ആരോഗ്യഗുണങ്ങൾ ഏറെയുള്ള  കര്‍ക്കിടകക്കഞ്ഞി; ഇങ്ങനെ തയ്യാറാക്കാം 

രോഗങ്ങളും ദുരിതങ്ങളും നിറഞ്ഞ ഒരു മാസമാണ് കര്‍ക്കിടകം. ആയുര്‍വേദമനുസരിച്ച്, ശരീരത്തിലെ ത്രിദോഷങ്ങളുടെ (വാതം, പിത്തം, കഫം) അസന്തുലിതാവസ്ഥയാണ് ഇതിനെല്ലാം കാരണം; ഇത് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കുറയ്ക്കുകയും രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 

 രോഗങ്ങളും ദുരിതങ്ങളും നിറഞ്ഞ ഒരു മാസമാണ് കര്‍ക്കിടകം. ആയുര്‍വേദമനുസരിച്ച്, ശരീരത്തിലെ ത്രിദോഷങ്ങളുടെ (വാതം, പിത്തം, കഫം) അസന്തുലിതാവസ്ഥയാണ് ഇതിനെല്ലാം കാരണം; ഇത് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കുറയ്ക്കുകയും രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ദഹനപ്രക്രിയയെയും ഇത് ബാധിക്കുന്നതിനാല്‍ ശരീരം കൂടുതല്‍ ദുര്‍ബലമാകുന്നു. അതിനാല്‍, ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും അതേസമയം പോഷകമൂല്യം വര്‍ദ്ധിപ്പിക്കുകയും വേണം. ഇതിനാണ് കര്‍ക്കിടകത്തില്‍ വീടുകളില്‍ ‘കര്‍ക്കിടകക്കഞ്ഞി' തയ്യാറാക്കുന്നത്. ശരീരത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'കര്‍ക്കിടക ചികിത്സ'യുടെ ഭാഗമായിട്ടായിരുന്നു ഇത് ചെയ്തിരുന്നത്.

‘മരുന്ന്കഞ്ഞി’, ‘ഔഷധക്കഞ്ഞി’ എന്നീ പേരുകളിലും അറിയപ്പെടുന്ന കര്‍ക്കിടകക്കഞ്ഞി, എളുപ്പത്തില്‍ ദഹിക്കുന്ന ധാന്യങ്ങള്‍, ഔഷധസസ്യങ്ങള്‍, ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. പ്രാദേശികഭേദമനുസരിച്ച് ഇതിലെ ചേരുവകളില്‍ മാറ്റം വരാം.

‘കര്‍ക്കിടകക്കഞ്ഞി' ഒരു തവണ കഴിക്കുന്നത് പോലും വര്‍ഷം മുഴുവന്‍ ശരീരത്തിന്റെ പ്രതിരോധശേഷി നിലനിര്‍ത്താന്‍ സഹായിക്കും. ഇത് തയ്യാറാക്കുന്നതിനും കഴിക്കുന്നതിനും വിവിധ രീതികളും കൂട്ടുചേരുവകളും നിലവിലുണ്ട്.

ഇക്കാര്യത്തില്‍ ആയുര്‍വേദ വിദഗ്ധര്‍ക്കും സാധാരണക്കാര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമാണുള്ളത്്. മൂന്ന് ദിവസം മാത്രം കഴിച്ചാല്‍ മതിയെന്ന് ചിലര്‍ വിശ്വസിക്കുമ്പോള്‍, ഒരാഴ്ച കഴിക്കണമെന്ന് മറ്റു ചിലരും കര്‍ക്കിടകമാസം മുഴുവന്‍ കഴിക്കണമെന്ന് വേറെ ചിലരും അഭിപ്രായപ്പെടുന്നു.

ഇതെല്ലാം സൂചിപ്പിക്കുന്നത് കര്‍ക്കിടകക്കഞ്ഞി എന്നത് ഒരുതരം പരമ്പരാഗത ഗാര്‍ഹികചികിത്സാ രീതിയാണ് എന്നതത്രേ. ‘അടുക്കള വൈദ്യം' എന്ന വിശാലമായ നാട്ടുചികിത്‌സാ ക്രമങ്ങളുടെ ഭാഗമാണിത്. പഴയ മുത്തശ്ശിമാര്‍ക്ക് ഇതേക്കുറിച്ച് നല്ല ജ്ഞാനമുണ്ടായിരുന്നു. തലമുറകളില്‍ നിന്നും തലമുറകളിലേക്ക് പകര്‍ന്നെത്തിയിരുന്ന അറിവായിരുന്നു ഇത്. അതുകൊണ്ടുതന്നെ, കൂട്ടുകുടുംബള്‍ നിലച്ചപ്പോള്‍ ബന്ധങ്ങളെന്ന പോലെ ഇവയും അന്യം നിന്നുപോയി.

