നിസാരക്കാരനല്ല വെളുത്തുള്ളി..

 


ഭക്ഷണങ്ങളുടെ രുചി കൂട്ടാനാണ് വെളുത്തുള്ളി ഉപയോഗിക്കാറ്. എന്നാൽ രുചിക്ക് മാത്രമല്ല,ഒരുപാട് ഗുണങ്ങളും വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളിയുടെ പ്രധാന ഘടകമായ അല്ലിസിൻ രക്തസമ്മർദം കുറയ്ക്കാനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും കഴിവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അണുബാധകളിൽ നിന്നും രോഗകാരികളായ ബാക്ടീരിയകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിൽ വെളുത്ത രക്താണുക്കൾ അത്യന്താപേക്ഷിതമാണ്. അല്ലിസിൻ അവയുടെ പ്രവർത്തനം വർധിപ്പിക്കുന്നു.

കൂടാതെ, ഇതിന് ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. അത് കോശങ്ങളെ ആരോഗ്യത്തോടെ നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യും. വെളുത്തുള്ളി വേവിക്കാതെ കഴിക്കുന്നത് ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് കുടലിന് ഗുണം ചെയ്യും. കൂടാതെ കുടലിലെ വിരകളെ അകറ്റാൻ സഹായിക്കുന്നു. ഇത് വയറുവേദന, വയറ്റിലെ പ്രശ്‌നങ്ങൾ എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.

മാംഗനീസ്, വൈറ്റമിൻ സി, സെലിനിയം തുടങ്ങി ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും വെളുത്തുള്ളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്, എല്ലുകളുടെ ബലം വർധിപ്പിക്കുന്നതിന് ഇവ സഹായിക്കും.

വെളുത്തുള്ളി ഹൃദയ സംബന്ധമായ ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഹൃദയാരോഗ്യം വർധിപ്പിക്കാനും ഹൃദയ സംബന്ധമായ തകരാറുകൾ കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ രക്തസമ്മർദം, കൊളസ്‌ട്രോൾ എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.