കുട്ടികളിൽ അയോഡിൻ കുറവാണോ? വളർച്ചയെയും ബുദ്ധിവികാസത്തെയും ബാധിച്ചേക്കാവുന്ന ലക്ഷണങ്ങൾ അറിയാം
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ആവശ്യമായ പ്രധാന പോഷകമാണ് അയോഡിൻ. തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപ്പാദനത്തിന് അത്യന്താപേക്ഷിതമായ ഈ ധാതു ശരീരത്തിന്റെ വളർച്ച, മെറ്റബോളിസം, തലച്ചോറിന്റെ വികാസം എന്നിവയിൽ നിർണായക പങ്കുവഹിക്കുന്നു.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ആവശ്യമായ പ്രധാന പോഷകമാണ് അയോഡിൻ. തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപ്പാദനത്തിന് അത്യന്താപേക്ഷിതമായ ഈ ധാതു ശരീരത്തിന്റെ വളർച്ച, മെറ്റബോളിസം, തലച്ചോറിന്റെ വികാസം എന്നിവയിൽ നിർണായക പങ്കുവഹിക്കുന്നു. കുട്ടികളിൽ അയോഡിന്റെ കുറവുണ്ടാകുന്നത് തൈറോയ്ഡ് ഗ്രന്ഥി വീക്കം (ഗോയിറ്റർ), വളർച്ചാ മുരടിപ്പ്, പഠനശേഷിയെ ബാധിക്കുന്ന പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് കാരണമായേക്കാം. ഗുരുതരമായ കുറവ് തലച്ചോറിന്റെ വികാസത്തെയും ബാധിക്കാം. കുട്ടികളിലെ അയോഡിൻ കുറവ് തിരിച്ചറിയാൻ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ശരീരത്തിന് ആവശ്യമായ അളവിൽ ഈ ധാതു ലഭിക്കാതെ വരുമ്പോഴാണ് അയഡിൻ കുറവ് (അയഡിൻ ഡെഫിഷ്യൻസി) ഉണ്ടാകുന്നത്. അയഡിൻ ചേർത്ത ഉപ്പ്, കടൽ വിഭവങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവയിൽ ഇത് അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ദിവസവും ചെറിയ അളവിൽ അയഡിൻ ആവശ്യമാണ്. ആവശ്യത്തിന് അയഡിൻ ലഭിക്കാതെ വരുമ്പോൾ, തൈറോയ്ഡ് ഗ്രന്ഥിക്ക് ഹോർമോൺ ഉൽപ്പാദിപ്പിക്കാൻ ബുദ്ധിമുട്ട് നേരിടുന്നു. ഇത് ക്രമേണ ക്ഷീണം മുതൽ ഗുരുതരമായ വികാസ പ്രശ്നങ്ങൾ വരെയുള്ള പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു.
കുട്ടികളിലും കൗമാരക്കാരിലും ഈ പോഷകക്കുറവിന്റെ ആഘാതം വളരെ വലുതാണ്. അയഡിന്റെ കുറവുള്ള കുട്ടികളിൽ തൈറോയ്ഡ് ഗ്രന്ഥി വീർക്കുന്ന അവസ്ഥ (ഗോയിറ്റർ), വളർച്ചാ മുരടിപ്പ്, പഠനത്തിൽ പിന്നാക്കം നിൽക്കുക, തലച്ചോറിന്റെ വികാസത്തെ ബാധിക്കുന്നതിലൂടെ ബുദ്ധിശക്തിയിൽ (IQ) സ്ഥിരമായ കുറവ് വരിക തുടങ്ങിയ പ്രശ്നങ്ങൾ കണ്ടേക്കാം.
ഗുരുതരമായ സാഹചര്യങ്ങളിൽ, ഇത് 'ക്രെറ്റിനിസം' (ജന്മനാ ഉണ്ടാകുന്ന ഹൈപ്പോതൈറോയിഡിസം) എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. അമിതമായ ക്ഷീണം, പഠനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ എന്നിവ അനുഭവപ്പെടാം. ഇവ പലപ്പോഴും കൗമാരപ്രായത്തിൽ സാധാരണയായി കണ്ടുവരുന്ന പ്രശ്നങ്ങളാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നിരുന്നാലും, ഇത്തരം ലക്ഷണങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
കുട്ടികളിലെ അയോഡിൻ്റെ കുറവ് ഉണ്ടെങ്കിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ
1. ശാരീരിക വളർച്ചയിലെ കാലതാമസം
2.തൈറോയ്ഡ് ഗ്രന്ഥിയുടെ വലുതാകൽ (ഗോയിറ്റർ)
3. ക്ഷീണവും തളർച്ചയും
4. വൈജ്ഞാനികവും പഠനസംബന്ധവുമായ പ്രശ്നങ്ങൾ
5. ചർമ്മം, മുടി, നഖം എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ
6. ശരീരഭാരത്തിലും മെറ്റബോളിസത്തിലുമുള്ള മാറ്റങ്ങൾ
7. മാനസികാവസ്ഥയിലും പെരുമാറ്റത്തിലുമുള്ള മാറ്റങ്ങൾ