പരിസ്ഥിതി മലിനീകരണം പ്രമേഹത്തിനിടയാക്കുന്ന ഒരു പ്രധാന ഘടകമെന്ന് വിലയിരുത്തൽ

ഇന്ത്യയിൽ പ്രമേഹരോഗം വർധിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്ന് പരിസ്ഥിതി മലിനീകരണമാണെന്ന് വിലയിരുത്തൽ. പരിസ്ഥിതി മലിനീകരണവും എൻഡോക്രൈൻ ഡിസ്റപ്റ്ററുകളും ഡയബറ്റോളജിയിലെ ഒരു പുതിയപഠന മേഖലയായി രൂപപ്പെട്ടിട്ടുണ്ടെന്ന് അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ (മൽവാ ബ്രാഞ്ച്) ചെയർമാൻ ഡോ. വിതുൽ കെ. ഗുപ്ത പറഞ്ഞു.

 

കൊച്ചി: ഇന്ത്യയിൽ പ്രമേഹരോഗം വർധിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്ന് പരിസ്ഥിതി മലിനീകരണമാണെന്ന് വിലയിരുത്തൽ. പരിസ്ഥിതി മലിനീകരണവും എൻഡോക്രൈൻ ഡിസ്റപ്റ്ററുകളും ഡയബറ്റോളജിയിലെ ഒരു പുതിയപഠന മേഖലയായി രൂപപ്പെട്ടിട്ടുണ്ടെന്ന് അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ (മൽവാ ബ്രാഞ്ച്) ചെയർമാൻ ഡോ. വിതുൽ കെ. ഗുപ്ത പറഞ്ഞു. 'വ്യവസായവൽക്കരണം, പരിസ്ഥിതി സമ്പർക്കം, ഉപാപചയ ആരോഗ്യം എന്നിവ തമ്മിലുള്ള ബന്ധം അടിയന്തരമായ ശ്രദ്ധ ആവശ്യപ്പെടുന്നു' എന്ന് റിസർച്ച് സൊസൈറ്റി ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇൻ ഇന്ത്യ (ആർഎസ്എസ്ഡിഐ) യുടെ 53-ാമത് ദേശീയ വാർഷിക സമ്മേളനത്തിൽ മലിനീകരണവും പ്രമേഹവും എന്ന വിഷയത്തിൽ ഒരു പ്രസന്റേഷൻ നടത്തിക്കൊണ്ട് ഡോ. ഗുപ്ത ചൂണ്ടിക്കാട്ടി.

പ്ലാസ്റ്റിക്കുകളിൽ സാധാരണയായി കാണപ്പെടുന്ന ഫ്താലേറ്റുകൾ (phthalates), ശരീരത്തിലെ ജനിതക നിയന്ത്രണങ്ങളിലൂടെ ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യത വർദ്ധിപ്പിക്കുകയും ഗർഭിണികളിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിന് വഴിവെക്കുകയും ചെയ്യുന്നുവെന്ന് ഇന്ത്യൻ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കർശനമായ എമിഷൻ മാനദണ്ഡങ്ങൾ, കീടനാശിനി ഉപയോഗത്തിലെ നിരീക്ഷണവും നിയന്ത്രണവും, ഭക്ഷ്യ പാക്കേജിംഗിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൽ എന്നിവയുടെ ആവശ്യകത ഡോ. ഗുപ്ത എടുത്തുപറഞ്ഞു. പ്രമേഹ സാധ്യത വിലയിരുത്തലുകളിൽ, ക്ലിനിക്കൽ തലത്തിൽ രോഗിയുടെ പരിസ്ഥിതി പശ്ചാത്തല ചരിത്രം കൂടി ഉൾപ്പെടുത്താനും അദ്ദേഹം നിർദ്ദേശിച്ചു.

