കോഴിക്കോട് ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. വളയത്ത് അതിഥി തൊഴിലാളിക്കാണ് മലേറിയ സ്ഥിതീകരിച്ചത്. വളയം ടൗൺ ഉൾപ്പെടുന്ന വാർഡ് 14 ലാണ് യുപി സ്വദേശിക്ക് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാൾ നാട്ടിൽ നിന്ന് വളയത്ത് എത്തിയത്. ശക്തമായ പനിയെ തുടർന്ന് വളയം ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിൽ നേരത്തെ അതിഥി തൊഴിലാളി ഉൾപ്പടെയുള്ളവർക്ക് മലേറിയ സ്ഥിരീകരിച്ചിരുന്നു.
എന്താണ് മലേറിയ?
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ(Malaria). ചതുപ്പ് പനി(Marsh Fever) എന്നും ഈ രോഗം അറിയപ്പെട്ടിരുന്നു. ഏകകോശ ജീവികൾ ഉൾക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തിൽ, പ്ലാസ്‌മോഡിയം ജനുസ്സിൽ പെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്.
മനുഷ്യനിലേക്ക് രോഗം പകരുന്നത് അനോഫിലിസ് ഇനത്തിൽപെട്ട പെൺകൊതുകിലൂടെയാണ്. പ്ലാസ്‌മോഡിയം ശരീരത്തിൽ പ്രവേശിച്ചാൽ 48 മുതൽ 72 മണിക്കൂറുകൾക്കുള്ളിൽ സാധാരണഗതിയിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. രക്തത്തിലൂടെ പരാദങ്ങൾ കരളിന്റെ കോശങ്ങളിൽ പ്രവേശിച്ച് പെരുകുന്നു. തുടർന്ന് കരളിന്റെ കോശങ്ങൾ നശിക്കുമ്പോൾ അത് പരാദങ്ങളെ പുറത്തുവിടുന്നു. അടുത്തഘട്ടത്തിൽ ഇവ ശരീരത്തിലെ ചുവന്ന രക്താണുക്കളെ ആക്രമിച്ച് അവിടെയും പെരുകുന്നു. ഇങ്ങനെ പെരുകുന്ന പരാദങ്ങൾ ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നതോടെ ശരീരത്തിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങും.