ഭക്ഷണം കഴിച്ചയുടൻ ഉറക്കം വരുന്നുണ്ടോ? ‘ഫുഡ് കോമ’യ്ക്ക് പിന്നിലെ കാരണങ്ങൾ
ഉച്ചഭക്ഷണം കഴിച്ച് അൽപ്പസമയം കഴിയുമ്പോൾ കണ്ണുകൾ താനേ അടയുന്നു, ശരീരത്തിന് ഒരു മന്ദത, ജോലിയിൽ ശ്രദ്ധിക്കാൻ പോലും കഴിയുന്നില്ല… ഈ അനുഭവം പലർക്കും പരിചിതമായിരിക്കും. പ്രത്യേകിച്ച് വയറുനിറയെ ഭക്ഷണം കഴിച്ച ദിവസങ്ങളിൽ ക്ഷീണവും മയക്കവും കൂടുന്നതായി തോന്നാം.
ഉച്ചഭക്ഷണം കഴിച്ച് അൽപ്പസമയം കഴിയുമ്പോൾ കണ്ണുകൾ താനേ അടയുന്നു, ശരീരത്തിന് ഒരു മന്ദത, ജോലിയിൽ ശ്രദ്ധിക്കാൻ പോലും കഴിയുന്നില്ല… ഈ അനുഭവം പലർക്കും പരിചിതമായിരിക്കും. പ്രത്യേകിച്ച് വയറുനിറയെ ഭക്ഷണം കഴിച്ച ദിവസങ്ങളിൽ ക്ഷീണവും മയക്കവും കൂടുന്നതായി തോന്നാം. ഉച്ചഭക്ഷണത്തിനു ശേഷമുള്ള ഈ അവസ്ഥയെ പൊതുവെ ‘ഫുഡ് കോമ’ എന്നാണ് വിളിക്കുന്നത്. ഭക്ഷണത്തിന്റെ അളവ്, അതിലെ പോഷകഘടകങ്ങൾ, ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമായേക്കാം. എന്തുകൊണ്ടാണ് ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ ഉറക്കം വരുന്നത്? ഈ അവസ്ഥ ഒഴിവാക്കാൻ ഭക്ഷണശീലങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്താം? നോക്കാം.
ഉച്ചഭക്ഷണത്തിന് ശേഷം നമ്മുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് മയക്കത്തിന് കാരണമാകുന്നു. പ്രധാനമായും താഴെ പറയുന്ന കാരണങ്ങളാലാണ് ഇത് സംഭവിക്കുന്നത്:
വയറു നിറയെ അമിതമായി ആഹാരം കഴിക്കുന്നത് ഫുഡ് കോമയ്ക്ക് കാരണമാകും.രാവിലെ ഭക്ഷണം കഴിക്കാത്തവരിൽ ഉച്ചയ്ക്ക് ശേഷം ഈ മയക്കം കൂടുതലായി കണ്ടുവരുന്നു. ചിക്കൻ, മത്സ്യം തുടങ്ങിയ പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണങ്ങളിൽ ‘ട്രിപ്റ്റോഫാൻ’ എന്ന ഘടകമുണ്ട്. ഇത് ശരീരത്തിൽ സെറോടോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ഉറക്കം വരാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം, അമിതമായി ഭക്ഷണം കഴിച്ചാൽ ഉണ്ടാകുന്ന ഈ ക്ഷീണം നാല് മണിക്കൂർ വരെ നീണ്ടുനിൽക്കാം. ജോലി ചെയ്യുമ്പോഴോ പഠിക്കുമ്പോഴോ ഇത് വലിയ അസൗകര്യമുണ്ടാക്കാം. പ്രത്യേകിച്ചും വാഹനമോടിക്കുമ്പോൾ ഇത്തരം മയക്കം വരുന്നത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം.
ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫുഡ് കോമയെ പ്രതിരോധിക്കാൻ സാധിക്കും:
ഒരിക്കലും അമിതമായി ഭക്ഷണം കഴിക്കരുത്.
എല്ലാ ദിവസവും രാത്രി ഏഴ് മുതൽ എട്ട് മണിക്കൂർ വരെ കൃത്യമായി ഉറങ്ങാൻ ശ്രമിക്കുക.
നിർജ്ജലീകരണം ക്ഷീണമുണ്ടാക്കുകയും തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. അതിനാൽ വെള്ളം, ജ്യൂസ് എന്നിവ ധാരാളം കുടിക്കുക.
ഭക്ഷണത്തോടൊപ്പം മദ്യം കഴിക്കുന്നത് മയക്കം വർദ്ധിപ്പിക്കും. കൂടാതെ മദ്യപാനം രാത്രിയിലെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നതിനാൽ പകൽ സമയത്ത് കൂടുതൽ ക്ഷീണം അനുഭവപ്പെടാൻ കാരണമാകും.