മുഖക്കുരുവും മുടികൊഴിച്ചിലും അലട്ടുന്നുണ്ടോ? പരിഹാരം നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്!
ഇന്നത്തെ കാലത്ത് സ്ത്രീകളിൽ കണ്ടുവരുന്ന ഏറ്റവും സാധാരണമായ ഹോർമോൺ വ്യതിയാനങ്ങളിൽ ഒന്നാണ് പോളിസിസ്‌റ്റിക് ഒവേറിയൻ സിൻഡ്രോം അഥവാ പിസിഒഎസ് (PCOS). ശരീരത്തിലെ ആൻഡ്രോജൻ എന്ന പുരുഷ ഹോർമോണിന്റെ അളവ് അമിതമായി വർദ്ധിക്കുന്നത് വഴി അണ്ഡോത്പാദനം തടസ്സപ്പെടുകയും, ഇത് ആർത്തവചക്രത്തെ താളംതെറ്റിക്കുകയും ചെയ്യുന്നു. കേവലം ഒരു ശാരീരിക പ്രശ്നമെന്നതിലുപരി, കൃത്യസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കിൽ വന്ധ്യത പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് ഇത് നയിച്ചേക്കാം."
ഭക്ഷണക്രമത്തിലും വ്യായാമത്തിലും അടക്കം വരുത്തുന്ന ചില ജീവിതശൈലി മാറ്റങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുടെ തീവ്രത കുറയ്‌ക്കാനാകുമെന്ന് ആരോഗ്യ വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. ക്രമം തെറ്റിയ ആർത്തവ മുറ, ഭാരം വർധിക്കൽ, അമിതമായ ശരീര രോമങ്ങൾ, മുഖക്കുരു, മുടിയുടെ ഉള്ള് കുറയൽ, രക്തത്തിലെ ഉയർന്ന പഞ്ചസാര, ശരീരത്തിന്റെ മടക്കുകളിൽ വെൽവെറ്റ് പോലുള്ള ചർമ്മം എന്നിവയെല്ലാണ് പിസിഒഎസ് ലക്ഷണങ്ങൾ. ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ് , ആന്റി ഓക്‌സിഡന്റുകൾ എന്നിവ അധികം അടങ്ങിയ മെഡിറ്ററേനിയൻ ഡയറ്റ് പിസിഒഎസ് ലക്ഷണങ്ങളുടെ തീവ്രത കുറയ്‌ക്കുമെന്ന് വിദ്‌ഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.
ഓട്‌മീൽ, ബ്രൗൺ റൈസ്, ക്വിനോവ എന്നിങ്ങനെയുള്ള ഹോൾ ഗ്രെയ്‌നുകളും ബ്രോക്കളി, ഗ്രീൻ ബീൻസ്, വഴുതനങ്ങ പോലുള്ള പച്ചക്കറികളും ചീര, കെയ്‌ൽ പോലുള്ള പച്ചിലകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. ബ്ലാക്ക് ബീൻസ്, കിഡ്‌നി ബീൻസ് പോലുള്ള പയർ വർഗ്ഗങ്ങൾ, മീൻ, കക്കയിറച്ചി, വാൾനട്ട് , പിസ്‌ത, സൂര്യകാന്തി വിത്ത്, ബെറി പഴങ്ങൾ, സിട്രസ് പഴങ്ങൾ എന്നിവയും പിസിഒഎസ് രോഗികൾ കഴിക്കുന്നത് നല്ലതാണ്. ജ്യൂസിനും സോഡയ്‌ക്കും പകരം വെള്ളരി, ബെറി പഴം, സിട്രസ് പഴങ്ങൾ എന്നിവ ചേർത്ത വെറും വെള്ളം ശീലിക്കേണ്ടതാണ്. ചിപ്‌സ് പോലുള്ള സ്‌നാക്‌സ് മാറ്റി പകരം കടലയോ നട്‌സോ കഴിക്കാവുന്നതാണ്.
വൈറ്റ് ബ്രഡ്, അരി, പാസ്‌ത എന്നിവയ്‌ക്ക് പകരം ഹോൾ ഗ്രെയ്‌നോ ഹോൾ വീറ്റോ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. സ്റ്റാർച്ച് ഇല്ലാത്ത പച്ചക്കറികൾ വച്ച് നിങ്ങളുടെ പ്ലേറ്റിന്റെ പകുതിയെങ്കിലും നിറയ്‌ക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഫ്രഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കൻ, ഉരുളക്കിഴങ് ചിപ്‌സ്, പോർക്ക്, ബീഫ് പോലുള്ള റെഡ്‌മീറ്റ്, പഞ്ചസാര അധികമായി ചേർത്ത ഇൻസ്റ്റന്റ് ഓട്‌മീൽ, വൈറ്റ് റൈസ്, എനർജി ഡ്രിങ്കുകൾ എന്നിവയും പിസിഒഎസ് രോഗികൾ ഒഴിവാക്കേണ്ട ചില ഭക്ഷണവിഭവങ്ങളാണ്. ഈ ഭക്ഷണനിയന്ത്രണത്തോടൊപ്പം വ്യായാമവും ജീവിതശൈലിയുടെ ഭാഗമാക്കണം. ദിവസം 10-15 മിനിട്ടെങ്കിലും നടന്ന് കൊണ്ട് വ്യായാമം ആരംഭിക്കാം. യോഗ, സൈക്കിൾ ചവിട്ടം, നീന്തൽ പോലുള്ള വ്യായാമ മുറുകളും ഉൾപ്പെടുത്താവുന്നതാണ്.