ഈ ശീലങ്ങൾ മാറ്റിയാൽ മരുന്നില്ലാതെ തന്നെ ഗ്യാസ്ട്രബിൾ പരിഹരിക്കാം
കുടലിലെ ബാക്ടീരിയകളുടെ പ്രവർത്തനഫലമായാണ് വയറിൽ ഗ്യാസ് രൂപപ്പെടുന്നത്. ആമാശയത്തിൽ നിന്നും ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങൾ കുടലിലെത്തുകയും അവിടെവച്ച് ചില ബാക്ടീരിയകളുടെ പ്രവർത്തന ഫലമായി ഫെർമെന്റേഷൻ പ്രക്രിയ നടക്കുകയും അതുവഴി ചില ഗ്യാസുകൾ രൂപപ്പെടുകയും ആണ് ചെയ്യുന്നത്. ഇത് വയറിൽ തങ്ങിനിന്ന് വയറു വീർത്തു വരികയും അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്യുന്നു. ചില അസുഖങ്ങളുടെ ഭാഗമായും അമിതമായ അസിഡിറ്റിയും ഗ്യാസും ചിലരിൽ കാണപ്പെടുന്നുണ്ട്.
അമിതമായ ഗ്യാസ് ശല്യം കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
* ഭക്ഷണം കഴിക്കുമ്പോൾ പതിയെ ചവച്ചരച്ചു കഴിക്കുക. ഭക്ഷണം പെട്ടെന്ന് കഴിക്കുമ്പോൾ അതിനൊപ്പം വായുവും വയറിലേക്ക് ഇറങ്ങുന്നു. ഇത് വയറിലുള്ള ഗ്യാസുമായി കൂടിച്ചേർന്ന് ഗ്യാസ്ട്രബിളിന്റെ ബുദ്ധിമുട്ട് കൂട്ടുന്നു.
* ഭക്ഷണം കഴിക്കുന്നതിന്റെ കൂടെ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക.
ശരിയായ ദഹനപ്രക്രിയയ്ക്ക് ഭക്ഷണത്തിന് തൊട്ടുമുൻപോ, ഭക്ഷണം കഴിച്ചതിനുശേഷമോ വെള്ളം കുടിക്കുന്നതാണ് നല്ലത്.
* സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിക്കാതിരിക്കുക. സംസാരിക്കുമ്പോൾ കൂടെ വായുവും ഭക്ഷണത്തിനൊപ്പം വയറിലേക്ക് ഇറങ്ങുകയും ഗ്യാസിന്റെ ബുദ്ധിമുട്ട് കൂടുകയും ചെയ്യുന്നു.
Read more: ഡെങ്കിപ്പനിക്ക് സമാനമായ ലക്ഷണങ്ങൾ; എന്താണ് ഒറോപൗഷെ ഫീവർ?
* ഭക്ഷണത്തിനുശേഷം സോഫ്റ്റ് ഡ്രിങ്ക്സ്, ചായ തുടങ്ങിയ പാനീയങ്ങൾ അമിതമായി കുടിക്കുന്നത് ഒഴിവാക്കുക. കാർബണേറ്റഡ് ഡ്രിങ്കുകൾ ഭക്ഷണത്തിനുശേഷം കുടിക്കുന്നത് വയറിൽ വീണ്ടും ഗ്യാസ് രൂപപ്പെടാൻ കാരണമാകുന്നു.
* വയറു നിറയെ ഭക്ഷണം കഴിച്ചതിനുശേഷം കിടക്കരുത്. ഉറക്കത്തിന്റെ സമയങ്ങളിൽ കുടലും ആമാശയവും വിശ്രമ അവസ്ഥയിൽ ആയിരിക്കും. അതിനാൽ ഭക്ഷണം കഴിച്ച് പെട്ടെന്ന് ഉറങ്ങുമ്പോൾ ദഹന പ്രവർത്തനങ്ങൾ ശരിയായി നടക്കാതെ വരികയും അതിന്റെ ഫലമായി ഗ്യാസ് വയറിൽ രൂപപ്പെടുകയും ചെയ്യുന്നു
* ഭക്ഷണം കഴിച്ചതിനുശേഷം അമിതമായി വ്യായാമം ചെയ്യുന്നത് ഒഴിവാക്കുക. ഭക്ഷണം കഴിഞ്ഞാൽ ശരീരത്തിന് ഒരു നിശ്ചിത സമയം വിശ്രമം കൊടുക്കാതെ വ്യായാമം ചെയ്യുമ്പോൾ ദഹനപ്രക്രിയയ്ക്ക് തടസ്സം വരികയും അതുവഴി ഗ്യാസ് രൂപപ്പെടുകയും ചെയ്യുന്നു.
കടപ്പാട് : ഡോ.നന്ദന