വിറ്റാമിനുകള്‍, ധാതുക്കള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീനുകള്‍ എന്നിവയോടൊപ്പം ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന നാരുവര്‍ഗങ്ങളാലും സമ്പന്നമായ ഒരു മികച്ച ഭക്ഷണമാണ് കര്‍ക്കിടകക്കഞ്ഞി. ഉയര്‍ന്ന കൊളസ്‌ട്രോള്‍, അമിതവണ്ണം, സന്ധിവാതം, പ്രമേഹം, നട്ടെല്ലിനെ ബാധിക്കുന്ന രോഗങ്ങള്‍ (ലംബാര്‍/സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്) തുടങ്ങിയ രോഗാവസ്ഥകളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഇത് ഏറ്റവും അനുയോജ്യമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നു.

എളുപ്പത്തില്‍ ദഹിക്കുന്ന ‘ഞവര' എന്ന പ്രത്യേക തരം അരിയാണ് കര്‍ക്കിടകക്കഞ്ഞി തയ്യാറാക്കാനായി ഉപയോഗിക്കുന്നത്. പ്രമേഹത്തെ പ്രതിരോധിക്കാനുള്ള ശേഷിയും ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഉയര്‍ന്ന പോഷകമൂല്യവുമാണ് ഞവര അരിയെ സാധാരണ അരികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. കര്‍ക്കിടകക്കഞ്ഞി ദിവസവും തയ്യാറാക്കി ചൂടോടെ കഴിക്കുന്നതാണ് ഉത്തമം.

അതേസമയം ഒരു അത്താഴഭക്ഷണമെന്ന തരത്തില്‍ സാധാരണ കഞ്ഞി നല്‍കുന്ന ഗുണങ്ങള്‍ കര്‍ക്കിടകക്കഞ്ഞിക്കുമുണ്ട്: വിശപ്പ്, ദാഹം, ക്ഷീണം എന്നിവ അകലും. ഉദരരോഗത്തിന്റെ വൈഷമ്യങ്ങള്‍, വയറുവേദന, അസ്വസ്ഥത എന്നിവ ഒറ്റരാത്രി കൊണ്ട് വിടപറയും.

തയ്യാറാക്കേണ്ട വിധം
പരമ്പരാഗതരീതിയില്‍ കര്‍ക്കിടകക്കഞ്ഞി തയ്യാറാക്കാന്‍ 87 തരം ഔഷധസസ്യങ്ങള്‍ ആവശ്യമാണ്. അത്രയും ശേഖരിച്ചു കൊണ്ടുവന്ന് അരിഞ്ഞ് ചതച്ച് അവയുടെ സത്ത് (നീര്) വേര്‍തിരിച്ചെടുക്കുന്നു. ഈ സത്ത് തുല്യഅളവില്‍ വെള്ളം ചേര്‍ത്ത് തിളപ്പിക്കുന്നു. തിളച്ചുവരുന്ന മിശ്രിതത്തിലേക്ക് ഞവര അരി, ചെറുപയര്‍, ഉലുവ, മറ്റ് ചേരുവകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ചേര്‍ത്ത് നന്നായി വേവിക്കുന്നു. ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് ചൂടോടെ വിളമ്പുന്നു. കയ്പ്‌രസം ഒഴിവാക്കാന്‍ ഉപ്പ്, പനഞ്ചര്‍ക്കര (കരിപ്പെട്ടി), അല്ലെങ്കില്‍ നെയ്യില്‍ മൂപ്പിച്ച ചെറിയ ഉള്ളി എന്നിവ ചേര്‍ക്കാവുന്നതാണ്.

വേണ്ട സാധനങ്ങള്‍:

(1) ഞവരഅരി

(2) ചെറുപയര്‍

(3) ജീരകം

(4) ഉലുവ

(5) ഗോതമ്പ്‌നുറുക്ക്

അങ്ങാടിക്കടയില്‍ നിന്നും വാങ്ങേണ്ടത്:

(1) ബലാമൂലചൂര്‍ണ്ണം

(2) പഞ്ചകോലചൂര്‍ണ്ണം

(3) ദശപുഷ്പസ്വാരസം

(4) ആശാളി (ഒമഹീ ടലലറ)

ഒരു ഗ്ലാസ് വെള്ളത്തില്‍ 10 ഗ്രാം ബലാമൂലചൂര്‍ണ്ണം ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്ക് 100 ഗ്രാം ഞവര അരി, 10 ഗ്രാം ചെറുപയര്‍ എന്നിവ ചേര്‍ക്കുക. തുടര്‍ന്ന് 10 ഗ്രാം ജീരകം, 10 ഗ്രാം ഉലുവ, ഗോതമ്പ്‌നുറുക്ക്, 10 ഗ്രാം ആശാളി, 5 ഗ്രാം പഞ്ചകോലചൂര്‍ണ്ണം എന്നിവ ചേര്‍ത്ത് തിളപ്പിക്കുന്നത് തുടരുക. അരി വെന്തുകഴിഞ്ഞാല്‍, ആവശ്യത്തിന് തേങ്ങാപ്പാലും ഒപ്പം ‘ദശപുഷ്പസ്വാരസ’വും ചേര്‍ക്കുക. കയ്പ് കുറയ്ക്കുന്നതിനായി ഇന്തുപ്പോ പനംശര്‍ക്കരയോ ചേര്‍ക്കാവുന്നതാണ്.