ദിവസവും ഒരു കഷ്ണം ഇഞ്ചി ചവച്ചരച്ച് കഴിച്ചുനോക്കൂ; 60 ദിവസം കൊണ്ട് എന്തൊക്കെ മാറ്റങ്ങൾ?

നമ്മുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമായ ഇഞ്ചിക്ക് ആരോഗ്യഗുണങ്ങൾ ഏറെയാണ്. വീക്കം കുറയ്ക്കാനും ഓക്‌സിഡേറ്റീവ് സമ്മർദത്തെ ചെറുക്കാനും സഹായിക്കുന്ന ജൈവ സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്.

 

നമ്മുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമായ ഇഞ്ചിക്ക് ആരോഗ്യഗുണങ്ങൾ ഏറെയാണ്. വീക്കം കുറയ്ക്കാനും ഓക്‌സിഡേറ്റീവ് സമ്മർദത്തെ ചെറുക്കാനും സഹായിക്കുന്ന ജൈവ സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ദിവസവും ഒരു ചെറിയ കഷ്ണം ഇഞ്ചി ചവച്ചരച്ച് തുടർച്ചയായി 60 ദിവസം കഴിച്ചാൽ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാകും? ദഹനം, തൊണ്ടയുടെ ആരോഗ്യം, രക്തചംക്രമണം എന്നിവയിൽ ഇഞ്ചി എന്ത് സ്വാധീനമാണ് ചെലുത്തുന്നത്? താനെയിലെ കെ.ഐ.എം.എസ് ആശുപത്രിയിലെ ചീഫ് ഡയറ്റീഷ്യൻ ഡോ. അമ്രീൻ ഷെയ്ഖിന്റെ അഭിപ്രായങ്ങൾ ഉൾപ്പെടെ ഇഞ്ചിയുടെ ആരോഗ്യഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരിശോധിക്കാം.

"6 മുതൽ 8 ആഴ്ചകൾക്കുള്ളിൽ ചുമ കുറയുന്നതായും ദഹനം മെച്ചപ്പെടുന്നതായും വയറുവീർപ്പ് കുറയുന്നതായും പലരും ശ്രദ്ധിക്കാറുണ്ട്. സീസണൽ ശ്വാസകോശ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ശ്വാസനാളത്തിന്റെ ആന്തരിക പാളിയെ ശാന്തമാക്കാനും ശ്വാസകോശ ആരോഗ്യത്തെ പിന്തുണയ്ക്കാനും ഇഞ്ചി സഹായിക്കും," ഡോ. അമ്രീൻ വ്യക്തമാക്കി.

ദിവസവും ഇഞ്ചി കഴിക്കുന്നത് ശ്വാസകോശാരോഗ്യത്തിന് യഥാർത്ഥത്തിൽ ഗുണം ചെയ്യുമോ?

തീർച്ചയായും ഗുണം ചെയ്യും, എന്നാൽ അമിതമായ പ്രതീക്ഷകൾ പാടില്ലെന്ന് ഡോ.അമ്രീൻ ചൂണ്ടിക്കാട്ടി. "ഒരു മരുന്നിനെപ്പോലെ ശ്വാസകോശത്തെ ഉടനടി തുറക്കാൻ ഇഞ്ചിക്ക് കഴിയില്ല. പകരം, അത് വളരെ മൃദുവായിട്ടാണ് പ്രവർത്തിക്കുന്നത്. തൊണ്ടയിലെ കഫക്കെട്ട് കുറയ്ക്കാനും, തണുപ്പുകാലത്തെ നേരിയ ശ്വാസംമുട്ടൽ അകറ്റാനും, മലിനീകരണം മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ ലഘൂകരിക്കാനും ഇതിന് സാധിക്കും. ഇഞ്ചിയുടെ ചൂടു നൽകുന്ന സ്വഭാവം കഫത്തെ ഇളക്കി പുറത്തുകളയാൻ സഹായിക്കുന്നു. ആസ്ത്മ, സിഒപിഡി തുടങ്ങിയ വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ ഉള്ളവർക്ക് ഇഞ്ചി ഒരു അനുബന്ധ സഹായമായി ഉപയോഗിക്കാമെങ്കിലും, അത് ഒരിക്കലും ഡോക്ടർ നിർദേശിച്ച ചികിത്സയ്ക്ക് പകരമാവില്ല."

ദിവസവും ഇഞ്ചി കഴിക്കുന്നതിൽ പാർശ്വഫലങ്ങളുണ്ടോ?

ദിവസവും ഇഞ്ചി കഴിക്കുന്നത് പൊതുവെ സുരക്ഷിതമാണ്, എന്നാൽ അമിതമായാൽ വായയിൽ അസ്വസ്ഥത, നെഞ്ചെരിച്ചിൽ, അസിഡിറ്റി എന്നിവ ഉണ്ടാകാം. കൂടാതെ ഇത് രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ നേർത്തതാക്കാനും സാധ്യതയുണ്ട്. "രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവരും അസിഡിറ്റി അല്ലെങ്കിൽ ഗ്യാസ്ട്രൈറ്റിസ് പ്രശ്നങ്ങളുള്ളവരും ഇത് പതിവാക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടണം. മിതത്വം വളരെ പ്രധാനമാണ്; ഒരു ചെറിയ കഷ്ണം ഇഞ്ചി മാത്രം ധാരാളമാണ്," ഡോ.അമ്രീൻ പറഞ്ഞു.

"ഇഞ്ചി കഴിക്കുമ്പോൾ നെഞ്ചെരിച്ചിൽ അനുഭവപ്പെടുകയാണെങ്കിൽ, അതിന്റെ അളവ് കുറയ്ക്കുകയോ അല്ലെങ്കിൽ പച്ചയ്ക്ക് ചവച്ചരച്ച് കഴിക്കുന്നതിന് പകരം ചൂടുള്ള ഇഞ്ചി വെള്ളം കുടിക്കുകയോ ചെയ്യാം," ഡോക്ടർ നിർദേശിച്ചു.


ഇഞ്ചി ആരോഗ്യത്തിന് പിന്തുണ നൽകുന്ന ഒരു ഭക്ഷണപദാർത്ഥം മാത്രമാണ്, മരുന്നല്ലെന്ന് ഡോ. അമ്രീൻ ഓർമ്മിപ്പിച്ചു. "ഇഞ്ചിക്ക് തൊണ്ടയിലെ അസ്വസ്ഥതകൾ കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സാധിക്കും. എന്നിരുന്നാലും, അടിക്കടി ശ്വാസംമുട്ടൽ, വിട്ടുമാറാത്ത ചുമ, നെഞ്ചിൽ ഭാരം അല്ലെങ്കിൽ മുറുക്കം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ കൃത്യമായ വൈദ്യപരിശോധന നടത്തേണ്ടതാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ നല്ലതാണെങ്കിലും, ശ്വാസകോശ ആരോഗ്യത്തിന് കൃത്യസമയത്തുള്ള രോഗനിർണയമാണ് പ്രധാനം," ഡോക്ടർ പറഞ്ഞു.