മുടികൊഴിച്ചിൽ കുറയ്ക്കണോ? ഉറങ്ങുമ്പോൾ മുടി കൈകാര്യം ചെയ്യുന്ന രീതി പ്രധാനമാണ്!

കണ്ണടച്ച് സുഖമായി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് നമ്മളിൽ പലരും ചെയ്യുന്ന കാര്യമാണ് മുടി കെട്ടിവെക്കുക എന്നത്. എന്നാൽ കിടക്കുമ്പോൾ മുടി അഴിച്ചിടണോ, അതോ ഇറുക്കി കെട്ടണോ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. ചിലർ മുടി അഴിച്ചിട്ട് കിടന്നുറങ്ങുമ്പോൾ, മറ്റ് ചിലർ നന്നായി ഇറുക്കി പിന്നിക്കെട്ടിയാകും കിടക്കുക. എന്നാൽ മുടിയുടെ ആരോഗ്യത്തിന് ഇതിൽ ഏത് രീതിയാണ് ഏറ്റവും അനുയോജ്യമെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകില്ല.

 


കണ്ണടച്ച് സുഖമായി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് നമ്മളിൽ പലരും ചെയ്യുന്ന കാര്യമാണ് മുടി കെട്ടിവെക്കുക എന്നത്. എന്നാൽ കിടക്കുമ്പോൾ മുടി അഴിച്ചിടണോ, അതോ ഇറുക്കി കെട്ടണോ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. ചിലർ മുടി അഴിച്ചിട്ട് കിടന്നുറങ്ങുമ്പോൾ, മറ്റ് ചിലർ നന്നായി ഇറുക്കി പിന്നിക്കെട്ടിയാകും കിടക്കുക. എന്നാൽ മുടിയുടെ ആരോഗ്യത്തിന് ഇതിൽ ഏത് രീതിയാണ് ഏറ്റവും അനുയോജ്യമെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകില്ല.

മുടി കെട്ടുന്നതിന് ഈ രീതികൾ മുടിയുടെയും സ്‌കാൽപ്പിന്റെയും ആരോഗ്യം, നമ്മുടെ ഉറക്കത്തിന്റെ നിലവാരം എന്നിവയെ അടക്കം സ്വാധീനിക്കുന്നുണ്ട് എന്നതാണ് വാസ്തവം. മുടി അഴിച്ചിട്ടാണ് കിടന്നുറങ്ങുന്നത് എങ്കിൽ സ്‌കാൽപ്പിന് ശ്വസിക്കാൻ പ്രയാസമുണ്ടാകില്ലെന്നാണ് ഹെയർ സ്‌പെഷ്യലിസ്റ്റുമാർ പറയുന്നത്. വിയർപ്പും ഈർപ്പവും തലയിൽ അടിഞ്ഞുകൂടാതിരിക്കാനും ഈ രീതി സഹായിക്കുമത്രേ. ചൊറിച്ചിലും താരനും ഉണ്ടാവാനുള്ള സാഹചര്യവും ഇതുവഴി ഒഴിവാകും.

മുടി അഴിച്ചിടുമ്പോൾ അവയുടെ വേരുകൾ പൊട്ടിവരാനുള്ള സാഹചര്യവും ഇല്ലാതാകുമെന്നും മുടികൊഴിച്ചിൽ ഉണ്ടാകില്ലെന്നും ഇവർ പറയുന്നു. എന്നാൽ നീളവും കട്ടിയമുള്ള മുടിയുള്ള സ്ത്രീകളടക്കം മുടി അഴിച്ചിട്ട് കിടക്കുമ്പോൾ നിരന്തരം മറിയുകയും തിരിയുകയും ചെയ്യുമ്പോൾ തലയിണയിൽ മുടി ഉരസുകയും ഇതോടെ മുടി കുരുങ്ങാനും പൊട്ടാനും കാരണമാകും.

അയഞ്ഞ മുടിയുമായി ഉറങ്ങിയാൽ അവ ചുരുണ്ടുപോവുകയോ അലങ്കോലമായി തീരുകയോ ചെയ്യും. അതേസമയം മുടി അയഞ്ഞ രീതിയിൽ പിന്നികെട്ടുകയാണെങ്കിൽ ചില ഗുണങ്ങളുണ്ട്. ഇങ്ങനെ ചെയ്യുന്നത് മുടിയിൽ കുരുക്ക് വീഴുന്നത് തടയും. മാത്രമല്ല മുടി പൊട്ടിപോവുകയുമില്ല. നീണ്ട മുടിയുള്ളവർക്കാകും ഈ രീതി ഉപകാരമാകുന്നത്. ഇത് മുടിയെ അലങ്കോലമാക്കില്ല. നിങ്ങൾ ഇറുകിയ രീതിയിലാണ് മുടി കെട്ടിവെയ്ക്കുന്നതെങ്കിൽ സ്‌കാൽപ്പിലും മുടിയുടെ വേരുകളിലും ഇത് സമ്മർദം ഉണ്ടാക്കും. പിന്നാലെ ഇത് മുടികൊഴിച്ചിലും ഉണ്ടാവാൻ ഇടയുണ്ട്.

അധികം ഇറുക്കമുള്ള രീതിയിൽ മുടി കെട്ടിവെക്കാതെ, മുടി നന്നായി പിന്നിയിട്ട ശേഷം തുമ്പിലായി സോഫ് സ്‌ക്രഞ്ചിയോ ഫാബ്രിക്ക് റിബണോ കെട്ടിവെയ്ക്കാം. റബർ ബാൻഡുകൾ ഉപയോ​ഗിക്കുന്നത് നല്ലതല്ല.

മുടിയുടെ നീളം, ഘടന, വ്യക്തിപരമായ സൗകര്യം എന്നിവ കണക്കാക്കിയാണ് മുടി കെട്ടിവെച്ച് ഉറങ്ങണോ അതോ അഴിച്ചിട്ട് ഉറങ്ങണോ എന്ന് തീരുമാനിക്കേണ്ടത്. മുടി ഇറുക്കിയ നിലയിൽ കെട്ടിവെച്ച് കിടന്ന് ഉറങ്ങാതിരിക്കുന്നതാണ് നല്ലത്. അയഞ്ഞ രീതിയിൽ മുടി പിന്നിയിട്ടോ അഴിച്ചിട്ടോ ഉറങ്ങുന്നതാണ് സുരക്ഷിതവും ആരോഗ്യകരവുമായി രീതിയെന്നാണ് വിദ​ഗ്ധാഭിപ്രായം.

ഉറങ്ങുന്നതിന് മുമ്പ് മുടി പൂർണമായും ഉണങ്ങിയോ എന്ന് ഉറപ്പ് വരുത്തേണ്ടതും അത്യാവശ്യമാണ്. ഫ്രിക്ഷൻ കുറയ്ക്കാനായി തലയിണ ഉറയായി സിൽക്കോ കോട്ടനോ ഉപയോഗിക്കുന്നതാണ് അഭികാമ്യം. ചെറിയ അളവിൽ ഹെയർ ഓയിലോ സിറമോ മുടിയിൽ തേയ്ക്കുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും. കൂടാതെ മുടി പൊട്ടുന്നത് തടയാനും ഇങ്ങനെ ചെയ്യുന്നത് സഹായിക്കും.