ആസ്റ്റർ മെഡ്സിറ്റിയിൽ നിന്ന് പുതുജീവിതത്തിലേക്ക് നടന്നുകയറി ജിതിൻ
ചാരത്തിൽ നിന്ന് ഉയർന്നുപൊങ്ങിയ ഫീനിക്സ് പക്ഷിയെ പോലെ, തന്റെ രണ്ട് പെൺമക്കൾക്കായി ഒരു പുതുജീവിതത്തിലേക്ക് തിരികെ വരികയാണ് ജിതിൻ. ചേന്ദമംഗലം കൂട്ടക്കൊലയിൽ തന്റെ പ്രിയപ്പെട്ട ഭാര്യയെയും അവളുടെ മാതാപിതാക്കളെയും നഷ്ടപ്പെട്ട്, തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയ്ക്കായി 34കാരനായ ജിതിനിനെ എത്തിക്കുമ്പോൾ ആ ശരീരത്തിൽ ജീവന്റെ ചെറുനാളം മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ.
കൊച്ചി : ചാരത്തിൽ നിന്ന് ഉയർന്നുപൊങ്ങിയ ഫീനിക്സ് പക്ഷിയെ പോലെ, തന്റെ രണ്ട് പെൺമക്കൾക്കായി ഒരു പുതുജീവിതത്തിലേക്ക് തിരികെ വരികയാണ് ജിതിൻ. ചേന്ദമംഗലം കൂട്ടക്കൊലയിൽ തന്റെ പ്രിയപ്പെട്ട ഭാര്യയെയും അവളുടെ മാതാപിതാക്കളെയും നഷ്ടപ്പെട്ട്, തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയ്ക്കായി 34കാരനായ ജിതിനിനെ എത്തിക്കുമ്പോൾ ആ ശരീരത്തിൽ ജീവന്റെ ചെറുനാളം മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ.
112 നാൾ നീണ്ട ചികിത്സ. തളർന്നുപോയ ഒരുവശത്തെ ചലനാത്മകത വീണ്ടെടുക്കാൻ ഇടതടവില്ലാത്ത ഫിസിയോതെറാപ്പികൾ. ആസ്റ്ററിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും പരിചരണത്തിന് പുറമെ മക്കൾക്കായി ജീവിതത്തിലേക്ക് തിരികെ വരണമെന്ന ആത്മവിശ്വാസം കൂടി ചേർന്നപ്പോൾ ജീവിതം പിന്നെയും ജിതിനെ നോക്കി പുഞ്ചിരിച്ചു.
കഴിഞ്ഞ ദിവസം അമ്മയ്ക്കും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ഒപ്പം ചേർന്ന് നിന്ന് കേക്ക് മുറിച്ച് ജിതിൻ ആശുപത്രി വിട്ടു. ജിതിനെ ചികിത്സിച്ചവരും പരിപാലിച്ചവരും ആ നിമിഷത്തിന് ആനന്ദത്തോടെ സാക്ഷിയായി. ജിതിന് പുതുജീവൻ നൽകാനായി അഹോരാത്രം പരിശ്രമിച്ച ആസ്റ്ററിലെ മെഡിക്കൽ-മാനേജ്മെന്റ് ടീമിലെ എല്ലാവരെയും അഭിനന്ദിക്കുന്നതായി കേക്ക് മുറിച്ച് സന്തോഷം പങ്കുവയ്ക്കവെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ആസ്റ്റർ മെഡ്സിറ്റിയിലെ അത്യാഹിത വിഭാഗം, ന്യൂറോസർജറി, അനസ്തേഷ്യ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗങ്ങൾ ഒറ്റക്കെട്ടായി പരിശ്രമിച്ചാണ് ജിതിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സീനിയർ കൺസൾട്ടന്റ് ഡോ. കെ.എം മാത്യു, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ കൺസൾട്ടന്റ് സക്കറിയ ടി. സക്കറിയ, ന്യൂറോ സ്പൈൻ സർജറി സീനിയർ കൺസൾട്ടന്റ് ഡോ. അനൂപ് തോമസ്, ന്യൂറോസർജറി അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. റാംകുമാർ വി.,മറ്റു ഡോക്ടർമാർ, പാരാമെഡിക്സ്, അഡ്മിനിസ്ട്രേഷൻ വിഭാഗം ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.