അറിയാം കറിവേപ്പിലയുടെ ഔഷധമൂല്യം !

 

ഇഞ്ചിയും കറിവേപ്പിലയും അണിയറയിൽ നിൽക്കുന്നവരാണ്. ഓരോ വിഭവത്തിനും പ്രത്യേക വാസനയും രുചിയും സമ്മാനിച്ചു നിശബ്‌ദം കഴിയുന്നവർ. ആവശ്യമില്ലാത്തതിനെല്ലാം ‘കറിവേപ്പില പോലെ’ എന്നാണ് വിശേഷണം. എന്നാൽ എടുത്തുകളയാനുള്ളതാണോ കറിവേപ്പില? അല്ലേയല്ല. നാരുകൾ, വിറ്റമിനുകൾ, ധാതുക്കൾ എന്നിങ്ങനെ നമുക്കു ഗുണമുള്ള വസ്‌തുക്കൾ ഒട്ടേറെയുണ്ട് കറിവേപ്പിലയിൽ. മോരിൽ കറിവേപ്പില അരച്ചുചേർത്ത സംഭാരം ദഹനപ്രശ്‌നങ്ങൾ മാറാൻ നല്ലതാണ്.

കറിവേപ്പിലയിട്ടു ചൂടാക്കിയ എണ്ണ മുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. അകാല നര തടയാനും ഇതു നന്നെന്ന് ആരോഗ്യവിദഗ്‌ധർ പറയുന്നു. കറിവേപ്പില ചവച്ചു വെള്ളം കൊണ്ടു കുലുക്കുഴിയുന്നത് ഒന്നാന്തരം മൗത്ത് വാഷുമാണ്. ഇലകൾ അരച്ചു കഴിക്കുന്നത് ഛർദി മാറാൻ സഹായിക്കും. നീരെടുത്തു കഴിക്കുകയുമാവാം. ആയുർവേദത്തിൽ വിവിധ ഔഷധങ്ങളുടെ ഭാഗമാണു കറിവേപ്പില.