കാന്താരി കഴിച്ചാൽ കൊളസ്ട്രോൾ കുറയുമോ?

 
കാന്താരി എന്ന പ്രയോഗം നാം പൊതുവേ കേള്‍ക്കുന്ന ഒന്നാണ്. കാന്താരി മുളകിനോട് ഉപമിച്ചുള്ള പ്രയോഗം തന്നെയാണിത്. വലിപ്പത്തില്‍ കുഞ്ഞനെങ്കിലും എരിവിന്റെ മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഒന്നാണ് കാന്താരി മുളക്. പല തരത്തിലെ ആരോഗ്യ ഗുണങ്ങളും ഒത്തു ചേര്‍ന്ന ഇത് പൊതുവേ നാടന്‍ മുളകെന്നു നാം കരുതുമെങ്കിലും ഇതിന്റെ യഥാര്‍ത്ഥ ഉത്ഭവം അങ്ങ് അമേരിക്കന്‍ നാടുകളിലാണ്.ഇതിലെ ക്യാപ്‌സയാസിനാണ് ഇത്തരം ഗുണം നല്‍കുന്നത്.

വൈറ്റമിനുകളായ എ, സി, ഇ എന്നിവയാൽ സംപുഷ്ടമായ കാന്താരി മുളകിൽ കാൽസ്യം, അയൺ, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും നല്ലതോതിൽ അടങ്ങിയിട്ടുണ്ട്. ഇൻസുലിൻ ഉൽപാദിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാനും കാന്താരി മുളകിനു സാധിക്കും. പല്ലുവേദനയ്ക്കും രക്തസമ്മർദം കുറയ്ക്കാനും കാന്താരി സഹായിക്കും. ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാൻ കാന്താരിയ്ക്ക് കഴിയുമെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു. കാന്താരി പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും. വേദനസംഹാരി കൂടിയാണ് കാന്താരി.

കൊളസ്‌ട്രോളിന് മാത്രമല്ല, പ്രമേഹത്തിനും കാന്താരി നല്ലൊരു മരുന്നാണ്. ഇന്‍സുലിന്‍ ഉല്‍പാദനത്തിന് കാന്താരി സഹായിക്കുന്നു.  രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കാൻ കാന്താരിക്ക് സാധിക്കും. ബിപി കുറയ്ക്കാനും ഇത് നല്ലതാണ്. ഇതെല്ലാം ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കാന്താരി. അയണ്‍ സമ്പുഷ്ടമായ കാന്താരി ഹീമോഗ്ലോബിന്‍ ഉല്‍പാദനവും വര്‍ദ്ധിയ്ക്കുന്നു.

കാന്താരി മുളകിന് തനതു ഗുണങ്ങൾ നൽകുന്ന കാപ്സിസിനിൽ ധാരാളം ഔഷധ ഗുണങ്ങളുണ്ട്.  കാപ്സിസിൻ ദഹനത്തെ കൂട്ടാനും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും സഹായിക്കുന്നു. ചീത്ത കൊളസ്ട്രോൾ ആയ എല്‍ഡിഎലും ട്രൈഗ്ലിസറൈഡും എച്ച്ഡിഎല്ലിൽ വ്യത്യാസം വരുത്താതെ കാന്താരി കുറയ്ക്കുന്നു. പൊണ്ണത്തടി കുറയ്ക്കാനും ഹൃദയസംബന്ധിയായ അസുഖങ്ങൾ തടയാനും മിതമായ തോതിൽ കാന്താരി മുളക് ഉപയോഗിക്കാം.

ശ്രദ്ധിക്കേണ്ട കാര്യം

ഗർഭാവസ്ഥയിലും മുലയൂട്ടുന്ന അമ്മമാരിലും സ്ഥിരമായുള്ള കാന്താരിയുടെ അമിത ഉപയോഗം കുട്ടികളിൽ ത്വക്ക് രോഗങ്ങൾക്ക് കാരണമാകുന്നു. രണ്ടു വയസിൽ താഴെയുള്ള കുട്ടികൾ കാന്താരിമുളക് ഉപയോഗിക്കുന്നത് ദോഷം ചെയ്യും. കിഡ്നിക്കും ലിവറിനും പ്രശ്നമുള്ളവരും അൾസർ ഉള്ളവരും കാ‌ന്താരിയുടെ ഉപയോഗം മിതപ്പെടുത്തണം. കാന്താരിമുളക് തനിയെ കഴിക്കുന്നതിനെക്കാൾ മറ്റു ഭക്ഷണങ്ങളിൽ ചേർത്തു കഴി‌ക്കുന്നതാണ് ഉ‌ത്തമം.

കാന്താരിയുടെ അമിത ഉപയോഗം ത്വക്കിൽ പുകച്ചിൽ, ചൊറിച്ചിൽ, പെട്ടെന്നുള്ള അമിത വിയർപ്പ്, കണ്ണുനിറഞ്ഞ് ഒഴുകൽ, മൂക്കൊലിപ്പ്, വായിൽ പുകച്ചിൽ എന്നിവയ്ക്കും വയറിൽ പലവിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകുന്നു.