കരളിലെ കൊഴുപ്പ് കുറയ്ക്കാന്‍ കുടിക്കാം ഈ കിടിലന്‍ പാനീയം...

 

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. പല കാരണങ്ങള്‍ കൊണ്ടും കരളിന്‍റെ ആരോഗ്യം മോശമാകാം. അമിത മദ്യപാനവും പുകവലിയും മോശം ഭക്ഷണശൈലിയും വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. സംസ്കരിച്ച ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പഞ്ചസാരയുടെ അമിത ഉപയോഗം, കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയുടെ അമിത ഉപയോഗവും കരളിനെ നശിപ്പിക്കും. അത്തരത്തില്‍
കരളില്‍ അമിതമായി കൊഴുപ്പടിയുന്ന രോഗമാണ് ഫാറ്റി ലിവര്‍.

ഇത്തരത്തില്‍ കരളില്‍ അടിയുന്ന കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പാനീയത്തെ കുറിച്ചാണിനി പറയുന്നത്. ജിഞ്ചര്‍ കോഫി അഥവാ ഇഞ്ചി കാപ്പിയാണ് ഈ കിടിലന്‍ പാനീയം. കരൾ ശുദ്ധീകരിക്കാൻ ഏറ്റവും സാധാരണയായി ശുപാർശ ചെയ്യുന്ന പാനീയങ്ങളിൽ ഒന്നാണ് കാപ്പി. കാരണം ഇത് സ്ഥിരമായി കുടിക്കുന്ന ആളുകൾക്ക് വിട്ടുമാറാത്ത കരൾ രോഗങ്ങളും ഫാറ്റി ലിവർ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചി കൂടി ബ്ലാക്ക് കോഫിയില്‍ ചേര്‍ത്ത് കുടിക്കുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കാനും കരളിന്‍റെയും കുടലിന്‍റെയും ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇഞ്ചിയിലെ ജിഞ്ചറോളും ഇതിന് സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഈ പാനീയം ദിവസവും രാവിലെ കുടിക്കാം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.