സ്ത്രീകളിലെ ഹൃദയാഘാതം !
സ്ത്രീകളിൽ ഹൃദയാഘാതവും മറ്റ് ഹൃദയസംബന്ധമായ അസുഖങ്ങളും ബാധിക്കുന്നവരുടെ എണ്ണം ഇന്ത്യയിലും ലോകമെമ്പാടും ദിനംപ്രതി കൂടിവരികയാണ്. ഹൃദയാഘാതം, ഹൃദയസ്തംഭനം തുടങ്ങിയ രോഗങ്ങൾ സ്തനാർബുദത്തെ അപേക്ഷിച്ച് 10 മടങ്ങ് കൂടുതൽ സ്ത്രീകളെ ബാധിക്കുന്നതായി പഠനങ്ങൾ പറയുന്നു.
ഒരു സ്ത്രീയുടെ ഹൃദയാരോഗ്യത്തെ വഷളാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. രക്തസമ്മർദ്ദ പ്രശ്നങ്ങളുള്ള സ്ത്രീകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.
ഇന്നത്തെ ജോലിതിരക്കിനിടയിലും അല്ലാതെയുമുള്ള സമ്മർദ്ദം യുവതികൾക്ക് പലപ്പോഴും നിയന്ത്രിക്കാൻ കഴിയാതെ വരുന്നു. ഇത് ഹൃദ്രോഗത്തിനുള്ള വലിയ അപകട ഘടകമാണ്. മോശം ഭക്ഷണ ശീലങ്ങൾ, വേണ്ടത്ര വ്യായാമം ചെയ്യാത്തത്, പൊണ്ണത്തടി എന്നിവയാണ് സ്ത്രീകളിൽ ഹൃദ്രോഗത്തിനുള്ള മറ്റ് കാരണങ്ങൾ. പുകവലിയും മദ്യപാനവും പോലുള്ള തെറ്റായ ജീവിതശൈലി ശീലങ്ങളുണ്ടെങ്കിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു.
' നിലവിൽ, ഹൃദയാഘാതം, ഹൃദയസ്തംഭനം, കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി) കേസുകൾ സ്ത്രീകളുടെ കാര്യത്തിൽ രാജ്യത്ത് ഭയാനകമായ നിരക്കിൽ വർധിച്ചുവരികയാണ്. പ്രായമായവർ മാത്രമല്ല, ചെറുപ്പക്കാരായ സ്ത്രീകളിലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചില ഘടകങ്ങൾ സമ്മർദ്ദം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ്, മോശം ഭക്ഷണ ശീലങ്ങൾ, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം എന്നിവ പോലുള്ളവ, സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. എന്നിരുന്നാലും, പല സ്ത്രീകളും പുറത്ത് പറയാതെ കൊണ്ട് നടക്കുന്നു. ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു. ഹൃദയപ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അവയെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകൾ ഇല്ലാതാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്...' - മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ കൺസൾട്ടന്റ് കാർഡിയാക് സർജൻ ഡോ. ബിപീൻചന്ദ്ര ഭാംരെ പറഞ്ഞു.
'സ്‌ത്രീകൾ സ്‌തനാർബുദത്തെക്കുറിച്ചാണ് ആശങ്കപ്പെടേണ്ടതെന്നും ഹൃദയാരോഗ്യത്തെക്കുറിച്ചല്ലെന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ, ഇത് തെറ്റാണ്. ഹൃദ്രോഗം സ്ത്രീകളിൽ ഉയർന്ന മരണനിരക്കിലേക്കും രോഗാവസ്ഥയിലേക്കും നയിക്കുന്നു. നേരത്തെയുള്ള ആർത്തവവിരാമം, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയുള്ള സ്ത്രീകൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, പ്രീക്ലാംസിയ (ഗർഭാവസ്ഥയിൽ ഉയർന്ന രക്തസമ്മർദ്ദം) കണ്ടുപിടിക്കുന്ന സ്ത്രീകൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകൾ എടുക്കണം...' - ഡോ. ബിപീൻചന്ദ്ര പറഞ്ഞു.