നയരൂപീകരണം, പൊതുജനാരോഗ്യ ഇടപെടലുകൾ, ക്ലിനിക്കൽ പ്രാക്ടീസ് എന്നിവയിലൂടെ ഈ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത്, പ്രത്യേകിച്ച് മലിനീകരണവും പ്രമേഹവും വേഗത്തിൽ വർദ്ധിച്ചുവരുന്ന വികസ്വര രാജ്യങ്ങളിൽ, പ്രമേഹവ്യാപനം തടയുന്നതിന് അത്യാവശ്യമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.14 വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ നടക്കുന്ന നാല് ദിവസത്തെ ആർഎസ്എസ്ഡിഐ സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസം, പ്രമേഹത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള വിദഗ്ദ്ധ പാനൽ ചർച്ചകളും ശാസ്ത്രീയ അവതരണങ്ങളും നടന്നു. ഏറ്റവും നൂതനമായ പ്രമേഹ ചികിത്സകളും, ഇന്ത്യയിൽ  ഈ രോഗം കൊണ്ടുണ്ടാവുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളും ചർച്ചാവിഷയമായി.

വൈകാരികമായ ഭക്ഷണരീതിയ്ക്ക് കൂടുതലും വിധേയരാകുന്നത് സ്ത്രീകൾ:

ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവരിൽ വൈകാരികമായ  ഭക്ഷണരീതിയും ഭക്ഷണക്രമം പാലിക്കലും - ഒരു സൈക്കോസോഷ്യൽ മെറ്റബോളിക് വിശകലനം എന്ന വിഷയത്തിൽ ഒരു പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ക്ലിനിക്കൽ ഡയറ്റീഷ്യൻ സ്മിത സിംഗ് പറഞ്ഞത് വൈകാരികമായ ഭക്ഷണരീതിമൂലം പ്രമേഹമുണ്ടാവാനുള്ള സാധ്യത കൂടുതലും സ്ത്രീകളിലാണെന്നാണ്. സ്ത്രീകൾ വൈകാരിക ഭക്ഷണക്രമത്തിന് കൂടുതൽ വിധേയരാകുന്നതിന് ഇന്റർപേഴ്‌സണൽ പാർട്ണർ വയലൻസും (IPV) ഒരു കാരണമാണ്,
ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവരിൽ നടത്തിയ ഒരു ക്രോസ്-സെക്ഷണൽ പഠനത്തിൽ, പുരുഷന്മാരിൽ ഇത് 34 ശതമാനമാണെങ്കിൽ, 58 ശതമാനം സ്ത്രീകളും വൈകാരികമായ ഭക്ഷണരീതി ഇഷ്ടപ്പെടുന്നവരാണെന്ന് ലഖ്നൗവിലെ വെൽനസ് ക്ലിനിക്കിൽ നിന്നുള്ള സ്മിത സിംഗ് പറഞ്ഞു.

ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവരിൽ വൈകാരികമായി ഭക്ഷണം കഴിക്കുന്നത് ഭക്ഷണക്രമം പാലിക്കുന്നതിനെയും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തെയും സാരമായി ബാധിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്, പ്രമേഹരോഗികളുടെ സമഗ്രപരിചരണത്തിൽ മാനസിക സാമൂഹിക അവസ്ഥകളുടെയും ഐപിവിയുടെയും സ്ഥിരമായ പരിശോധന കൂടി ഉൾപ്പെടുത്തുകയും, ലിംഗവ്യത്യാസം സംബന്ധിച്ച് സൂക്ഷ്മതയുള്ളതും, കൂടാതെ അതാത് സംസ്‌കാരത്തിന് അനുയോജ്യമായ രീതിയിൽ തയ്യാറാക്കിയതുമായ പോഷണോപദേശം നൽകുകയും ചെയ്യേണ്ടതുണ്ടെന്നാണ്,'' അവർ പറഞ്ഞു.
ആർ എസ് എസ് ഡി ഐയുടെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് ആറരക്ക് നടക്കും. കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.