തൈരിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ നോക്കാം..

 

തൈര് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് തൈര്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈര് ഒരു മികച്ച പ്രോബയോട്ടിക് ഭക്ഷണം ആണ്.  ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ നിലനിര്‍ത്താനും സഹായിക്കും.

അതേസമയം, തൈരിനൊപ്പം ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ തൈരിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഒന്ന്...

സിട്രസ് പഴങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ച്, നാരങ്ങ പോലെയുള്ള പഴങ്ങള്‍ തൈരിനൊപ്പം കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും. കാരണം സിട്രസ് പഴങ്ങള്‍ അസിഡിക് ആണ്.  ഇതിനാല്‍ ഈ കോമ്പിനേഷന്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

രണ്ട്...

തക്കാളിയും അസിഡിക് ആണ്. അതിനാല്‍ തൈരിനൊപ്പം തക്കാളി കഴിക്കുന്നതും ചിലരുടെ വയറില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാം.

മൂന്ന്...

സുഗന്ധവ്യഞ്ജനങ്ങള്‍ക്കൊപ്പം തൈര് ചേര്‍ക്കുന്നതും ചിലര്‍ക്ക് ദഹനക്കേട് ഉണ്ടാക്കാം.

നാല്...

ഉള്ളിയാണ് നാലാമതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തൈര് തണുപ്പാണ്. എന്നാല്‍ ഉള്ളി ശരീരത്തെ ചൂടാക്കും. ചൂടും തണുപ്പും കൂടി ചേരുമ്പോള്‍ ഇത് ചിലരുടെ ചര്‍മ്മത്തില്‍ അലര്‍ജി ഉണ്ടാക്കാം. അതിനാല്‍ തൈരിനൊപ്പം ഉള്ളി ചേര്‍ക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

അഞ്ച്...

മാമ്പഴത്തിനൊപ്പം തൈര് ചേര്‍ത്ത് കഴിക്കുന്നതും ചിലരില്‍ ദഹനക്കേടും മറ്റും ഉണ്ടാക്കാം.

ആറ്...

തൈര് മൃഗങ്ങളുടെ പാലില്‍ നിന്നും എടുക്കുന്നതിനാല്‍ മത്സ്യം, ഇറച്ചി പോലെയുള്ള നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്കൊപ്പം ഇവ കഴിക്കാതിരിക്കുന്നതാണ് ഉത്തമം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഏഴ്...

എണ്ണമയമുള്ള ഭക്ഷണത്തോടൊപ്പം തൈര് കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇവ ദഹനത്തെ മോശമായി ബാധിക്കാം എന്നും വിദഗ്ധര്‍ പറയുന്നു.   

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.