കൊച്ചിൻ കാൻസർ റിസർച്ച്‌ സെന്ററിന്റെ  പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ 159 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനം

 

 കൊച്ചിൻ കാൻസർ റിസർച്ച്‌ സെന്ററിന്റെ (CCRC) പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 159 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികകളും ഉൾപ്പെടെയാണിതെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു.

 ആശുപത്രി വിപുലീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കാവശ്യമായ ജീവനക്കാരെ സംബന്ധിച്ച്‌ പഠിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ പരിഗണിച്ചാണ് ഈ നിർണ്ണായക തീരുമാനം. റീജിയണൽ കാൻസർ സെന്റർ (RCC), മലബാർ കാൻസർ സെന്റർ (MCC) എന്നിവയുടെ സ്റ്റാഫ് പാറ്റേൺ മാതൃകയാക്കിയാണ് കൊച്ചിയിലും തസ്തികകൾ നിശ്ചയിച്ചിരിക്കുന്നത്.

നൂറ് ബെഡുകളുമായി കാൻസർ സെന്ററിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഈ നിയമനങ്ങൾ. എട്ട് പ്രൊഫസർ തസ്തികകളും 28 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളും പുതുതായി സൃഷ്ടിച്ചവയിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ നഴ്സിംഗ് സൂപ്രണ്ട് മുതൽ സിസ്റ്റം മാനേജർ വരെയുള്ള 18 നോൺ-അക്കാദമിക് വിഭാഗങ്ങളിലായി 91 സ്ഥിരം നിയമനങ്ങളും, മറ്റ് 14 വിഭാഗങ്ങളിലായി 68 താത്കാലിക നിയമനങ്ങളും നടക്കും. ഇതോടെ കൊച്ചിൻ കാൻസർ സെന്ററിന്റെ ഒന്നാം ഘട്ടത്തിന് ആവശ്യമായ മുഴുവൻ തസ്തികകളും നിലവിൽ വന്നതായും മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി വ്യക്തമാക്കി.