രാത്രി കാലങ്ങളിൽ ഈ ഭക്ഷണങ്ങൾ കഴിക്കുന്ന ശീലമുണ്ടോ? എങ്കിൽ  ഇക്കാര്യങ്ങൾ അറിയുക

 

രാത്രിയിലെ ഭക്ഷണ രീതികൾ പലപ്പോഴും ലളിതമാകണമെന്ന് പറയാറുണ്ട്. പൊതുവേ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ കുറവുള്ള ലഘു ഭക്ഷണങ്ങൾ ശീലമാക്കുന്നതാണ് ഉത്തമം. എന്നാൽ, രാത്രിയിൽ പരമാവധി ഒഴിവാക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ ഒട്ടനവധി ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ട്. ഇവ കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. രാത്രിയിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാം.

ഏറ്റവും അപകടകരമായ ശീലമാണ് മദ്യപാനം. പ്രത്യേകിച്ച് രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് മദ്യം കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. അമിത ആൽക്കഹോൾ ശരീരത്തിൽ എത്തുമ്പോൾ പെട്ടെന്ന് ഉറക്കം ലഭിക്കാൻ സഹായിക്കുമെങ്കിലും സ്ലീപ് അപ്നിയ, ഉച്ചത്തിലുള്ള കൂർക്കംവലി എന്നിവ വർദ്ധിപ്പിക്കും.

അടുത്തതാണ് ശീതീകരിച്ച ഭക്ഷണവും ഗ്യാസ് നിറച്ച പാനീയങ്ങളും. ശീതീകരിച്ച് ദീർഘ നാൾ സൂക്ഷിക്കുന്ന ഭക്ഷണ വിഭവങ്ങളിൽ ഹൈഡ്രജനേറ്റഡ് ഓയിൽ, ഉപ്പ്, പഞ്ചസാര എന്നിവ അമിത അളവിൽ ചേർത്തിട്ടുണ്ടാകും. ഇത് രാത്രിയിൽ കഴിക്കുന്നത് നല്ല ശീലമല്ല. കാർബണേറ്റ് ഡ്രിങ്ക്സ് എന്നറിയപ്പെടുന്ന ഗ്യാസ് നിറച്ച മധുര പാനീയങ്ങളിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. അതിനാൽ, ഇത്തരം പാനീയങ്ങൾ രാത്രിയിൽ കുടിക്കാൻ പാടില്ല.

പ്രോട്ടീനിന്റെ വലിയ സ്രോതസായ ബീഫ്, പോർക്ക്, മട്ടൻ എന്നിവ രാത്രി കാലങ്ങളിൽ കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. ഇത്തരം റെഡ് മീറ്റുകളിൽ ഉയർന്ന തോതിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇത്തരം ഭക്ഷണങ്ങൾ കഴിച്ചാൽ ദഹനം സാവധാനത്തിൽ മാത്രമാണ് നടക്കുക.