മരം മുറിക്കുന്ന യന്ത്രത്തിൽ കുടങ്ങി വിരലുകൾ അറ്റു ; 15 മണിക്കൂർ ശസ്ത്രക്രിയയിലൂടെ ജാർഖണ്ഡ് സ്വദേശിയുടെ കൈവിരലുകൾ കണ്ണൂർ ആസ്റ്റർ മിംസിൽ തുന്നിച്ചേർത്തു
മരം മുറിക്കുന്ന യന്ത്രത്തിൽ കുടങ്ങി വലതുകൈയുടെ നാല് വിരലുകൾ അറ്റ്‌പോയ ജാർഖണ്ഢ് സ്വദേശിയായ അതിഥിത്തൊഴിലാളിയുടെ വിരലുകൾ കണ്ണൂർ ആസ്റ്റർ മിംസിൽ തുന്നിച്ചേർത്തു. 21 വയസ്സുകാരനായ രൂപേഷ്‌കുമാറിനാണ് ജോലിസ്ഥലത്ത് വെച്ച് അപകടം സംഭവിച്ചത്.
കണ്ണൂർ : മരം മുറിക്കുന്ന യന്ത്രത്തിൽ കുടങ്ങി വലതുകൈയുടെ നാല് വിരലുകൾ അറ്റ്‌പോയ ജാർഖണ്ഢ് സ്വദേശിയായ അതിഥിത്തൊഴിലാളിയുടെ വിരലുകൾ കണ്ണൂർ ആസ്റ്റർ മിംസിൽ തുന്നിച്ചേർത്തു. 21 വയസ്സുകാരനായ രൂപേഷ്‌കുമാറിനാണ് ജോലിസ്ഥലത്ത് വെച്ച് അപകടം സംഭവിച്ചത്. ജനുവരി 10ാം തിയ്യതി ഉച്ചയ്ക്ക് 1.40നാണ് അപകടം സംഭവിച്ചത്. തുടർന്ന് ഇദ്ദേഹത്തെ സമീപത്തുള്ള മറ്റൊരു ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെ നിന്ന് രാത്രി 8 മണിയോടെ കണ്ണൂർ ആസ്റ്റർ മിംസിൽ എത്തിക്കുകയും ചെയ്തു. അപകടം സംഭവിച്ച് ഏകദേശം ആറ് മണിക്കൂറോളം കഴിഞ്ഞാണ് പരിക്ക് പറ്റിയ വ്യക്തി ആസ്റ്റർ മിംസിൽ എത്തിച്ചേർന്നത്. തുടർന്ന് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. മധുചന്ദ്ര, ഡോ. നിപുൺ ,ഡോ നിബു കുട്ടപ്പൻ, ഡോ അർജുൻ ഉണ്ണികൃഷ്ണൻ എന്നിവരുടേയും പ്ലാസ്റ്റിക് സർജറി ടീമിന്റെയും നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയ നിർവ്വഹിക്കുകയായിരുന്നു.
രാത്രി 8.30നാണ് ശസ്ത്രക്രിയ ആരംഭിച്ചത്. അതീവ സങ്കീർണ്ണമായ മൈക്രോവാസ്‌കുലാർ ശസ്ത്രക്രിയാരീതിയിലൂടെയാണ് രൂപേഷ് കുമാറിന്റെ കൈവിരലുകൾ തുന്നിച്ചേർത്തത്. ഓരോ വിരലുകളുടേയും അറ്റുപോയ ഭാഗത്തെ അതിസൂക്ഷ്മമായ ഞരമ്പുകളും ധമനികളും രക്തക്കുഴലുകളും ടെണ്ടണുകളും ഉൾപ്പെടെ പുന:സ്ഥാപിച്ചുകൊണ്ടാണ് ശസ്ത്രക്രിയ നിർവ്വഹിച്ചത്. ഇത് വിരലുകളുടെ ചലനശേഷി തിരികെ നൽകാൻ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. മധുചന്ദ്ര പറഞ്ഞു. ഇത്തരം അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് പ്ലാസ്റ്റിക് സർജറി സൗകര്യമുള്ള ആശുപത്രിയിൽ എത്തിക്കുക എന്നത് പ്രധാനമാണ്, അറ്റുപോയ ശരീരഭാഗം വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് പോളിത്തീൻ കവറിൽ അടച്ച് മുകളിലും താഴെയുമായി ഐസിൽ പൊതിഞ്ഞാണ് ആശുപത്രിയിൽ എത്തിക്കേണ്ടത്. സമയം വൈകുന്നേരം ആ ഭാഗത്തെ കോശങ്ങൾ നശിക്കുകയും ശാസ്ത്രക്രിയ സങ്കീർണമായി തീരുകയും ചെയ്യുമെന്നും ഡോക്ടർ നിപുൻ പറഞ്ഞു.