മലേറിയയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ

 

ജീവൻ അപകടപ്പെടുത്തുന്ന രോഗമാണ് മലേറിയ (malaria). രോഗാണു വാഹകരായ അനോഫെലിസ് കൊതുക് മനുഷ്യനെ കടിയ്ക്കുന്നതിലൂടെയാണ് ഇത് സാധാരണയായി പകരുന്നത്. രോഗം ബാധിച്ച കൊതുകുകൾ പ്ലാസ്മോഡിയം പരാന്നഭോജിയെ വഹിക്കുന്നു.

ഈ കൊതുകിന്റെ കടിയേറ്റാൽ പരാന്നഭോജികൾ ഒരാളുടെ രക്തത്തിലേക്ക് പ്രവേശിക്കുകയും രോഗിയായി മാറുകയും ചെയ്യുന്നു. പനി, തലവേദന, വിറയൽ എന്നിവയാണ് മലേറിയയുടെ ആദ്യ ലക്ഷണങ്ങൾ. സാധാരണ അണുബാധയുള്ള കൊതുകു കടിച്ച് 10-15 ദിവസങ്ങൾക്ക് ശേഷം മലേറിയ വരും. പനിയും തലവേദനയും ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നു ദിവസം കൂടുമ്പോഴോ ആവർത്തിക്കുന്നുവെങ്കിലും ഇത് മലേറിയ ലക്ഷണമായി കണക്കാക്കാം.

കൂടാതെ ചർദ്ദി,മനംപുരട്ടൽ, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞനിറം എന്നിവയുമുണ്ടാകാം. ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ രോഗത്തിലേക്കും 24 മണിക്കൂറിനുള്ളിൽ മരണത്തിനും കാരണമായേക്കാം.

എങ്ങനെ പ്രതിരോധിക്കാം?

കൊതുകു നശീകരണം തന്നെയാണ് പ്രധാന പ്രതിരോധം.
മഴവെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കു.
കിണറുകളും വെള്ളം ശേഖരിക്കുന്ന ടാങ്കുകളും പാത്രങ്ങളുമൊക്കെ കൊതുകുവല കൊണ്ട് മൂടുക.
വീടിന്റെ ടെറസിലും സൺഷെയ്ഡിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴുക്കിക്കളയണം.
വീടിന്റെ ജനലുകളും വാതിലുകളും എയർഹോളുകളും കൊതുകുവല ഉപയോഗിച്ച് മറയ്ക്കുക.