ദിവസവും മുരിങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ. അറിയാം ഗുണങ്ങൾ..

 

മിക്ക വീടുകളിലും സാധാരണയായി നട്ടുവളർത്തുന്ന ഒരു മരമാണ് മുരിങ്ങ. മുരിങ്ങയിലയ്ക്കും മുരിങ്ങയ്ക്കും മുരിങ്ങയുടെ പൂവിനും ധാരാളം പോഷക​ഗുണങ്ങളുണ്ട്. പലപ്പോഴും മുരിങ്ങയിലയുടെ ​ഗുണങ്ങൾ അറിയാതെ പോകുന്നു. ഇത് കൃത്യമായി പ്രയോജനപ്പെടുത്താൻ നമ്മളിൽ ഭൂരിഭാഗം പേരും മറന്നുപോകും.

ദിവസവും മുരിങ്ങയില കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച്  ഗുരുഗ്രാമിലെ മാക്സ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റായ ലോചൻ ടെബാക്ക് പറയുന്നു. ശരീരഭാരം കുറയ്ക്കാൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിശപ്പ് നിയന്ത്രിക്കുക എന്നതാണ്.

ഭക്ഷണത്തിൽ മുരിങ്ങ ഉൾപ്പെടുത്തുന്നത് ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് വിശപ്പ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് കുറയ്ക്കുന്നതിലൂടെ മധുരമുള്ള ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കുമെന്ന് ഡോ. ടെബാക്ക് പറഞ്ഞു.

മുരിങ്ങയിലയിലെ ഡയറ്ററി ഫൈബർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ മുരിങ്ങയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധൻ പറയുന്നു. ഡയറ്ററി ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കുന്നതിനും അതുവഴി ശരീരഭാരം കുറയ്ക്കുന്നതിനും സഹായകമാകുമെന്ന് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

മറ്റൊന്ന് ആന്റി -ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ് മുരിങ്ങ. ശരീരത്തിലെ വീക്കം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കാനോ ഭക്ഷണത്തിനിടയിൽ ലഘുഭക്ഷണത്തിനോ ഉള്ള ആഗ്രഹം കുറയ്ക്കുകയും ചെയ്യുന്നു. 

മുരിങ്ങയില കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. വൻകുടൽ പുണ്ണ്, വയറിളക്കം, മലബന്ധം എന്നിവയുള്ള ആളുകൾ മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ല ഗുണം ചെയ്യും. മുരിങ്ങയിലയ്ക്ക് മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സാധിക്കും. ഇരുമ്പ്, കാൽസ്യം, ബി വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് മുരിങ്ങ. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.

നിരവധി പോഷകങ്ങളാൽ സമ്പന്നമായ മുരിങ്ങ എല്ലുകളെ ശക്തിപ്പെടുത്താനും സഹായകമാണ്. മറ്റൊന്ന്, ശ്വാസകോശ സംബന്ധമായ രോ​​ഗങ്ങൾ, വൃക്കകളുടെ ആരോഗ്യം, ചിലതരം അർബുദങ്ങൾ എന്നിവയുൾപ്പെടെ നിരവധി രോഗങ്ങളെ തടയാൻ മുരിങ്ങയിലയിലെ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും സഹായിക്കും.

ദിവസവും മുരിങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക ശീലമാക്കാവുന്നതാണെന്നും ഡോ. ടെബാക്ക് പറഞ്ഞു. മുരിങ്ങയില സൂപ്പ്, മുരിങ്ങയില കൊണ്ടുള്ള വിഭവങ്ങൾ ദെെനംദിനഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.