എട്ട് മണിക്ക് ശേഷം അത്താഴം കഴിക്കുന്നവർ ആണോ നിങ്ങൾ , എങ്കിൽ ഇതറിയു !

 

ആരോഗ്യകരമായ ഭക്ഷണരീതി എന്നത് കൃത്യസമയത്തുള്ള ആഹാരം തന്നെയാണ്. സമയം തെറ്റിയുള്ള ഭക്ഷണക്രമം പല ജീവിതശൈലി രോഗങ്ങൾക്കുമുള്ള കാരണമാകാം. ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം പ്രാതൽ എന്നതുപോലെ തന്നെ വൈകീട്ട് കഴിക്കുന്ന ഭക്ഷണത്തിനും നാം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. എന്നാൽ രാവിലെയും ഉച്ചയ്ക്കും ഭക്ഷണം കഴിക്കാൻ കാണിക്കുന്ന ശ്രദ്ധ പലപ്പോഴും അത്താഴത്തിലേക്കെത്തുമ്പോൾ കാണിക്കാറില്ല. അതിന്റെ പ്രധാന കാരണം, ഉറങ്ങാൻ പോകുന്നതിന് മുൻപുള്ള തളർച്ചയും ആ ദിവസത്തെ മുഴുവൻ ക്ഷീണവുമാകാം.

എന്നാൽ വൈകുന്നേരങ്ങളിൽ തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിന് നമ്മുടെ ശരീരത്തെ കൂടുതൽ ആരോഗ്യകരമാക്കാൻ സാധിക്കും. ഈ ഭക്ഷണമാണ് ദഹനത്തിനെയും ഉറക്കത്തിന്റെ ഗുണനിലവാരത്തെയും അളക്കുന്നത്. എന്നുകരുതി ഇഷ്ടമുള്ളതെല്ലാം നിയന്ത്രണമില്ലാതെ കഴിക്കുന്നതും പ്രശ്നമാണേ. അത്താഴം ആസ്വദിച്ചു കഴിക്കാനും വിശപ്പിനെ തൃപ്തിപ്പെടുത്താനും സാധിക്കുന്ന ചില ടിപ്സ് നോക്കാം.

എട്ട് മണിക്ക് മുൻപായി ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഏഴ് മണിക്ക് ശേഷം കഴിക്കുന്നതാണ് നല്ലത്. ഹെവി ഫുഡിന്റെ ആളാണ് നിങ്ങളെങ്കിൽ അത്താഴത്തിന് അത്തരം ഭക്ഷണങ്ങൾ ഉഴിവാക്കാം. പ്രത്യേകിച്ച് ഫ്രൈ ചെയ്തത്. എളുപ്പത്തിൽ ദഹിക്കുന്ന ലഘുവായ, പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം കഴിക്കുക. ഉദാ: ഗ്രിൽ ചെയ്തതോ ബേക്ക് ചെയ്തതോ ആയ കൊഴുപ്പ് കുറഞ്ഞ ചിക്കൻ, പയർവർഗങ്ങൾ, പച്ച ഇലക്കറികൾ പച്ചക്കറികളടങ്ങിയ സാലഡുകൾ.

ദഹിക്കാൻ എളുപ്പമുള്ളതും ഉറക്കത്തെ തടസ്സപ്പെടുത്താതുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം. ഇതിൽ പനീർ, ടോഫു, പയർ, ബീൻസ് എല്ലാം ഉൾപ്പെടുന്നു. അത്താഴത്തിന് ശേഷം തൈര് കുടിക്കുന്ന ശീലമുണ്ടെങ്കിൽ ഉഴിവാക്കാം. തൈര് കഫം ഉണ്ടാക്കുകയും മറ്റ് ബുദ്ധിമുട്ടുകൾ ഉറങ്ങുന്ന സമയത്ത് പ്രകടമാകുകയും ചെയ്തേക്കാം. രാത്രിയിൽ ദഹനപ്രക്രിയ ഏറ്റവും കുറവായിരിക്കുന്നതിനാൽ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാവുന്നതാണ്. ലഘു ഭക്ഷണം ഉറങ്ങുന്നതിനു 2-3 മണിക്കൂർ മുൻപ് കഴിക്കുന്നതാണ് സുഖ ഉറക്കത്തിനും കൃത്യമായ ദഹനത്തിനും നല്ലത്.