ജീവിതത്തിൽ എപ്പോഴെങ്കിലും ഇത് അനുഭവിച്ചിട്ടുണ്ടോ? ആദ്യമായി ഒരു സ്ഥലം കാണുമ്പോഴും ഇവിടെ മുൻപ് വന്നിട്ടുണ്ടെന്ന് തോന്നും! എന്താണ് ദേജാ വു?

മുമ്പ് എപ്പോഴോ കണ്ടതുപോലെയോ അനുഭവിച്ചതുപോലെയോ ഉള്ള ഒരു തോന്നൽ പെട്ടെന്ന് നിങ്ങളുടെ മനസ്സിലേക്ക് വരാറുണ്ടോ? എത്ര ആലോചിച്ചിട്ടും അതെവിടെയാണെന്ന് ഓർത്തെടുക്കാൻ കഴിയാതെ വരാറില്ലേ? നമ്മുടെ തലച്ചോറിനെപ്പോലും അമ്പരപ്പിക്കുന്ന ഈ പ്രതിഭാസത്തിന് പിന്നിൽ ഒരു വ്യക്തമായ കാരണമുണ്ട്.

 

മുമ്പ് എപ്പോഴോ കണ്ടതുപോലെയോ അനുഭവിച്ചതുപോലെയോ ഉള്ള ഒരു തോന്നൽ പെട്ടെന്ന് നിങ്ങളുടെ മനസ്സിലേക്ക് വരാറുണ്ടോ? എത്ര ആലോചിച്ചിട്ടും അതെവിടെയാണെന്ന് ഓർത്തെടുക്കാൻ കഴിയാതെ വരാറില്ലേ? നമ്മുടെ തലച്ചോറിനെപ്പോലും അമ്പരപ്പിക്കുന്ന ഈ പ്രതിഭാസത്തിന് പിന്നിൽ ഒരു വ്യക്തമായ കാരണമുണ്ട്.

നിങ്ങൾ നിലവിൽ കാണുകയോ അനുഭവിക്കുകയോ ചെയ്യുന്ന ഒരു കാര്യം ഇതിനോടകം കണ്ടിട്ടുണ്ട് എന്ന തോന്നലാണ് ദേജാ വു (Déjà vu). എന്നാൽ യഥാർത്ഥത്തിൽ നിങ്ങൾ അത് കണ്ടിട്ടില്ല എന്ന അറിവും ഇതിനൊപ്പമുണ്ടാകുന്നത് കൊണ്ടാണ് പലർക്കും ഈ അനുഭവം പെട്ടെന്ന് ഞെട്ടലുണ്ടാക്കുന്നത്. ഫ്രഞ്ച് ഭാഷയിൽ, ദേജാ വു എന്ന വാക്കിന്റെ അർത്ഥം “ഇതിനകം കണ്ടത്” എന്നാണ്.

മസ്തിഷ്കത്തിലെ ഒരു ചെറിയ ‘ഗ്ലിച്ച്’ (തകരാർ) ആണ് ദേജാ വു എന്ന് കരുതപ്പെടുന്നു. ഇത് രണ്ട് ചിന്താധാരകൾ കൂട്ടിമുട്ടുന്നതിന് തുല്യമാണ്. നിലവിലെ സാഹചര്യത്തെ തിരിച്ചറിയുന്നതിന്റെ അനുഭവവും, എന്നാൽ ഇത് തെറ്റായ ഓർമ്മപ്പെടുത്തലാണ് എന്ന തോന്നലും, ഇങ്ങനെ രണ്ട് ധാരകളായി കൂട്ടിയിടിക്കുന്നതിന്റെ ഫലമായി ഡെജാ വു സംഭവിക്കാം.

ചില സമയങ്ങളിൽ, ഇത് ‘സ്പ്ലിറ്റ് പെർസെപ്ഷൻ’ (വിഭജിക്കപ്പെട്ട ധാരണ) എന്ന പ്രതിഭാസത്തിന്റെ ഫലമായി സംഭവിക്കാം. ശ്രദ്ധ വ്യതിചലിക്കുകയോ കാഴ്ചയ്ക്ക് തടസ്സമുണ്ടാവുകയോ ചെയ്യുമ്പോൾ ഒരാൾ ഒരു കാഴ്ച രണ്ടുതവണ പ്രോസസ്സ് ചെയ്യുമ്പോൾ ഇങ്ങനെ സംഭവിക്കാം. ആദ്യത്തെ അനുഭവം ഭാഗികമായി മാത്രം പ്രോസസ്സ് ചെയ്യുകയും, അതിനുശേഷം ഉടൻ ഉണ്ടാകുന്ന രണ്ടാമത്തെ ധാരണ നമ്മൾ ബോധപൂർവ്വം അനുഭവിക്കുകയും ചെയ്യുമ്പോൾ, ആദ്യത്തെ അനുഭവം അപരിചിതമായി തോന്നാം.

