ഓറഞ്ച് പ്രമേഹരോഗികള്‍ക്ക് കഴിക്കാമോ..?

 

 

ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. സമയത്ത് ചികിത്സിച്ച് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചാല്‍ ഒരു പരിധിവരെ പ്രമേഹം മൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ നമുക്ക് നിയന്ത്രിക്കാനാവും. പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാം, മധുരം കഴിക്കാമോ, തുടങ്ങി നിരവധി സംശയങ്ങളാണ് പ്രമേഹ രോഗികള്‍ക്കുള്ളത്.

അക്കൂട്ടത്തില്‍ ഉയരുന്ന ചോദ്യമാണ് പ്രമേഹരോഗികള്‍ക്ക് ഓറഞ്ച് കഴിക്കാമോ എന്നത്. സിട്രസ് വിഭാഗത്തിലുള്ള ഫലമാണ് 'ഓറഞ്ച്'. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും കൂടി സ്രോതസാണ്. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഓറഞ്ച് ഉത്തമമാണ്. ഓറഞ്ചിലുള്ള ഫൈബറുകൾ അൾസറും മലബന്ധവും തടയുന്നു. നാരുകളാൽ സമ്പുഷ്ടമായതുകൊണ്ട് കൊളസ്ട്രോൾ നിയന്ത്രിക്കാനും ഓറഞ്ചിന് സാധിക്കും.

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് പ്രമേഹരോഗികളും കഴിക്കേണ്ടത്. ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഓറഞ്ച് പ്രമേഹരോഗികള്‍ക്ക് കഴിക്കാം. അതുപോലെ തന്നെ, ആസിഡ് അംശമുള്ള പഴങ്ങള്‍ പൊതുവേ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്.

ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ഇവ ആരോഗ്യത്തിനും ഉത്തമമാണ്. കൂടാതെ ഓറഞ്ചിന്‍റെ  ഗ്ലൈസമിക് സൂചികയും കുറവാണ്. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഓറഞ്ച് കഴിക്കാവുന്നതാണ്. ജ്യൂസായി കുടിക്കുന്നതിലും നല്ലത് ഇവ വെറുതെ കഴിക്കുന്നതാണ്.