ഇന്ത്യ വാക്സിന്‍ മഹാശക്തിയായി മാറിയെന്ന് ഐസിഎംആര്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ

കോവാക്സിന്‍ വികസിപ്പിച്ചതിലൂടെ ഇന്ത്യ വാക്സിന്‍ മഹാശക്തിയായി സ്വയം മാറിയെന്ന് കോവിഡ്-19 മഹാമാരിയെ നേരിടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഏജന്‍സിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) മുന്‍ ഡയറക്ടര്‍ ജനറല്‍ പ്രൊഫസര്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ലോകത്തിലെ വാക്സിനുകളുടെ 60 ശതമാനവും നിലവില്‍ ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

തിരുവനന്തപുരം: കോവാക്സിന്‍ വികസിപ്പിച്ചതിലൂടെ ഇന്ത്യ വാക്സിന്‍ മഹാശക്തിയായി സ്വയം മാറിയെന്ന് കോവിഡ്-19 മഹാമാരിയെ നേരിടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഏജന്‍സിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) മുന്‍ ഡയറക്ടര്‍ ജനറല്‍ പ്രൊഫസര്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ലോകത്തിലെ വാക്സിനുകളുടെ 60 ശതമാനവും നിലവില്‍ ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബയോടെക്നോളജി റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ കൗണ്‍സില്‍-രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) യില്‍ വനിതാ ദിനാഘോഷത്തിന്‍റെ ഭാഗമായി 'ആക്സിലറേറ്റ് ആക്ഷന്‍' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ 60 ശതമാനം വാക്സിനും ഇപ്പോള്‍ പൂനെയില്‍ നിര്‍മ്മിച്ചാണ് വിതരണം ചെയ്യുന്നത്. 2021-ല്‍ 100 ലധികം രാജ്യങ്ങളിലേയ്ക്ക് വാക്സിനുകള്‍ കയറ്റുമതി ചെയ്യാന്‍ സാധിച്ചു. വാക്സിന്‍ ഗവേഷണത്തിലും വികസനത്തിലും രാജ്യത്തിന്‍റെ കുതിപ്പാണ് ഇത് പ്രകടമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ധനസഹായം മുതല്‍ പരീക്ഷണങ്ങള്‍ വരെയുള്ള വാക്സിന്‍ വികസനത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണയോടെ സുഗമമായി നടപ്പാക്കാനായി. അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ വിവിധ ഗവേഷണ മേഖലകളില്‍ പ്രാവീണ്യമുളള നാല്‍പ്പത് ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി നാഷണല്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു.

ഒമിക്രോണ്‍ വ്യാപനകാലത്ത് റഷ്യ, യുകെ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മരണനിരക്ക് വളരെ കുറവായിരുന്നു. ജനസംഖ്യയുടെ 95 ശതമനത്തിലധികം ആളുകള്‍ക്കും വാക്സിന്‍ ലഭിച്ചിരുന്നു എന്നതാണ് ഇതിന് കാരണം. പ്രതിസന്ധി ഘട്ടത്തില്‍ ആരോഗ്യ വകുപ്പിനൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങള്‍ നന്നായി പ്രവര്‍ത്തിച്ചതിന്‍റെ തെളിവാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

ശാസ്ത്രഗവേഷണ രംഗത്ത് സ്ത്രീകള്‍ കൂടുതല്‍ മുന്നോട്ട് വരണമെന്ന് പൂനെ ബ്രിക്-നാഷണല്‍ സെന്‍റര്‍ ഫോര്‍ സെല്‍ സയന്‍സ് ഡയറക്ടറും കാന്‍സര്‍ ഗവേഷണ രംഗത്തെ പ്രഗത്ഭയുമായ ഡോ. ശര്‍മിള ബാപത് പറഞ്ഞു. വനിതാ ഗവേഷകര്‍ക്ക് ധാരാളം പദ്ധതികള്‍ നിലവില്‍ ലഭ്യമാണെന്ന് അവര്‍ പറഞ്ഞു.

തങ്ങളുടെ വനിതാ ഫാക്കല്‍റ്റികളും ഗവേഷകരും നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളെ ആര്‍ജിസിബി ഡയറക്ടര്‍ ചന്ദ്രഭാസ് നാരായണ പ്രശംസിച്ചു. ഞങ്ങളുടെ ഫാക്കല്‍റ്റി അംഗങ്ങളില്‍ ഒരാള്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്‍കുന്നു. തങ്ങളുടെ നിരവധി വനിതാ ഗവേഷകര്‍ ലോകപ്രശസ്ത സ്ഥാപനങ്ങളില്‍ ഗവേഷണങ്ങള്‍ തുടരുന്നതായും അദ്ദേഹം പറഞ്ഞു.