രണ്ടാഴ്ചയായിട്ടും ചുമ മാറുന്നില്ലേ? നിസ്സാരമാക്കരുത്, കാരണം അറിയണം!
കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം പനിയും നീണ്ടുനിൽക്കുന്ന ചുമയും പിടിപെടുന്നവരുടെ എണ്ണം സമൂഹത്തിൽ ആശങ്കജനകമായ രീതിയിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങനെയൊക്കെയുള്ള ജാഗ്രതാ നിർദ്ദേശങ്ങളാണ് ഇതിനായി പാലിക്കേണ്ടത്
കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം പനിയും നീണ്ടുനിൽക്കുന്ന ചുമയും പിടിപെടുന്നവരുടെ എണ്ണം സമൂഹത്തിൽ ആശങ്കജനകമായ രീതിയിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങനെയൊക്കെയുള്ള ജാഗ്രതാ നിർദ്ദേശങ്ങളാണ് ഇതിനായി പാലിക്കേണ്ടത് എന്ന് പരിശോധിക്കാം.തൊണ്ടയിലെ കടുത്ത അണുബാധയും നിർത്താതെയുള്ള ചുമയും പലരുടെയും ശബ്ദം പോലും ദിവസങ്ങളോളം നഷ്ടമാകുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട് . സാധാരണ ഒരാഴ്ചത്തേക്ക് മരുന്ന് നൽകിയിരുന്ന ഡോക്ടർമാരിപ്പോൾ രണ്ടാഴ്ചയോ അതിൽ കൂടുതലോ കാലത്തേക്ക് മരുന്നുകൾ കുറിച്ചു നൽകേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പ്രായമായവരിലും കുട്ടികളിലുമാണ് ഈ ചുമ ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. പനി വന്നാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മാറുന്നുണ്ടെങ്കിലും, അതിന് പിന്നാലെ വരുന്ന കടുത്ത ക്ഷീണം വിട്ടുമാറാൻ ആഴ്ചകൾ വേണ്ടിവരുന്നു. പനിക്കും ചുമയ്ക്കും പിന്നാലെ പലയിടങ്ങളിലും വയറിളക്കവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. വേനൽ കടുത്തതോടെ കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണമായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കൃത്യമായ രോഗനിർണ്ണയം നടത്താതെ വൈറൽ പനിയെന്ന് കരുതി തള്ളുന്നത് അപകടമാണെന്നും മുന്നറിയിപ്പുണ്ട്.
ചുമ തുടങ്ങിയാലുടൻ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് സ്വന്തം നിലയ്ക്ക് മരുന്നുകളും കഫ് സിറപ്പുകളും വാങ്ങി കഴിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. രോഗാവസ്ഥ കടുക്കുമ്പോൾ മാത്രം ഡോക്ടറെ സമീപിക്കുന്നത് ശരീരത്തിൽ ‘സെക്കൻഡറി ഇൻഫെക്ഷനുകൾക്ക്’ കാരണമാകും. ചുമ കടുത്താൽ എക്സ്-റേ, പൾമനറി ഫംഗ്ഷൻ ടെസ്റ്റ് തുടങ്ങിയ പരിശോധനകൾ ആവശ്യമായി വരും. മൂന്നാഴ്ച പിന്നിട്ടും ചുമ നീണ്ടുനിൽക്കുകയാണെങ്കിൽ ഒരു പൾമനോളജിസ്റ്റിനെ കണ്ട് വിദഗ്ധ ചികിത്സ തേടാൻ മറക്കരുത്. കൃത്യസമയത്തെ ചികിത്സ കൊണ്ട് മാത്രമേ ശ്വാസകോശ സംബന്ധമായ വലിയ ആഘാതങ്ങളിൽ നിന്ന് രക്ഷനേടാൻ സാധിക്കൂ.