ഓട്സ് ആരോഗ്യകരമാണ്, പക്ഷേ കഴിക്കുമ്പോൾ ഈ തെറ്റുകൾ ചെയ്യരുത്!
"നല്ലൊരു പ്രഭാതഭക്ഷണത്തിലൂടെ ആരോഗ്യകരമായ ജീവിതശൈലിക്ക് തുടക്കമിടാൻ ആഗ്രഹിക്കുന്നവരുടെ ഇഷ്ടവിഭവമായി ഓട്സ് മാറിക്കഴിഞ്ഞു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഇത് ഏറെ സഹായകരമാണ്. മാത്രമല്ല, മണിക്കൂറുകളോളം ഊർജ്ജം നിലനിർത്താനും വിശപ്പ് അകറ്റാനും ഓട്സിന് പ്രത്യേക കഴിവുമുണ്ട്."
"നല്ലൊരു പ്രഭാതഭക്ഷണത്തിലൂടെ ആരോഗ്യകരമായ ജീവിതശൈലിക്ക് തുടക്കമിടാൻ ആഗ്രഹിക്കുന്നവരുടെ ഇഷ്ടവിഭവമായി ഓട്സ് മാറിക്കഴിഞ്ഞു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഇത് ഏറെ സഹായകരമാണ്. മാത്രമല്ല, മണിക്കൂറുകളോളം ഊർജ്ജം നിലനിർത്താനും വിശപ്പ് അകറ്റാനും ഓട്സിന് പ്രത്യേക കഴിവുമുണ്ട്."
ഗുണങ്ങൾ കൊണ്ട് മുൻപന്തിയിലാണെങ്കിലും ഇത്രയേറെ ഗുണങ്ങളുള്ള ഓട്സ് നമ്മൾ കഴിക്കുന്ന രീതിയിലെ ചില തെറ്റുകൾ കാരണം അതിന്റെ യഥാർത്ഥ ഫലം ശരീരത്തിന് കിട്ടാതെ പോകാറുണ്ട്.പലരും വരുത്തുന്ന ഏറ്റവും വലിയ തെറ്റ് ഓട്സിനെ വെറുമൊരു കാർബോഹൈഡ്രേറ്റ് ഭക്ഷണം മാത്രമായി കാണുന്നു എന്നതാണ്. ഓട്സ് വെള്ളത്തിൽ മാത്രം വേവിച്ച് കഴിക്കുന്നത് അത്ര നല്ല രീതിയല്ല. ഇതിൽ ശരീരത്തിന് ആവശ്യമായ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത് കഴിച്ച് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ വീണ്ടും വിശക്കാനും മറ്റു ഭക്ഷണങ്ങളോട് കൊതി തോന്നാനും സാധ്യതയുണ്ട്.
ഓട്സിനെ ഒരു സമ്പൂർണ്ണ ഭക്ഷണമാക്കാൻ ശ്രദ്ധിക്കുക. ഇതിനായി ഓട്സിനൊപ്പം പ്രോട്ടീൻ അടങ്ങിയ ഗ്രീക്ക് യോഗർട്ട്, പാൽ, മുട്ട എന്നിവയോ ഒരുപിടി നട്സോ സീഡ്സോ ചേർക്കാവുന്നതാണ്. ഇത് ദഹനം പതുക്കെയാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താനും സഹായിക്കും.
വിപണിയിൽ ലഭിക്കുന്ന പല റെഡിമെയ്ഡ് ഓട്സ് പാക്കറ്റുകളിൽ അമിതമായി പഞ്ചസാര, ഫ്ലേവർ സിറപ്പുകൾ, ചോക്ലേറ്റ് ചിപ്സ്, കൃത്രിമ മണങ്ങൾ എന്നിവ ചേർക്കാറുണ്ട്. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് യാതൊരു ഗുണവും ചെയ്യില്ലെന്ന് മാത്രമല്ല, സാധാരണ മധുരപലഹാരങ്ങൾ കഴിക്കുന്നതിന് തുല്യവുമാണ്. ഓട്സിന്റെ സ്വാദ് കൂട്ടാൻ പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുക. കറുവാപ്പട്ട പൊടി, പഴങ്ങൾ, നട്സ്, മധുരമില്ലാത്ത കൊക്കോ പൗഡർ എന്നിവ ചേർത്താൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാതെ തന്നെ രുചി കൂട്ടാം.
ഓട്സ് ആരോഗ്യത്തിന് നല്ലതാണെങ്കിലും അതിലും കാലറി അടങ്ങിയിട്ടുണ്ട്. അതിനാൽ അമിതമായി കഴിക്കുന്നത് നല്ലതല്ല. ഒരു മുതിർന്ന വ്യക്തിക്ക് ഒരു ദിവസം 40 മുതൽ 60 ഗ്രാം വരെ ഉണങ്ങിയ ഓട്സ് മതിയാകും. ആരോഗ്യകരം ആണല്ലോ എന്ന് കരുതി വലിയ പാത്രത്തിൽ നിറയെ ഓട്സ് കഴിച്ചാൽ ശരീരത്തിലേക്ക് അമിതമായി കാലറി എത്താൻ അത് കാരണമാകും.