വായ്പുണ്ണ് സഹിക്കാനാകുന്നില്ലേ? ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കൂ…
എല്ലാവരിലും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരവസ്ഥയാണ് വായ്പുണ്ണ്.ചുണ്ടിലും നാവിലും കവിളിലും എല്ലാം ഈ വായ്പുണ്ണ് പ്രത്യക്ഷപ്പെടാറുണ്ട്. അബദ്ധത്തില്‍ വായുടെ ഉള്‍ഭാഗം കടിക്കുന്നതും അമിതമായ മാനസിക സമ്മര്‍ദ്ദവും ഉറക്കമില്ലായ്മയുമാണ് വായ്പുണ്ണുണ്ടാകുന്നതിലെ പ്രധാന കാരണമായി വിദഗ്ധര്‍ പറയുന്നത്. വായ്പുണ്ണിന്റെ അസഹ്യമായ വേദനമൂലം പലപ്പോഴും വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ പോലും കഴിയാത്ത അവസ്ഥയുണ്ടാകാറുണ്ട്.
സിട്രിക് ആസിഡ് കൂടുതലടങ്ങിയ പഴവര്‍ഗങ്ങള്‍ ,എരുവേറിയ ഭക്ഷണങ്ങള്‍, കഫൈന്‍ അടങ്ങിയ പാനീയങ്ങള്‍ കഴിക്കുന്നത് പലപ്പോഴും വായ്പുണ്ണ് അധികരിക്കുന്നതിന് കാരണമാകാറുണ്ട്. പോഷകക്കുറവ് ,അണുബാധ, വിളര്‍ച്ച , രക്താര്‍ബുദം ,ഉമിനീര്‍ ഗ്രന്ഥികളെ ബാധിക്കുന്ന നീര്‍വീക്കം,സ്ഥിരമായി സംഭവിക്കുന്ന വായിലെ മുറിവുകള്‍ എല്ലാം തന്നെ വായ്പുണ്ണ് ഉണ്ടാകുന്നതിനു പിന്നിലെ മറ്റു പ്രധാന കാരണങ്ങളാണ്.
വായ്പുണ്ണ് വരുന്നത് തടയാനായി ചില മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്. ദന്തശുചിത്വം നന്നായി പാലിക്കുക എന്നതാണ് പ്രധാനം. പല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കാറുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ ബ്രഷ് ചെയ്ത് അതാത് സമയങ്ങളില്‍ നീക്കം ചെയ്യുക. പോഷകസമ്പുഷ്ടമായ ആഹാരം കൃത്യമായ ഇടവേളകളില്‍ കഴിക്കുക, പ്രമേഹം, മറ്റ് ഉദരപ്രശ്‌നങ്ങള്‍ എന്നിവ യാഥാസമയം ചികിത്സിച്ച് ഭേദമാക്കുക, മൃദുവായ ബ്രഷ് ഉപയോഗിക്കുക, ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടയ്ക്കിടെ വായ് കഴുകുക, ആന്റി ബാക്റ്റിരീയല്‍ ഗുണങ്ങളുള്ളതിനാല്‍ തുളസിയില ചവച്ചരക്കുക, തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ വായ്പുണ്ണ് വരുന്നത് ഒരുപരിധിവരെ തടയാവുന്നതാണ്. ഈ നുറുങ്ങു വിദ്യകള്‍ പരീക്ഷിച്ചു നോക്കുന്നതു വഴി വായ്പുണ്ണ് എന്ന അസഹ്യമായ വേദനയില്‍ നിന്നും ഒരു പരിധിവരെ രക്ഷനേടാവുന്നതാണ്.