഴിക്കാനും സുഖമാണ് കഴിച്ചു കഴിഞ്ഞാൽ വയറിനു ബുദ്ധിമുട്ട് തോന്നുകയുമില്ല. നല്ല ഉറക്കവും കിട്ടും. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കണം. നന്നായി ദഹിക്കുന്ന ഭക്ഷണങ്ങൾ ശരീരം പെട്ടെന്ന് വലിച്ചെടുക്കും. സ്വാഭാവികമായും ശരീരത്തിൽ കൂടുതൽ എനർജി കയറാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് പ്രമേഹ നിയന്ത്രണത്തിനും ഭാരം കുറയ്ക്കുന്നതിനും വേണ്ടി ഓട്സ് കഴിക്കുന്നവർ സ്റ്റീൽ കട്ട് അല്ലെങ്കിൽ മൾട്ടി ഗ്രെയ്ൻ ഓട്സ് തിരഞ്ഞെടുക്കുക. അതിൽ നിന്ന് അര കപ്പ് ഓട്സ് എടുത്ത് 4–5 മിനിറ്റ് നേരം കുതിരാനായി വയ്ക്കുക. അതിനുശേഷം അതിലേക്ക് പാല് കാച്ചി ഒഴിക്കുക, ചിലർ തൈര് ചേർത്ത് കഴിക്കാറുണ്ട്. ഇത്ര കഴിച്ചതുകൊണ്ട് കാര്യമില്ല. എപ്പോഴും ശരീരത്തിനാവശ്യം സമീകൃതാഹാരമാണ്. അതുകൊണ്ട് ഓട്സ് കഴിക്കുന്നതിന്റെ ഒപ്പം പയറോ മുട്ടയുടെ വെള്ളയോ അല്ലെങ്കിൽ മീനോ ചിക്കനോ പച്ചക്കറികളോ കഴിക്കാം. ഈ രീതിയിൽ കഴിക്കുമ്പോൾ അതൊരു ബാലൻസ്ഡ് മീൽ ആയി. ഇങ്ങനെയാണ് ഓട്സ് കഴിക്കേണ്ടത്. അല്ലാതെ വെറുതേ വേവിച്ചു കഴിഞ്ഞാൽ ദഹനം എളുപ്പമാകും എന്നതല്ലാതെ പ്രമേഹ നിയന്ത്രണത്തിനോ ഭാരം കുറയുന്നതിനോ കാരണമാകണമെന്നില്ല.
പലരും അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്. ഓട്സോ റാഗിയോ മറ്റെന്തുമായിക്കോട്ടെ കുറുക്കു പരുവത്തിൽ എടുക്കുമ്പോൾ അതിന്റെ ആഗിരണം കൂടും. അത് ദഹനത്തിന് നന്നായി ഭവിക്കുന്നതു കൊണ്ട് ശരീരം പെട്ടെന്ന് വലിച്ചെടുക്കും. ഷുഗറിന്റെ അളവിലെ വ്യതിയാനത്തിനോ ശരീരഭാരം കൂടുന്നതിനോ കാരണമാവുകയും െചയ്യും. അതുകൊണ്ട് ദഹനം പതിയെ ആക്കുക എന്നതാണ് നമ്മുടെ ആവശ്യം എന്നുണ്ടെങ്കിൽ ഒരുപാട് െവന്തുടയുന്ന രീതിയിൽ അതിനെ പാകം ചെയ്യാതിരിക്കുക.
അടുത്തകാലത്തായി ട്രെൻഡിങ് ആയ ഓവർനൈറ്റ് ഓട്സിനെപ്പറ്റി ആറിയില്ലേ? അൽപം പാലും യോഗർട്ടും ചേർത്ത് ഓട്സ് ഒരു പാത്രത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നു. അതിലേക്ക് ചിയ വിത്തുകൾ ചേർക്കും. കുറുകിയിരിക്കുന്ന ഈ കൂട്ട് രാവിലെ പുറത്തെടുത്ത് മധുരം ആവശ്യമെങ്കിൽ അൽപം തേൻ, നട്സ്, പഴങ്ങൾ എന്നിവ ചേർത്ത് കഴിക്കാം. ഒരുപാട് കട്ടിയായി ആണ് ഇരിക്കുന്നതെങ്കിൽ പാൽ ചേർക്കാം.
ചിലർ ഓട്സ് സ്മൂത്തി ആയി കുടിക്കാറുണ്ട്. വർക്കൗട്ട് ഒക്കെ കഴിഞ്ഞു വരുമ്പോൾ കുറച്ച് ഓട്സ്, പാൽ അല്ലെങ്കിൽ സോയ മിൽക്ക്, നട്സ്, ഫ്രൂട്ട് കട്സ് എന്നിവ ഒരുമിച്ച് അരച്ചെടുത്ത് സ്മൂത്തിയായി കുടിക്കാം. പക്ഷേ നല്ലൊരു വ്യായാമത്തിനു ശേഷം ഇങ്ങനെ കഴിക്കുന്നതാണ് നല്ലത്. അല്ലാതെ വെയ്റ്റ് കുറയ്ക്കാനോ ഷുഗർ കുറയ്ക്കാനോ ആഗ്രഹിക്കുന്ന ആൾക്കാര്‍ ഇതേപോലെ എടുക്കുമ്പോൾ വിപരീതഫലമായിരിക്കും ഉണ്ടാവുക