ലോകത്തിൽ ജീവിക്കുന്ന 60 ശതമാനത്തിലധികം പേർക്കും ഈയൊരു പ്രതിഭാസം സംഭവിക്കാറുണ്ട്. നമ്മൾ കാണുന്നതും കേൾക്കുന്നതുമായ സംഭവങ്ങളാണ് യാഥാർത്ഥ്യം എന്ന് പറയുന്നത്. ആ ഒരു യാഥാർത്ഥ്യത്തിലേക്ക് സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങൾ നമുക്ക് സംഭവിച്ചതായി തോന്നുന്നുവെങ്കിൽ തീർച്ചയായും അതിന് പിന്നിൽ ചില കാരണങ്ങളുണ്ടാകും.

മിക്കപ്പോഴും ഡെജാ വു ഒരു മാനസിക രോഗത്തിന്റെ ലക്ഷണമല്ല. എങ്കിലും ചില ഘടകങ്ങൾ ഇതിന് കാരണമാകാം:

    സമ്മർദ്ദവും ക്ഷീണവും (Stress and Fatigue): ക്ഷീണമുള്ളവരും സമ്മർദ്ദമുള്ളവരുമാണ് ഡെജാ വുവിന്റെ എപ്പിസോഡുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. കാരണം, ക്ഷീണവും സമ്മർദ്ദവും ദീർഘകാല, ഹ്രസ്വകാല ഓർമ്മകളെ ബാധിക്കാൻ സാധ്യതയുണ്ട്.
    അമിത ഡോപാമൈൻ (Excess Dopamine): മസ്തിഷ്കത്തിൽ ഡോപാമൈനിന്റെ അളവ് കൂടുന്നത് ഡെജാ വുവിന് കാരണമാകാമെന്ന് ഒരു സിദ്ധാന്തമുണ്ട്. ഇൻഫ്ലുവൻസ ചികിത്സയ്ക്കായി അമാന്റഡിൻ (amantadine), പ്രോയിൻ (Proin) എന്നീ മരുന്നുകൾ കഴിച്ച ഒരാൾക്ക് മണിക്കൂറിൽ നിരവധി ഡെജാ വു അനുഭവങ്ങൾ ഉണ്ടായ ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരുന്നുകൾ നിർത്തിയപ്പോൾ ഈ അനുഭവങ്ങൾ നിലച്ചു. ഈ രണ്ട് മരുന്നുകളും ഡോപാമൈൻ സിസ്റ്റത്തിൽ പ്രവർത്തിക്കുന്നതിനാൽ, ഡോപാമൈൻ സിസ്റ്റത്തിലെ അധിക അളവാണ് ഇതിന് കാരണമെന്ന് കരുതുന്നു

പതിവായി ഡെജാ വു അനുഭവിക്കുന്നവരിൽ, അല്ലാത്തവരെ അപേക്ഷിച്ച് ഗ്രേ മാറ്റർ (Grey matter) കുറവായി കാണപ്പെടുന്നു. മസ്തിഷ്കത്തിന്റെ ഏറ്റവും പുറമെയുള്ള പാളിയായ ഗ്രേ മാറ്ററാണ് ചലനം, ഓർമ്മ, വികാരങ്ങൾ എന്നിവയെ നിയന്ത്രിക്കുന്നത്. സാധാരണയായി, ഗ്രേ മാറ്റർ കൂടുതലുള്ള മസ്തിഷ്കമാണ് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കുന്നത്.

എപ്പിലെപ്സിയുമായി (അപസ്മാരം) ഡെജാ വുവിന് അടുത്ത ബന്ധമുണ്ട്. പ്രത്യേകിച്ച്, ‘സിമ്പിൾ പാർട്ടിയൽ സീഷറുകൾ’ (focal onset aware seizures) എന്നറിയപ്പെടുന്ന അപസ്മാരത്തിന്റെ ഒരു തരം ടെമ്പറൽ ലോബിനെ ബാധിക്കുമ്പോൾ ഡെജാ വു സാധാരണയായി സംഭവിക്കാറുണ്ട്.

ആരോഗ്യവാന്മാരായ ഭൂരിഭാഗം ആളുകൾക്കും ഡെജാ വു ഒരു നിമിഷത്തെ ആശയക്കുഴപ്പത്തിനപ്പുറം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നില്ല. എങ്കിലും, നിങ്ങൾക്ക് ആഴ്ചയിൽ ഏതാനും തവണയെങ്കിലും ഡെജാ വുവിന്റെ അനുഭവം പതിവായി ഉണ്ടാകുന്നുണ്ടെങ്കിൽ, എപ്പിലെപ്സിയോ മറ്റ് ന്യൂറോളജിക്കൽ അവസ്ഥകളോ ഉണ്ടോ എന്ന് പരിശോധിക്കാൻ ഒരു ന്യൂറോളജിസ്റ്റിനെ കാണുന്നത് ഉചിതമാണ്.