ഹൃദ്യമായ ഹൃദയ ദിനാഘോഷവുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി

 

കൊച്ചി: ഹൃദയ ദിനാഘോഷത്തെ ഹൃദയസ്പർശിയായ ഒത്തുചേരലാക്കി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. നിർധനരായ നൂറ് കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ ചെയ്ത് നൽകാൻ ലക്ഷ്യമിട്ട് ആസ്റ്റർ മെഡ്സിറ്റി വിഭാവനം ചെയ്തിട്ടുള്ള ഹാർട്ട് ബീറ്റ്സ് പദ്ധതിയുടേയും ഹാർട്ട് ടു ഹാർട്ട് ക്യാമ്പയിന്റെയും പ്രചാരണാർത്ഥമായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. വിനോദത്തിനും വിജ്ഞാനത്തിനും ഒരുപോലെ പ്രാധാന്യം നൽകി ഫോർട്ട് കൊച്ചി ബീച്ചിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രദേശവാസികളും സഞ്ചാരികളും ഉൾപ്പെടെ നൂറ് കണക്കിന് പേർ പങ്കാളികളായി.

ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിനും ആസ്റ്റർ മെഡ്‌സിറ്റിയിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ആർ സന്ദീപും ചേർന്ന് ഹൃദയാകൃതിയിലുള്ള നൂറ് ചുവന്ന ബലൂണുകൾ പറത്തിയായിരുന്നു ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

ഫ്ലാഷ് മോബിന്റെ അകമ്പടിയോടെ ആരംഭിച്ച ആഘോഷങ്ങൾക്ക് പ്രശസ്ത ഇൻസ്ട്രമെന്റലിസ്റ്റ് ഡോ. പി.സി ചന്ദ്രബോസിന്റെ വാദ്യഘോഷങ്ങൾ കൂടുതൽ മിഴിവേകി. ഇതിന് പുറമേ രസകരവും വിജ്ഞാന പ്രദവുമായ ക്വിസ് മത്സരവും ഹൃദയാരോഗ്യത്തിന് വേണ്ട വ്യായാമങ്ങളും സംഘടിപ്പിച്ചിരുന്നു. വിജയികൾക്ക് നൽകിയ ഹൃദയാകൃതിയിലുള്ള കീചെയിനുകളായിരുന്നു സമ്മാനിച്ചത്. ഹൃദയം എന്ന വാക്ക് കൊണ്ട് തുടങ്ങുന്ന സിനിമ ഗാനങ്ങൾ അവതരിപ്പിച്ചത് ആഘോഷ പരിപാടികളിൽ വേറിട്ടു നിന്നു.

ഹൃദ്രോഗത്തെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് പ്രത്യാശയേകുക എന്ന ലക്ഷ്യത്തോടെയാണ് ഹാർട്ട് ബീറ്റ്സ് പദ്ധതി നടപ്പാക്കുന്നത്. ഹൃദയദിനത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയും അത് വഴി ആർക്കും പദ്ധതിയിൽ പങ്കാളിയാകാനുമുള്ള അവസരം ഒരുക്കുന്നതാണ് ഹാർട്ട് ടു ഹാർട്ട് ക്യാമ്പയിൻ. 10,000 ചുവടുകൾ നടക്കുക, 10 കിലോമീറ്റർ സൈക്കിൾ സവാരി, ഒരു മണിക്കൂർ വ്യായാമം എന്നിവയെല്ലാം പൂർത്തിയാക്കുന്ന ഓരോരുത്തർക്ക് വേണ്ടിയും പദ്ധതിയിലേക്ക് നൂറ് രൂപ വീതം ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ നൽകും.