ഓറഞ്ചിനേക്കാളും വാഴപ്പഴത്തേക്കാളും പേരയ്ക്ക ആരോഗ്യകരം !

 


മാര്‍ക്കറ്റിലും വീട്ടുവളപ്പിലും ധാരാളമായി കാണുന്ന പഴവര്‍ഗമാണ് പേരക്ക. നമ്മള്‍ ദിവസവും കഴിക്കുന്ന ഈ പേരക്ക മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെ മികച്ച ഫലം നല്‍കുന്നവയുമാണ്. ദിവസവും നിങ്ങള്‍ കഴിക്കുന്ന ഓറഞ്ചിനേക്കാളും വാഴപ്പഴത്തിനേക്കാളും പോഷകമൂല്യം കൂടുതലടങ്ങിയിരിക്കുന്നതും പേരയ്ക്കയിലാണ്. ആരോഗ്യവും ഫിറ്റ്‌നസും മെച്ചപ്പെടുത്താനും ഇവ കഴിക്കുന്നത് വളരെ ഗുണം ചെയ്യുന്നതാണ്. 

പേരയ്ക്കയെ അവഗണിക്കുന്നു

മിക്കവരുടെയും ചിന്ത വിറ്റാമിന്‍ സി എന്നത് ഓറഞ്ച് മാത്രമാണെന്നാണ്. അതുകൊണ്ട് തന്നെ മിക്ക വീടുകളിലും ഓറഞ്ചിനാണു പ്രാധാന്യം കൊടുക്കുന്നത്. ഓറഞ്ചും വാഴപ്പഴവും സ്ഥിരമായി വീട്ടില്‍ കൊണ്ടുപോകുന്നവരും ധാരാളമുണ്ട്. എന്നാല്‍ നമ്മുടെ വീട്ടുവളപ്പില്‍ തന്നെ സുലഭമായി കിട്ടുന്ന പേരയ്ക്കക്കോ യാതൊരു ഡിമാന്റുമില്ല. ഇതിന്റെ ഗുണങ്ങള്‍ അറിഞ്ഞു വയ്ക്കൂ... പ്രതിരോധ ശേഷിക്കും ദഹനത്തിനും പ്രോട്ടീന്‍ വര്‍ധിപ്പിക്കാനുമൊക്കെ പേരയ്ക്ക ബെസ്റ്റാണ്. ഈ ഗുണങ്ങള്‍ നിങ്ങള്‍ അറിഞ്ഞു കഴിഞ്ഞാല്‍ പേരയ്ക്കയെ പിന്നെ അവഗണിക്കുകയില്ല. 

വിറ്റാമിന്‍ സിയുടെ പവര്‍ഹൗസ്

ചര്‍മത്തിന്റെ ഗുണനിലവാരത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഓറഞ്ചിനേക്കാള്‍ മികച്ചതാണ് പേരയ്ക്ക. ഇതില്‍ വിറ്റാമിന്‍ സി ഓറഞ്ചിനേക്കാള്‍ കൂടുതലാണ്. ആരോഗ്യകരമായ ചര്‍മത്തിനും സന്ധികള്‍ക്കും ശരീരത്തിലെ കൊളാജന്‍ തയാറാക്കുന്നതില്‍ വിറ്റാമിന്‍ സി സഹായിക്കുന്നുണ്ട്. സസ്യഭക്ഷണങ്ങളില്‍ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യുന്നതും വര്‍ധിപ്പിക്കുന്നു. മലിനീകരണം, അമിത വ്യായാമം, സമ്മര്‍ദ്ദമുള്ള ജീവിതം എന്നിവയില്‍ നിന്നുണ്ടാകുന്ന നാശത്തില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നു. സപ്ലിമെന്റുകള്‍ ഇല്ലാതെ തന്നെ നിങ്ങള്‍ക്ക് മികച്ച വിറ്റാമിന്‍ സി പേരയ്ക്കയില്‍ നിന്നു ലഭിക്കും. 

പൊട്ടാസ്യം കൂടുതല്‍- പഞ്ചസാര കുറവ്

പൊട്ടാസ്യം കഴിക്കുന്ന കാര്യത്തില്‍ വ്യായാമത്തിനു ശേഷം ഒരു വാഴപ്പഴം കഴിക്കുക എന്നതാണ് ആളുകളുടെ ശീലം. ഇതിന് വാഴപ്പഴം ഫലപ്രദമാണെങ്കിലും കുറഞ്ഞ പഞ്ചസാരയുടെ അളവിലുള്ള പേരയ്ക്ക സമാനമായതോ അതിലും ഉയര്‍ന്നതോ ആയ അളവില്‍ പൊട്ടാസ്യം നല്‍കുന്നുണ്ട്. അതായത് പേരയ്ക്ക കഴിക്കുമ്പോള്‍ ഇതില്‍ പഞ്ചസാരയുടെ അളവ് കുറവായിരുന്നതിനാല്‍ ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നാഡി ഉത്തേജനം പേശികളുടെ സങ്കോചം എന്നിവയ്ക്കു ഗുണം ചെയ്യുന്നുണ്ട്. 

ഹൃദയാരോഗ്യത്തിന് പൊട്ടാസ്യം വളരെ അത്യാവശ്യമാണ്. ആധുനിക ഭക്ഷണക്രമത്തിലും സംസ്‌കരിച്ച ഭക്ഷണങ്ങളിലും സോഡിയത്തിന്റെ ഉയര്‍ന്ന അളവ് കണക്കിലെടുക്കുമ്പോള്‍ പഞ്ചസാരയുടെ അളവ് കുറവും ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. അതുകൊണ്ട് ലഘുഭക്ഷണ സമയത്ത് നിങ്ങള്‍ക്ക് ഹൃദയത്തെ ശക്തിപ്പെടുത്തുന്ന പേരയ്ക്ക തിരഞ്ഞെടുക്കാവുന്നതാണ്.